| Sunday, 27th October 2024, 7:55 am

ഒന്നാമതുള്ള ഇന്ത്യ ഊരാക്കുടുക്കില്‍, ഏഴാമതുള്ള പാകിസ്ഥാന് വരെ ഫൈനല്‍ കളിക്കാം; സാധ്യതകളിങ്ങനെ

സ്പോര്‍ട്സ് ഡെസ്‌ക്

ന്യൂസിലാന്‍ഡിനെതിരായ രണ്ടാം മത്സരവും പരാജയപ്പെട്ട് പരമ്പര അടിയറവ് വെച്ചതോടെ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് ടേബിളിലും ഇന്ത്യക്ക് വന്‍ തിരിച്ചടിയേറ്റിരിക്കുകയാണ്. ഒന്നാം സ്ഥാനത്ത് തന്നെ തുടരുന്നുണ്ടെങ്കിലും പോയിന്റ് പട്ടികയില്‍ രോഹിത്തും സംഘവും പുലര്‍ത്തിയ മൃഗീയ ആധിപത്യം നഷ്ടമായിരിക്കുകയാണ്.

ഈ പരമ്പരക്ക് മുമ്പ് 71.67 എന്ന മികച്ച പോയിന്റ് ശതമാനത്തോടെയാണ് ഇന്ത്യ ഒന്നാം സ്ഥാനത്തുണ്ടായിരുന്നത്. ഓസ്ട്രേലിയയാകട്ടെ 62.50 ശതമാനത്തോടെ രണ്ടാം സ്ഥാനത്തും. എന്നാല്‍ പൂനെ ടെസ്റ്റിന് പിന്നാലെ ഇന്ത്യയുടെ പോയിന്റ് ശതമാനം 62.82ലേക്ക് കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. രണ്ടാമതുള്ള ഓസ്ട്രേലിയയേക്കാള്‍ വെറും 0.32 ശതമാനത്തിന്റെ മാത്രം മുന്‍തൂക്കം.

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ലക്ഷ്യമിടുന്ന ശ്രീലങ്കയും തൊട്ടുപിന്നാലെയുണ്ട്. ന്യൂസിലാന്‍ഡിനെ അക്ഷരാര്‍ത്ഥത്തില്‍ ഛിന്നഭിന്നമാക്കി, പരമ്പര വൈറ്റ് വാഷ് ചെയ്താണ് ലങ്ക ഫൈനല്‍ പ്രതീക്ഷകള്‍ സജീവമാക്കിയത്. 55.56 ആണ് ലങ്കയുടെ പോയിന്റ് ശതമാനം.

ഇതോടെ ഇനിയെന്ത് എന്ന ചോദ്യമാണ് ഇന്ത്യക്ക് മുമ്പിലുള്ളത്. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കണമെങ്കില്‍ ശേഷിക്കുന്ന മത്സരങ്ങളില്‍ എത്ര മത്സരം വിജയിക്കണമെന്നാണ് ആരാധകര്‍ പരസ്പരം ചോദിക്കുന്നത്.

ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ടെസ്റ്റ് ഉള്‍പ്പെടെ ആറ് മത്സരങ്ങളാണ് ഇന്ത്യക്ക് മുമ്പിലുള്ളത്. ഇതില്‍ അഞ്ച് മത്സരങ്ങളും ഓസ്‌ട്രേലിയന്‍ മണ്ണിലാണ് ഇന്ത്യ കളിക്കുക. ഇതില്‍ നാലിലും വിജയിച്ചാല്‍ മാത്രമേ ഇന്ത്യക്ക് മറ്റൊരു ടീമിന്റെയും ജയപരാജങ്ങളെ ആശ്രയിക്കാതെ ഫൈനല്‍ കളിക്കാന്‍ സാധിക്കൂ എന്നാണ് ക്രിക്ട്രാക്കര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇത്തവണത്തെ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയുടെ ആതിഥേയര്‍ തങ്ങളായതിനാലും കഴിഞ്ഞ രണ്ട് തവണ ഇന്ത്യ ഇവിടെയെത്തി പരമ്പര വിജയിച്ചതിനാലും 2015ന് ശേഷം ഒരിക്കല്‍പ്പോലും പരമ്പര നേടാന്‍ തങ്ങള്‍ക്ക് സാധിച്ചിട്ടില്ല എന്നതിനാലും ഈ പരമ്പരയില്‍ സമഗ്രാധിപത്യം പുലര്‍ത്തിയാല്‍ ഫൈനല്‍ സാധ്യതകള്‍ കൂടുതല്‍ തെളിയും എന്നതിനാലും ഒരു തരത്തിലുമുള്ള അഡ്വാന്റേജും ഇന്ത്യക്ക് നല്‍കാതെയായിരിക്കും ഓസ്‌ട്രേലിയ പിച്ച് ഒരുക്കുക.

