| Thursday, 24th February 2022, 11:09 am

ഉക്രൈനെതിരായ നടപടിയെ ന്യായീകരിക്കാനാവില്ല, പൂര്‍ണ ഉത്തരവാദിത്തം റഷ്യയ്ക്ക്; സൈനിക നീക്കത്തെ അപലപിച്ച് ബൈഡന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍ :ഉക്രൈനെതിരായ ആക്രമണത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം റഷ്യക്കാണെന്നും ആക്രമണത്തില്‍ റഷ്യ കണക്കുപറയേണ്ടി വരുമെന്നും യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍. യുദ്ധം ‘വിനാശകരമായ ജീവഹാനി’ക്ക് വഴിയൊരുക്കുമെന്നും ബൈഡന്‍ മുന്നറിയിപ്പ് നല്‍കി.

ഉക്രൈനില്‍ സൈനിക നടപടികള്‍ ആരംഭിക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ പുറത്തിറക്കിയ പ്രസ്താവനയിലാണ് രാജ്യത്തെ പിന്തുണച്ച് യു.എസ് രംഗത്തെത്തിയത്. പ്രകോപനരഹിതവും ന്യായരഹിതവുമാണ് റഷ്യയുടെ നടപടിയെന്നും ബൈഡന്‍ പറഞ്ഞു.

റഷ്യന്‍ സൈനിക സേനയുടെ പ്രകോപനരഹിതവും ന്യായരഹിതവുമായ ആക്രമണം നേരിടുന്ന ഉക്രൈനിലെ ജനങ്ങള്‍ക്കൊപ്പമാണ് ഇന്ന് രാത്രി മുഴുവന്‍ ലോകത്തിന്റെയും പ്രാര്‍ത്ഥനകള്‍. പ്രസിഡന്റ്് പുടിന്‍ മുന്‍കൂട്ടി നിശ്ചയിച്ച യുദ്ധം തെരഞ്ഞെടുത്തു, അത് വിനാശകരമായ ജീവഹാനിയും മനുഷ്യ ദുരിതവും ഉണ്ടാക്കും, ബൈഡന്‍ പറഞ്ഞു.

‘ഈ ആക്രമണം വരുത്തുന്ന മരണത്തിനും നാശത്തിനും റഷ്യ മാത്രമാണ് ഉത്തരവാദി, അമേരിക്കയും അതിന്റെ സഖ്യകക്ഷികളും ഐക്യത്തോടെ നിര്‍ണ്ണായകവുമായ രീതിയില്‍ ഇതിനെതിരെ പ്രതികരിക്കും. ലോകം റഷ്യയെ ഉത്തരവാദിയാക്കും’, ബൈഡന്‍ ട്വിറ്റററില്‍ കുറിച്ചു.

റഷ്യ-ഉക്രൈന്‍ സാഹചര്യം വിലയിരുത്താനായി ബ്രിട്ടന്‍, കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കള്‍ പങ്കെടുക്കുന്ന വിര്‍ച്വല്‍ ക്ലോസ്ഡ് ഡോര്‍ മീറ്റിങ്ങിലും ബൈഡന്‍ പങ്കെടുക്കുന്നുണ്ട്.

റഷ്യന്‍ ബാങ്കുകള്‍ക്കടകം ഉപരോധമേര്‍പ്പെടുത്താനുള്ള യൂറോപ്യന്‍രാജ്യങ്ങളുടെ നടപടിയില്‍ യു.എസ് പിന്തുണ രേഖപ്പെടുത്തിയിട്ടുണ്ട്.

റഷ്യയില്‍ നിന്ന് ജര്‍മ്മനിയിലേക്കുള്ള നോര്‍ഡ് സ്ട്രീം 2 പ്രകൃതിവാതക പൈപ്പ്‌ലൈനിന് ഉപരോധം ഏര്‍പ്പെടുത്തുന്നതായി ബുധനാഴ്ച ബൈഡന്‍ പ്രഖ്യാപിച്ചിരുന്നു. മോസ്‌കോയിലെ ഏറ്റവും ഉയര്‍ന്ന ഊര്‍ജ്ജ പദ്ധതികളില്‍ ഒന്നാണ് ഇത്. പദ്ധതി തുടരുന്നത് തടയുമെന്ന് ജര്‍മ്മനിയും നേരത്തെ പ്രഖ്യാപിച്ചിരുന്നു.

അതിനിടെ റഷ്യ ഉക്രൈന് മേല്‍ ആക്രമണം നടത്തുന്നുണ്ടെന്നും രാജ്യം യുദ്ധസമാന സാഹചര്യത്തിലേക്ക് കടന്നതായും ഉക്രൈന്‍ വിദേശകാര്യ മന്ത്രി സ്ഥിരീകരിച്ചിട്ടുണ്ട്. വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ ട്വീറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

‘ഉക്രൈന് മേല്‍ സമ്പൂര്‍ണ അധിനിവേശത്തിനുള്ള നീക്കം റഷ്യ ആരംഭിച്ചു കഴിഞ്ഞു. സമാധാനപരമായി നീങ്ങുന്ന ഉക്രൈന്‍ നഗരങ്ങള്‍ ആക്രമണത്തിന്റെ ഭീഷണിയിലാണ്. ഇത് അതിര്‍ത്തി കടന്ന് റഷ്യ നടത്തുന്ന ആക്രമണത്തിന്റെ യുദ്ധമാണ്. ഉക്രൈന്‍ സ്വയം പ്രതിരോധിക്കുകയും വിജയിക്കുകയും ചെയ്യും. ലോകത്തിന് പുടിനെ തടയാനാവും, അവരത് ചെയ്യണം. പ്രവര്‍ത്തിക്കേണ്ട സമയം ഇതാണ്,” ദിമിത്രോ കുലേബ ട്വീറ്റില്‍ പറഞ്ഞു.

തലസ്ഥാനമായ കീവിലടക്കം ഉക്രൈനിലെ ആറ് പ്രദേശങ്ങളില്‍ റഷ്യയുടെ ഷെല്ലാക്രമണം നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.
ഉക്രൈനിലെ ക്രമറ്റോസ്‌കില്‍ റഷ്യ വ്യോമാക്രമണം നടത്തുന്നതായും വിവരമുണ്ട്.

ഉക്രൈനില്‍ മിലിറ്ററി ഓപ്പറേഷന് ഉത്തരവിട്ടതായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ വ്യാഴാഴ്ച രാവിലെ വ്യക്തമാക്കിയിരുന്നു. ഉക്രൈന്‍ സൈന്യം ആയുധങ്ങള്‍ താഴെ വെച്ച് കീഴടങ്ങണമെന്നും അല്ലാത്തപക്ഷം തിരിച്ചടിയുണ്ടാകുമെന്നും പുടിന്‍ പറഞ്ഞു.

ഉക്രൈന്റെ കിഴക്കന്‍ മേഖലയായ ഡോണ്‍ബാസിലെ വിഘടനവാദികളെ നേരിടുന്നതിന് വേണ്ടിയാണ് പ്രത്യേക സൈനിക ഓപ്പറേഷന്‍, എന്നാണ് പുടിന്റെ വാദം. അതേസമയം, വിഷയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ യു.എന്‍ രക്ഷാസമിതിയുടെ അടിയന്തരയോഗം ഇന്ന് ചേരുന്നുണ്ട്.

Content Highlight: World Will Hold Russia Accountable”: Biden Condemns Attack On Ukraine

We use cookies to give you the best possible experience. Learn more