ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റില്‍ പത്ത് വിക്കറ്റിന്റെ മികച്ച വിജയം നേടിയ ഓസ്‌ട്രേലിയ പരമ്പരയില്‍ 1-1ന് ഒപ്പമെത്തിയിരിക്കുകയാണ്. പരമ്പരയില്‍ ഇന്ത്യക്കുണ്ടായിരുന്ന മേല്‍ക്കൈ അവസാനിപ്പിച്ച ഓസ്‌ട്രേലിയ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയിലും ഇന്ത്യയുടെ അപ്രമാദിത്യത്തിന് തടയിട്ടു.
അഡ്‌ലെയ്ഡില്‍ വിജയിച്ചതിന് പിന്നാലെ മൂന്നാം സ്ഥാനത്ത് നിന്നും ഒന്നാം സ്ഥാനത്തേക്ക് കയറിയാണ് ഓസ്‌ട്രേലിയ ഇന്ത്യന്‍ ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുന്നത്. ഇന്ത്യയാകട്ടെ ഒന്നാമത് നിന്നും മൂന്നാം സ്ഥാനത്തേക്കും പടിയിറങ്ങി.
ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനടത്തിലെ രണ്ടാം ടെസ്റ്റിന് പിന്നാലെ ഇന്ത്യയുടെ പി.സി.ടി 57.29ലേക്ക് വീണപ്പോള്‍ ഓസ്‌ട്രേലിയ തങ്ങളുടെ പോയിന്റ് ശതമാനം 60.71 ആയി വര്‍ധിപ്പിച്ചു.
എന്നാല്‍ ഓസ്ട്രേലിയയുടെ ഒന്നാം സ്ഥാനം അത്ര കണ്ട് സെയ്ഫല്ല. ഡിസംബര്‍ 14ന് നടക്കുന്ന പരമ്പരയിലെ മൂന്നാം ടെസ്റ്റിന് മുമ്പ് തന്നെ ഓസീസിന്റെ ഒന്നാം സ്ഥാനം നഷ്ടപ്പെടാന്‍ സാധ്യതകളേറെയാണ്. നിലവില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന തെംബ ബാവുമയും സംഘവുമാണ് ഒസ്‌ട്രേലിയക്ക് മുമ്പില്‍ വിലങ്ങുതടിയായി നില്‍ക്കുന്നത്.
നിലവില്‍ 59.62 ആണ് സൗത്ത് ആഫ്രിക്കയുടെ പോയിന്റ് പേര്‍സെന്റേജ്.
ശ്രീലങ്കക്കെതിരെ സെന്റ് ജോര്‍ജ്സ് ഓവലില്‍ നടക്കുന്ന മത്സരത്തില്‍ വിജയിക്കാന്‍ സാധിച്ചാല്‍ പരമ്പര ക്ലീന്‍ സ്വീപ് ചെയ്ത് വിജയിക്കുന്നതിനൊപ്പം വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താനും പ്രോട്ടിയാസിന് സാധിക്കും.
ഇപ്പോള്‍ നടക്കുന്ന ശ്രീലങ്ക – സൗത്ത് ആഫ്രിക്ക മത്സരത്തില്‍ ജയപരാജയങ്ങള്‍ വിലയിരുത്തി വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് ടേബിള്‍ പരിശോധിക്കാം.
സൗത്ത് ആഫ്രിക്ക ഇതുവരെ: ഒമ്പത് മത്സരത്തില്‍ നിന്നും അഞ്ച് ജയവും മൂന്ന് തോല്‍വിയും ഒരു സമനിലയും (പോയിന്റ് ഡിഡക്ട് ചെയ്യപ്പെട്ടിട്ടില്ല)
നിലവിലെ പോയിന്റ്: 64, പി.സി.ടി: 59.26
ശ്രീലങ്കക്കെതിരെ വിജയിച്ചാല്‍: പത്ത് മത്സരത്തില്‍ നിന്നും ആറ് ജയവും മൂന്ന് തോല്‍വിയും ഒരു സമനിലയും.
പോയിന്റ്: 76, പി.സി.ടി: 63.33
മത്സരം സമനിലയില്‍ അവസാനിച്ചാല്‍: പത്ത് മത്സരത്തില്‍ നിന്നും അഞ്ച് ജയവും മൂന്ന് തോല്‍വിയും രണ്ട് സമനിലയും
പോയിന്റ്: 68, പി.സി.ടി: 56.66
പരാജയപ്പെട്ടാല്‍: പത്ത് മത്സരത്തില്‍ നിന്നും അഞ്ച് ജയവും നാല് തോല്‍വിയും രണ്ട് സമനിലയും
പോയിന്റ്: 64, പി.സി.ടി: 53.33
(* കൂടുതല്‍ പോയിന്റുകള്‍ ഡിഡക്ട് ചെയ്യപ്പെടുകയോ, മത്സരം ടൈയില്‍ അവസാനിക്കുകയോ ചെയ്യുന്ന സാഹചര്യങ്ങള്‍ പരിഗണിക്കാതെ)
അതേസമയം, മത്സരം സമനിലയില്‍ അവസാനിച്ചാല്‍ പട്ടികയില്‍ പ്രോട്ടിയാസ് മൂന്നാം സ്ഥാനത്തേക്ക് വീഴുകയും ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക് കയറുകയും ചെയ്യും.