ഫൈനല്‍ കളിക്കണമെങ്കില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാര്‍ക്കും ഒന്നിലധികം വിജയം അനിവാര്യമാണ്.

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഓരോ ടീമിന്റെയും സാധ്യതകള്‍

ഇന്ത്യ

ശേഷിക്കുന്ന ആറില്‍ നാല് മത്സരവും വിജയിച്ചാല്‍ നേരിട്ട് ഫൈനലിലേക്ക്. രണ്ടിലധികം മത്സരങ്ങളില്‍ പരാജയപ്പെട്ടാല്‍ മറ്റ് ടീമുകളുടെ ജയപരാജയങ്ങളെ ആശ്രയിച്ചാകും ഇന്ത്യയുടെ ഫൈനല്‍ എന്‍ട്രി.

ഓസ്‌ട്രേലിയ

ശേഷിക്കുന്ന ഏഴ് മത്സരത്തില്‍ നാലിലും വിജയിച്ചാല്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാര്‍ക്ക് ഫൈനല്‍ കളിക്കാം. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ കനത്ത പരാജയമേറ്റുവാങ്ങുകയോ ശ്രീലങ്കന്‍ പര്യടനത്തില്‍ തിരിച്ചടിയേല്‍ക്കുകയോ ചെയ്താല്‍ ഫൈനലിന് സാധ്യതകള്‍ മങ്ങും.

ശ്രീലങ്ക

ശേഷിക്കുന്ന നാലില്‍ മൂന്ന് മത്സരം വിജയിച്ചാല്‍ ശ്രീലങ്കക്കും ഫൈനല്‍ കളിക്കാന്‍ വഴിയൊരുങ്ങും. രണ്ട് മത്സരങ്ങളലില്‍ പരാജയപ്പെട്ടാല്‍, ഓസ്‌ട്രേലിയ ഇന്ത്യയെ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ വമ്പന്‍ മാര്‍ജിനില്‍ പരാജയപ്പെടുത്തിയാല്‍ മാത്രം സാധ്യത.

സൗത്ത് ആഫ്രിക്ക

ശേഷിക്കുന്ന അഞ്ച് മത്സരത്തില്‍ നാലിലും വിജയിക്കണം. ശ്രീലങ്കക്കെതിരായ ഹോം ടെസ്റ്റ് പരമ്പരയില്‍ സന്ദര്‍ശകരെ തോല്‍പിക്കുകയും, ഓസ്‌ട്രേലിയ ഇന്ത്യയോടും ശ്രീലങ്കയോടും പരാജയപ്പെട്ടാല്‍ പ്രോട്ടിയാസിനും തങ്ങളുടെ ആദ്യ ഡബ്ല്യൂ.ടി.സി ഫൈനല്‍ കളിക്കാം.

ന്യൂസിലാന്‍ഡ്

ശേഷിക്കുന്ന നാലില്‍ നാല് മത്സരവും മികച്ച രീതിയില്‍ വിജയിക്കണം. ഒപ്പം മറ്റ് ടീമുകളുടെ ജയപരാജയങ്ങള്‍ കണക്കിലെടുത്താല്‍ മാത്രം സാധ്യത.

ബംഗ്ലാദേശ്

മൂന്നില്‍ മൂന്നും വിജയിച്ചാല്‍ മാത്രം സാധ്യതകള്‍ വഴി തുറന്നേക്കും. സ്വന്തം ജയത്തിന് പുറമെ മറ്റ് ടീമുകളുടെ ജയപരാജയങ്ങളും കണക്കിലെടുത്താല്‍ മാത്രമേ കലാശപ്പോരാട്ടത്തിന് വഴിയൊരുങ്ങൂ.

ഇംഗ്ലണ്ട്

മൂന്ന് മത്സരത്തില്‍ മൂന്നിലും വിജയിക്കണം. മറ്റ് ടീമുകളുടെ ജയപരാജയങ്ങളും കൂട്ടിക്കിഴിച്ചാല്‍ മാത്രം നേരിയ സാധ്യതകള്‍.

പാകിസ്ഥാന്‍

ശേഷിക്കുന്ന നാല് മത്സരത്തില്‍ നാലിലും വിജയിക്കണം. ഒപ്പം മറ്റ് ടീമുകളുടെ ഫലങ്ങളെയും ആശ്രയിക്കണം.

വെസ്റ്റ് ഇന്‍ഡീസ്

ഇനിയുള്ള നാലില്‍ നാല് മത്സരവും വിജയിക്കണം. ഒപ്പം മറ്റുള്ളവരെയും ആശ്രയിക്കണം.

Content highlight: World Test Championship Final: Each team’s chances

We use cookies to give you the best possible experience. Learn more