സഞ്ജുവിന് പിന്നാലെ അന്താരാഷ്ട്ര ടി-20യില്‍ സെഞ്ച്വറിയടിച്ച് മറ്റൊരു മലയാളി; ആഫ്രിക്കയില്‍ തിളങ്ങി തൃശ്ശൂര്‍ ഗഡി
Sports News
സഞ്ജുവിന് പിന്നാലെ അന്താരാഷ്ട്ര ടി-20യില്‍ സെഞ്ച്വറിയടിച്ച് മറ്റൊരു മലയാളി; ആഫ്രിക്കയില്‍ തിളങ്ങി തൃശ്ശൂര്‍ ഗഡി
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 28th November 2024, 1:08 pm

 

 

മലയാളികള്‍ എത്തിപ്പെടാത്ത ഉയരങ്ങളില്ലെന്ന് നിസംശയം പറയാം. സഞ്ജുവിന്റെ വെടിക്കെട്ട് ബാറ്റിങ്ങും, വിക്കറ്റ് കീപ്പിങ്ങിനും ശേഷം രാജ്യാന്തര ക്രിക്കറ്റില്‍ തൃശ്ശൂര്‍ക്കാരന്‍ വിനു കൃഷ്ണന്റെ നല്ല പക്കാ ക്ലാസ് ‘മലയാളീ സെഞ്ച്വറി’ ബോട്‌സ്വാനയ്ക്ക് വേണ്ടി പിറന്നിരിക്കുകയാണ്.

ടി-20 ലോകകപ്പിനുള്ള ആഫ്രിക്കന്‍ ക്വാളിഫൈയറില്‍ എസ്വാറ്റിനിക്കെതിരെ ബോട്‌സ്വാനക്ക് വേണ്ടിയാണ് മലയാളി താരം സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. 66 പന്തില്‍ രണ്ട് സിക്‌സറും 12 ഫോറും അടങ്ങുന്നതാണ് വിനുവിന്റെ ഇന്നിങ്ങ്സ്. മത്സരം ബോട്‌സ്വാന 48 റണ്‍സിന് ജയിച്ചു. പ്ലെയര്‍ ഓഫ് ദ് മാച്ചായി വിനു ബാലകൃഷ്ണനെയാണ് തെരഞ്ഞെടുത്തത്.

 

മത്സരത്തില്‍ ടോസ് നേടിയ ബോട്സ്വാന ബാറ്റിങ് തെരഞ്ഞെടുത്തു. ഓപ്പണിങ്ങിനായി ക്യാപ്ന്‍ കരാബോ മൊത്ത്ലങ്കയും വിനു ബാലകൃഷ്ണയും ഇറങ്ങി. ഇരുവരുടെയും ഓപ്പണിങ്ങ് കൂട്ടുകെട്ട് ആദ്യ ഓവറുകളില്‍ തന്നെ മികച്ച തുടക്കം ടീമിന് നല്‍കി.

എന്നാല്‍ എസ്വാറ്റിനിയുടെ തകര്‍പ്പന്‍ വലം കയ്യന്‍ ബോളര്‍ ഉമര്‍ക്വാസീം എറിഞ്ഞ 13ാമത്തെ ഓവറിലെ അഞ്ചാം പന്തില്‍ ബോട്സ്വായുടെ ആദ്യ വിക്കറ്റ് വീണു. ക്യാപറ്റന്‍ കരാബോ 35 ബോളില്‍ 23 റണ്‍സുമായി കളം വിട്ടു.

പിന്നീടിറങ്ങിയ എംബാസോ രണ്ട് അക്കം കാണാതെ പുറത്തായി. പിച്ചില്‍ ഉറച്ചു നിന്ന വിനു ബാലകൃഷ്ണന്‍ ബോളുകള്‍ ഗാലറിയിലേക്ക് നിരന്തരം പായിച്ചുകൊണ്ടേയിരുന്നു. ബോട്സ്വായുടെ റണ്‍ നിരക്കും ഉയര്‍ന്നു. 18ാമത്തെ ഓവറിലാണ് വിനു പുറത്താകുന്നത്. ഇതോടെ ബോട്സ്വയുടെ സ്‌കോര്‍ബോര്‍ഡ് 160ല്‍ എത്തി. അതില്‍ 101 റണ്ണും വിനു ബാലകൃഷ്ണന്റേതാണ്.

പിന്നീട് ക്രീസിലെത്തിയ ടി. പെരേരയും എം. കസ്സില്‍മാനും രണ്ടക്കം പോലും കടക്കാതെ ബോട്സ്വായുടെ ഇന്നിങ്സ് അവസാനിച്ചു. സ്‌കോര്‍ 175/4.

എസ്വാറ്റിനിയുടെ ബാറ്റിങ്ങില്‍ ഒരു സ്ഥിരതകൊണ്ടുവരാന്‍ ഒരു ബാറ്റര്‍ക്കും സാധിച്ചില്ല. ജെ. സുലെമെനും, മിന്‍ഹാസും ചേര്‍ന്ന് നേടിയ 67 റണ്‍സാണ് അവരുടെ ടോപ്പ് സ്‌കോര്‍. 18.4 ഒവറില്‍ 127 റണ്‍സിന് ഓള്‍ ഔട്ടായി എസ്വാറ്റിനി മടങ്ങി.

ആരാണ് ബോട്‌സ്വാനയിലെ തൃശ്ശൂര്‍ക്കാരന്‍ ?

ബോട്സ്വാന ക്രിക്കറ്റിലെ വലം കയ്യന്‍ ബാറ്ററും വലം കൈ ഓഫ് ബ്രേക്ക് ബോളറുമാണ് വിനു ബാലകൃഷ്ണന്‍. കേരളത്തിലെ തൃശൂര്‍ ജില്ലയിലാണ് ജനനം.

2019 മെയ് മാസത്തില്‍ ഉഗാണ്ടയില്‍ വച്ച് നടന്ന ഐ.സി.സി ടി20 ലോകകപ്പ് ആഫ്രിക്ക ക്വാളിഫയര്‍ ടൂര്‍ണമെന്റിന്റെ ഫൈനലിനുള്ള ബോട്സ്വാനയുടെ ടീമില്‍ താരത്തെ ഉള്‍പ്പെടുത്തി. ഇതോടെ ഇന്റര്‍നാഷണല്‍ ക്രിക്കറ്റിലേക്ക് അരങ്ങേറ്റം കുറിച്ചു. റീജിയണല്‍ ഫൈനലില്‍ ബോട്‌സ്വാനയ്ക്കായി മൂന്ന് മത്സരങ്ങളില്‍ നിന്ന് 63 റണ്‍സ് നേടിയ അദ്ദേഹം ഏറ്റവും മികച്ച റണ്‍ വേട്ടക്കാരനായിരുന്നു.

 

Content Highlight: World T20 Qualifier: Vinoo Balakrishnan scored century for Botswana