അതേസമയം, മത്സരത്തിന്റെ നാലാം ദിനം അവസാനിക്കുമ്പോള്‍ ലങ്കക്കും സൗത്ത് ആഫ്രിക്കക്കും തുല്യ സാധ്യതകളാണ് കല്‍പ്പിക്കുന്നത്. മത്സരത്തിന് ഒരു ദിവസം മാത്രം ശേഷിക്കെ സൗത്ത് ആഫ്രിക്കക്ക് വിജയിക്കാന്‍ അഞ്ച് വിക്കറ്റുകളാണ് ആവശ്യമുള്ളത്. സന്ദര്‍ശനത്തിനെത്തിയ ലങ്കക്കാകട്ടെ 95 ഓവറില്‍ 143 റണ്‍സ് നേടിയാല്‍ പ്രോട്ടിയാസിന്റെ ഒന്നാം ഡബ്ല്യൂ.ടി.സി പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനമെന്ന സ്വപ്‌നം തല്ലിക്കെടുത്താം.
സ്‌കോര്‍ (നാലാം ദിവസം അവസാനിക്കുമ്പോള്‍)
സൗത്ത് ആഫ്രിക്ക: 358 & 317
ശ്രീലങ്ക: 317 & 205/5 (T: 348)
മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റിങ് തെരഞ്ഞെടുത്ത പ്രോട്ടിയാസ് 358 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ടോട്ടല്‍ സ്വന്തമാക്കി. വിക്കറ്റ് കീപ്പര്‍ കൈല്‍ വെരായ്നെ (133 പന്തില്‍ 105*), റിയാന്‍ റിക്കല്‍ട്ടണ്‍ (250 പന്തില്‍ 101) എന്നിവരുടെ സെഞ്ച്വറി കരുത്തിലാണ് ആതിഥേയര്‍ മികച്ച സ്‌കോറിലെത്തിയത്. 78 റണ്‍സ് നേടിയ ക്യാപ്റ്റന്‍ തെംബ ബാവുമയും പ്രോട്ടിയാസ് നിരയില്‍ നിര്‍ണായകമായി.
ലീഡ് നേടാനുറച്ച് ആദ്യ ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ ലങ്ക 30 റണ്‍സകലെ കാലിടറി വീണു. പാതും നിസങ്ക (157 പന്തില്‍ 89), കാമിന്ദു മെന്‍ഡിസ് (92 പന്തില്‍ 48), ഏയ്ഞ്ചലോ മാത്യൂസ് (90 പന്തില്‍ 44), ദിനേഷ് ചണ്ഡിമല്‍ (97 പന്തില്‍ 44) എന്നിവരുടെ മികവിലാണ് ലങ്ക 328 റണ്‍സ് നേടിയത്.
30 റണ്‍സിന്റെ ലീഡുമായി ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്ക രണ്ടാം ഇന്നിങ്‌സിലും മികച്ച പ്രകടനം പുറത്തെടുത്തു. ക്യാപ്റ്റന്‍ തെംബ ബാവുമ (116 പന്തില്‍ 66), ഏയ്ഡന്‍ മര്‍ക്രം (75 പന്തില്‍ 55) എന്നിവരുടെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് പ്രോട്ടിയാസ് രണ്ടാം ഇന്നിങ്‌സില്‍ മികച്ച സ്‌കോര്‍ കണ്ടെത്തിയത്. ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (112 പന്തില്‍ 47), ഡേവിഡ് ബെഡ്ഡിങ്ഹാം (55 പന്തില്‍ 35) എന്നിവരും സ്‌കോറിങ്ങില്‍ നിര്‍ണായകമായി.
ഒടുവില്‍ 317 റണ്‍സിന് പുറത്തായ ആതിഥേയര്‍ 348 റണ്‍സിന്റെ വിജയലക്ഷ്യം ലങ്കക്ക് മുമ്പില്‍ വെച്ചു.
രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച ലങ്കക്ക് തുടക്കത്തിലേ ദിമുത് കരുണരത്‌നെയെ നഷ്ടമായെങ്കിലും പിന്നാലെയെത്തിയവര്‍ മോശമല്ലാത്ത പ്രകടനം പുറത്തെടുത്തതോടെ ലങ്ക ആത്മവിശ്വാസം വീണ്ടെടുത്തിരിക്കുകയാണ്.
56 പന്തില്‍ 39 റണ്‍സുമായി വിക്കറ്റ് കീപ്പര്‍ കുശാല്‍ മെന്‍ഡിസും 64 പന്തില്‍ 39 റണ്‍സുമായി ക്യാപ്റ്റന്‍ ധനഞ്ജയ ഡി സില്‍വയുമാണ് ക്രീസില്‍ തുടരുന്നത്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ തങ്ങളുടെ സാധ്യതകള്‍ സജീവമായി നിലനിര്‍ത്തണമെങ്കില്‍ ലങ്കക്കും വിജയം അനിവാര്യമാണ്.
Content Highlight: World Test Championship point table scenarios