അഹമ്മദാബാദ്: ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ പുരോഗതി കണ്ട് ലോകം അദ്ഭുതപ്പെടുകയാണെന്ന പ്രസ്താവനയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്തെ സാമ്പത്തിക മേഖല ‘വി’ മാതൃകയില്‍ തിരിച്ചുവരികയാണെന്നാണ് ഷാ അവകാശപ്പടുന്നത്.
‘ലോകത്തെ എല്ലാ രാജ്യങ്ങളിലും സാമ്പത്തിക രംഗം താഴ്ചയിലേക്ക് കൂപ്പുകുത്തുകയാണ്. കൊവിഡ് എല്ലാ രാജ്യങ്ങളെയും പ്രതികൂലമായി ബാധിച്ചു. എന്നാല്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ അത് മറികടന്ന് ‘വി’ മാതൃകയില്‍ തിരിച്ചുവരികയാണ്. ലോക രാജ്യങ്ങള്‍ തന്നെ അദ്ഭുതത്തോടെയാണ് ഇന്ത്യയുടെ വളര്‍ച്ചയെ വീക്ഷിക്കുന്നത്’, ഷാ പറഞ്ഞു.
ഗുജറാത്തിലെ ഷിലജിലുള്ള നാലുവരി ഓവര്‍ബ്രിഡ്ജിന്റെ ഉദ്ഘാടനത്തിനിടെയായിരുന്നു മന്ത്രിയുടെ പരാമര്‍ശം. രാജ്യത്തിന്റെ സാമ്പത്തിക മേഖല നെഗറ്റീവ് വളര്‍ച്ച രേഖപ്പെടുത്തുന്ന സമയത്താണ് ഷായുടെ ഈ പ്രസ്താവന.
അതേസമയം കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ നരേന്ദ്ര മോദി ഭരണത്തിന്‍ കീഴില്‍ നടത്തിയ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം എന്‍.ഡി.എ സര്‍ക്കാരിനു മുമ്പുള്ള 20 വര്‍ഷങ്ങളിലെ സര്‍ക്കാരുകള്‍ ചെയ്തതിനേക്കാള്‍ അധികമാണെന്നും ഷാ പറഞ്ഞു.
കൊവിഡ് നിര്‍മാര്‍ജനത്തിന്റെ ഭാഗമായി വാക്‌സിനേഷന്‍ പ്രക്രിയ രാജ്യത്ത് പുരോഗമിക്കുകയാണെന്നും കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ കൊറോണ വൈറസിനെ ഇന്ത്യയില്‍ നിന്ന് നിര്‍മാര്‍ജനം ചെയ്യാന്‍ സാധിക്കുമെന്നും ഷാ പറഞ്ഞു.
അതേസമയം വാക്‌സിന്റെ ഒന്നാംഘട്ട വിതരണം രാജ്യത്ത് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ലോകനേതാക്കള്‍ വാക്‌സിനെടുക്കാന്‍ മുന്നോട്ടുവന്നിട്ടും ഇന്ത്യന്‍ പ്രധാനമന്ത്രി കൂടിയായ നരേന്ദ്രമോദി ഒന്നാം ഘട്ടത്തില്‍ വാക്‌സിന്‍ സ്വീകരിക്കാത്തതിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു.
വിവാദങ്ങള്‍ക്കൊടുവില്‍ രണ്ടാംഘട്ട വാക്‌സിന്‍ വിതരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കൊവിഡ് വാക്സിന്‍ സ്വീകരിച്ചേക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.
രാജ്യത്ത് 3006 ബൂത്തുകളിലൂടെ മൂന്ന് ലക്ഷത്തോളം പേര്‍ക്കാണ് വാക്‌സിന്‍ ആദ്യ ഘട്ടത്തില്‍ വിതരണം ചെയ്യുന്നത്. കൊവിഷീല്‍ഡ്, കൊവാക്‌സിന്‍ എന്നീ വാക്‌സിനുകള്‍ വിതരണത്തിന് എത്തിച്ചിട്ടുണ്ടെങ്കിലും കൊവിഷീല്‍ഡിനാണ് മുന്‍ഗണന. വാക്‌സിന്റെ രണ്ട് ഡോസാണ് ഒരാളില്‍ കുത്തിവെക്കുന്നത്.
ആരോഗ്യപ്രവര്‍ത്തകരടക്കമുള്ള കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയില്‍ നില്‍ക്കുന്നവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കിയത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Amith Sha On Indian Economy