2024 ടി-20 ലോകകപ്പില്‍ ഇടം നേടാന്‍ സാധിക്കാതെ പോയതിന്റെ നിരാശയില്‍ നിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കുകയാണ് സിംബാബ്‌വേ. 2026ല്‍ ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിലേക്കാണ് ഇവര്‍ കണ്ണുവെക്കുന്നത്.
ആഫ്രിക്ക ക്വാളിഫയറില്‍ മികച്ച പ്രകടനമാണ് ടീം നടത്തുന്നത്. റീജ്യണല്‍ ബി ക്വാളിഫയറില്‍ കളിച്ച മൂന്ന് മത്സരത്തില്‍ മൂന്നിലും വിജയിച്ചാണ് സിംബാബ്‌വേ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്.
കഴിഞ്ഞ ദിവസം റുവാണ്ടക്കെതിരെയായിരുന്നു സിംബാബ്‌വേ വിജയിച്ചുകയറിയത്. 149 റണ്‍സിന്റെ പടുകൂറ്റന്‍ വിജയമാണ് ഷെവ്‌റോണ്‍സ് സ്വന്തമാക്കിയത്.
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത സിംബാബ്‌വേ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സ് നേടി. സെഞ്ച്വറിക്ക് തൊട്ടരികില്‍ കാലിടറി വീണ ഡയോണ്‍ മയേഴ്‌സിന്റെ പ്രകടനമാണ് ഷെവ്‌റോണ്‍സിനെ മികച്ച സ്‌കോറിലെത്തിച്ചത്.
Zimbabwe, powered by Dion Myers’ 45-ball 96, set Rwanda a target of 241 🔥
45 പന്ത് നേരിട്ട് 96 റണ്‍സാണ് മയേഴ്‌സ് നേടിയത്. 11 ഫോറും ആറ് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
18 പന്തില്‍ 44 റണ്‍സ് നേടിയ താഡിവനാഷെ മരുമാണിയും 20 പന്തില്‍ 35 റണ്‍സടിച്ച് വിക്കറ്റ് കീപ്പര്‍ ക്ലൈവ് മദാന്‍ദെയും തകര്‍ത്തടിച്ചതോടെ സിംബാബ്‌വേ പടുകൂറ്റന്‍ സ്‌കോറിലെത്തി.
റുവാണ്ടക്കായി മുഹമ്മദ് നാദിര്‍ മൂന്ന് വിക്കറ്റ് നേടി. ക്യാപ്റ്റന്‍ ക്ലിന്റണ്‍ റുബഗുമ്യ രണ്ട് വിക്കറ്റെടുത്തപ്പോള്‍ ഇഗ്നേസ് എന്റിരന്‍ഗന്യ, സാപ്പി ബിമെനിമാന, മാര്‍ട്ടിന്‍ അകേയസു എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.
241 റണ്‍സിന്റെ പടുകൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ റുവാണ്ട വെറും 91 റണ്‍സിന് പുറത്തായി. മയേഴ്‌സ് ഒറ്റയ്ക്ക് നേടിയ റണ്‍സിനേക്കാള്‍ അഞ്ച് റണ്‍സ് കുറവ് മാത്രമാണ് റുവാണ്ടക്ക് നേടാന്‍ സാധിച്ചത്.
രണ്ടേ രണ്ട് താരങ്ങള്‍ക്ക് മാത്രമാണ് റുവാണ്ടന്‍ നിരയില്‍ ഇരട്ടയക്കം കാണാന്‍ സാധിച്ചത്. 42 പന്തില്‍ 36 റണ്‍സ് നേടിയ വിക്കറ്റ് കീപ്പര്‍ ദിദിയര്‍ എന്‍ഡികുബ്വിമാനയാണ് ടോപ് സ്‌കോറര്‍. എട്ട് പന്തില്‍ പത്ത് റണ്‍സ് നേടിയ മുഹമ്മദ് നാദിറാണ് രണ്ടാമത് മികച്ച റണ്‍ ഗെറ്റര്‍.
ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസയാണ് റുവാണ്ടന്‍ ബാറ്റിങ് ഓര്‍ഡറിനെ ഛിന്നഭിന്നമാക്കിയത്. ഒരു മെയ്ഡന്‍ അടക്കം നാല് ഓവറില്‍ 18 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റാണ് താരം നേടിയത്. ഇതിനൊപ്പം ഒരു റണ്‍ ഔട്ടിനും താരം വഴിയൊരുക്കി.
ഈ അഞ്ച് വിക്കറ്റ് നേട്ടത്തിന് പിന്നാലെ ഒരു ചരിത്ര നേട്ടവും റാസയെ തേടിയെത്തി. അന്താരാഷ്ട്ര ടി-20യില്‍ ഫൈഫര്‍ നേടുന്ന ആദ്യ സിംബാബ്‌വേ താരമെന്ന റെക്കോഡാണ് റാസ സ്വന്തമാക്കിയത്. ഇതിനൊപ്പം ടി-20ഐയില്‍ ഫൈഫര്‍ നേടുന്ന താരങ്ങളുടെ എലീറ്റ് ലിസ്റ്റില്‍ ഇടം നേടാനും റാസക്ക് സാധിച്ചു.