സൂര്യയെ നായകനാക്കി ശിവ സംവിധാനം ചെയ്ത കങ്കുവ ഇന്നലെ (നവംബര്‍ 14) ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ എത്തിയിരുന്നു. ചിത്രത്തിന് ലഭിച്ച ആദ്യ ദിന ആഗോള കളക്ഷന്റെ വിവരങ്ങള്‍ ഇപ്പോള്‍ ഔദ്യോഗികമായി പുറത്തുവന്നു. 58 കോടി 62 ലക്ഷം രൂപയാണ് ആഗോള ഗ്രോസ് ആയി ചിത്രം ആദ്യ ദിവസം നേടിയത്. സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ആദ്യ ദിന വേള്‍ഡ് വൈഡ് ഗ്രോസ് ആണ് കങ്കുവ നേടിയിരിക്കുന്നത്.
വമ്പന്‍ ബഡ്ജറ്റില്‍ പിരീഡ് ആക്ഷന്‍ ഡ്രാമയായി ഒരുങ്ങിയ ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന് ആണ് കേരളത്തിലെ അഞ്ഞൂറോളം സ്ക്രീനുകളിലെത്തിച്ചത്. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ.ഇ ജ്ഞാനവേല്‍ രാജ, യു.വി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
ബോളിവുഡ് താരം ബോബി ഡിയോള്‍ വില്ലന്‍ വേഷം ചെയ്ത ചിത്രത്തിലെ നായികായി എത്തിയത് ദിശ പട്ടാണിയാണ്. യോഗി ബാബു, കെ.എസ് രവികുമാര്‍, നടരാജന് സുബ്രമണ്യം, ആനന്ദ് രാജ്, വസുന്ധര കശ്യപ്, റെഡിന് കിങ്സ്ലി, കോവൈ സരള എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.
മദന്‍ കര്‍ക്കി, ആദി നാരായണ, സംവിധായകന് ശിവ എന്നിവര്‍ ചേര്‍ന്ന് തിരക്കഥയൊരുക്കിയ ചിത്രം, 1500 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടക്കുന്ന കഥയാണ് പറയുന്നത്. പഴയ കാലഘത്തിലും പുതിയ കാലഘട്ടത്തിലുമായി കഥാ പശ്ചാത്തലമൊരുക്കി, രണ്ട് ഭാഗങ്ങളായി കഥ പറയുന്ന ചിത്രത്തില്‍ സൂര്യ ഇരട്ട വേഷത്തിലാണ് അഭിനയിച്ചിരിക്കുന്നത്.