ലോകത്തിലെ ആദ്യ തല മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയം; അവകാശവാദവുമായി ഇറ്റാലിയന്‍ ശാസ്ത്രജ്ഞന്‍
World
ലോകത്തിലെ ആദ്യ തല മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയം; അവകാശവാദവുമായി ഇറ്റാലിയന്‍ ശാസ്ത്രജ്ഞന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 19th November 2017, 8:11 am

 

ന്യൂദല്‍ഹി: ലോകത്തിലെ ആദ്യത്തെ തല മാറ്റിവെക്കല്‍ ശസത്രക്രിയ വിജയകരമെന്ന് റിപ്പോര്‍ട്ട്. ഇറ്റാലിയന്‍ ശാസ്ത്രജ്ഞനായ സെര്‍ജിയോ കാനവെരോയാണ് ലോകത്തിലെ ആദ്യ തലമാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയത്.

ചൈനയിലെ ഹാര്‍ബിന്‍ മെഡിക്കല്‍ സര്‍വ്വകലാശാലയിലെ ഡോ ഷ്യോപിങ് റെനിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തലമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയതെന്നും ഇത് വിജയകരമായി പൂര്‍ത്തിയാക്കിയെന്നും “ദി ടെലിഗ്രാഫും” റിപ്പോര്‍ട്ട് ചെയ്തു.

18 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയാണ് വിജയകരമായി പൂര്‍ത്തിയായതെന്നും, രണ്ട് ആളുകളുടെ നട്ടെല്ലും, രക്തക്കുഴലുകളും, നാഡികളും തമ്മില്‍ ബന്ധിപ്പിക്കാന്‍ സാധിച്ചിട്ടുണ്ടെന്നുമാണ് കാനവെരോയുടെ അവകാശവാദം. ഡോ ഷ്യോപിങിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം നടത്തിയ കുരങ്ങന്റെ തലമാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായിരുന്നു.


Also Read: മാനുഷിയുടെ ലോക സുന്ദരികിരീടം ബേട്ടി ബച്ചാവോക്ക് അര്‍ഹതപ്പെട്ടത്’; അവകാശവാദവുമായി ഹരിയാന മന്ത്രി കവിതാ ജെയ്ന്‍


ശസ്ത്രക്രിയക്ക് ശേഷം നാഡികളിലുണ്ടായ വൈദ്യുത ഉത്തേജനം ശസ്ത്രക്രിയ വിജയിച്ചതിന് തെളിവാണെന്നും കാനവെരോ അവകാശപ്പെട്ടു. ടുറിന്‍ അഡ്വാന്‍സ്ഡ് ന്യൂറോമോഡുലേഷന്‍ ഗ്രൂപ്പിന്റെ ഡയറക്ടറായ സെര്‍ജിയോ കാനവേരോ മെഡിക്കല്‍ സംഘവുമായി സഹകരിച്ചു പ്രവര്‍ത്തിച്ചയാളാണെന്നും ടെലിഗ്രാഫ് റിപ്പോര്‍ട്ടില്‍ പറയുന്നു.

താമസിയാതെ തന്നെ കഴുത്തിന് താഴേയ്ക്ക് തളര്‍ന്നുപോയ ജീവനുള്ളയാളുകളില്‍ ശസ്ത്രക്രിയ പരീക്ഷിക്കാനൊരുങ്ങുകയാണെന്നും ഉടന്‍ തന്നെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഒരു സര്‍ജിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച് വരുമെന്നും കാനവേരോ പറഞ്ഞു.