വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലേക്കാണ് ഇന്ത്യ കണ്ണുവെക്കുന്നത്. അടുത്ത വര്‍ഷം ജൂണ്‍ 11 മുതല്‍ 15 വരെ നടക്കുന്ന കലാശപ്പോരാട്ടത്തിന് ക്രിക്കറ്റിന്റെ മക്കയായ ലോര്‍ഡ്‌സാണ് വേദിയാകുന്നത്.
വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ 2023-25 സൈക്കിളില്‍ തങ്ങളുടെ അവസാന പോരാട്ടങ്ങളിലേക്ക് കടക്കുകയാണ്. ഇനി കേവലം രണ്ട് പരമ്പരകള്‍ മാത്രമാണ് ഇന്ത്യക്ക് കളിക്കാനുള്ളത്. ഹോം കണ്ടീഷനിലെ തങ്ങളുടെ അവസാന പരമ്പര ന്യൂസിലാന്‍ഡിനെതിരെ കളിക്കുമ്പോള്‍ സൈക്കിളിലെ അവസാന പരമ്പരക്കായി ഇന്ത്യ ഓസ്‌ട്രേലിയയിലേക്ക് പറക്കും.
ഈ രണ്ട് പരമ്പരകളിലുമായി ഇന്ത്യ എട്ട് മത്സരങ്ങള്‍ കളിക്കും. ഇതില്‍ വെറും മൂന്നെണ്ണത്തില്‍ വിജയിച്ചാല്‍ ഇന്ത്യക്ക് ഫൈനല്‍ ബെര്‍ത്തുറപ്പിക്കാം.
ഫൈനലിലെ ഒരു ടീം ഇന്ത്യ തന്നെയാകുമെന്ന് ഏറെക്കുറെ ഉറപ്പാണ്. ഇന്ത്യ ഫൈനല്‍ കളിക്കാതിരിക്കണമെങ്കില്‍ മഹാത്ഭുതങ്ങള്‍ പലത് സംഭവിക്കേണ്ടി വരും.
തുടര്‍ച്ചയായ മൂന്നാം ഫൈനലിനാണ് ഇന്ത്യ തയ്യാറെടുക്കുന്നത്. 2019-21 സൈക്കിളില്‍ പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനക്കാരായി ഫൈനലില്‍ പ്രവേശിച്ച ഇന്ത്യ അടുത്ത സീസണില്‍ രണ്ടാം സ്ഥാനക്കാരായും ഫൈനലിന് ടിക്കറ്റെടുത്തു. എന്നാല്‍ ഈ രണ്ട് തവണയും ലോര്‍ഡ്‌സിന്റെ മൈതാനത്ത് ഇന്ത്യയുടെ ചുടുകണ്ണീര്‍ വീണു.
ആദ്യ സൈക്കിളില്‍ ന്യൂസിലാന്‍ഡിനോട് പരാജയം രുചിച്ച ഇന്ത്യയെ രണ്ടാം സൈക്കിളില്‍ ട്രാവിസ് ഹെഡിന്റെ പ്രകടനത്തില്‍ ഓസ്‌ട്രേലിയയും തകര്‍ത്തുവിട്ടു.
ഇപ്പോള്‍ മൂന്നാം ഫൈനലാണ് ഇന്ത്യക്ക് മുമ്പിലുള്ളത്. ഇതിനായി ആദ്യം എട്ടില്‍ മൂന്ന് മത്സരങ്ങള്‍ വിജയിക്കണം.
ഹോം കണ്ടീഷനില്‍ ന്യൂസിലാന്‍ഡിനെതിരായ മൂന്ന് മത്സരവും ആധികാരികമായി തന്നെ വിജയിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. അടുത്ത പരമ്പര എതിരാളികളുടെ തട്ടകത്തിലായതിനാല്‍ സ്വന്തം മണ്ണില്‍ നടക്കുന്ന പരമ്പര ക്ലീന്‍ സ്വീപ് ചെയ്ത് വിജയിക്കാന്‍ തന്നെയാണ് ഇന്ത്യ ഒരുങ്ങുന്നത്. കാരണം ഓസ്‌ട്രേലിയയില്‍ ഒരു അഡ്വാന്റേജും കങ്കാരുക്കള്‍ ഇന്ത്യക്ക് നല്‍കില്ല എന്ന് നൂറ് ശതമാനം ഉറപ്പാണ്.
ഇത്തവണത്തെ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയുടെ ആതിഥേയര്‍ തങ്ങളായതിനാലും കഴിഞ്ഞ രണ്ട് തവണ ഇന്ത്യ ഇവിടെയെത്തി പരമ്പര വിജയിച്ചതിനാലും 2015ന് ശേഷം ഒരിക്കല്‍പ്പോലും പരമ്പര നേടാന്‍ തങ്ങള്‍ക്ക് സാധിച്ചിട്ടില്ല എന്നതിനാലും ഈ പരമ്പരയില്‍ സമഗ്രാധിപത്യം പുലര്‍ത്തിയാല്‍ ഫൈനല്‍ സാധ്യതകള്‍ കൂടുതല്‍ തെളിയും എന്നതിനാലും ഒരു തരത്തിലുമുള്ള അഡ്വാന്റേജും ഇന്ത്യക്ക് നല്‍കാതെയായിരിക്കും ഓസ്‌ട്രേലിയ പിച്ച് ഒരുക്കുക. പെര്‍ത്ത് അടക്കമുള്ള പിച്ചില്‍ ഇന്ത്യയെ നിര്‍ത്തിപ്പൊരിക്കാന്‍ തന്നെയാകും ഓസീസ് ബൗളിങ് യൂണിറ്റിന്റെ ശ്രമം.
നിലവില്‍ ഇന്ത്യക്ക് താഴെ രണ്ടാമതായി പോയിന്റ് പട്ടികയില്‍ സ്ഥാനം പിടിച്ച ഓസ്‌ട്രേലിയക്കും ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി നിര്‍ണായകമാണ്. കാരണം എതിരാളികളുടെ തട്ടകത്തിലാണ് കങ്കാരുക്കള്‍ തങ്ങളുടെ അവസാന പരമ്പര കളിക്കുക. ഹോം കണ്ടീഷനില്‍ ഇന്ത്യക്കെതിരായ പരമ്പരക്ക് ശേഷം ശ്രീലങ്കയുടെ മണ്ണിലേക്ക് വോണ്‍-മുരളീധരന്‍ ട്രോഫിക്കായി പര്യടനം നടത്തും.
പോയിന്റ് പട്ടികയില്‍ മൂന്നാമതുള്ള ശ്രീലങ്കയെ സംബന്ധിച്ചും ഈ പരമ്പര നിര്‍ണായകമാകും. ഒരുപക്ഷേ ഫൈനലില്‍ ഇന്ത്യയുടെ എതിരാളികളെ തീരുമാനിക്കുന്നതായും വോണ്‍-മുരളീധരന്‍ ട്രോഫി മാറും.