ഫുട്‌ബോളിനോട് വിട പറഞ്ഞ് ലോകത്തിലെ ഭാരമേറിയ സ്‌ട്രൈക്കര്‍. തന്റെ കളിമികവിനൊപ്പം ദൃഢതയാര്‍ന്ന ശരീരം കൊണ്ട് പ്രശസ്തനായ ഇംഗ്ലീഷ് താരം, അഡെന്‍ബായോ അകിന്‍ഫെന്‍വ (Adenbayo Akinfenwa) ആണ് ഫുട്‌ബോള്‍ മതിയാക്കി വേള്‍ഡ് റെസ്‌ലിങ് എന്റെര്‍ടെയ്ന്‍മെന്റ് എന്ന ഡബ്ല്യൂ.ഡബ്ല്യൂ.ഇക്കൊപ്പം ചേര്‍ന്നിരിക്കുന്നത്.
വൈക്കോംബ് വാണ്ടറേഴ്‌സിന്റെ (Wycombe Wanderers) മുന്നേറ്റ നിരയിലെ വിശ്വസ്തനായ അകിന്‍ഫെന്‍വ ലോകത്തിലെ ഏറ്റവും ഭാരമേറിയ സ്‌ട്രൈക്കര്‍ എന്ന ലേബലിലാണ് പ്രശസ്തനായത്. 102 കിലോഗ്രാമായിരുന്നു താരത്തിന്റെ ഭാരം.
ലിവര്‍പൂളിന്റെ ആരാധകനായ അകിന്‍ഫെന്‍വയുടെ കളിമികവിനെ അഭിനന്ദിച്ച് സാക്ഷാല്‍ യര്‍ഗന്‍ ക്ലോപ്പ് വരെ രംഗത്തെത്തിയിരുന്നു.
എ.എഫ്.സി വിംബിള്‍ഡണില്‍ നിന്നും 2016ലായിരുന്നു താരം വൈക്കോംബ് ബാണ്ടറേഴ്‌സിന്റെ പാളയത്തിലേക്കെത്തിയത്. ആറ് വര്‍ഷത്തിനുള്ളില്‍ രണ്ട് തവണ പ്രൊമോഷന്‍ നേടിയ താരം ഫോര്‍ത്ത് ഡിവിഷനില്‍ നിന്നും സെക്കന്റ് ഡിവിഷനിലേക്കെത്തിയിരുന്നു. ടീമിനായി 250 മത്സരം കളിച്ച അകിന്‍ഫെന്‍വ 60 ഗോളും 40 അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്.
വൈക്കോംബ് വാണ്ടറേഴ്‌സിന് പുറമെ ബാരി ടൗണ്‍ (Barry Town), ലെയ്ടണ്‍ ഓറിയന്റ് (Leyton Orient), ഡോണ്‍കാസ്റ്റര്‍ റോവേഴ്‌സ് (Doncastor Rovers), സ്വാന്‍സിയെ സിറ്റി (Swansea City), മില്‍വാള്‍ (Millwall) എന്നിവര്‍ക്ക് വേണ്ടിയും അകിന്‍ഫെന്‍വ ബൂട്ടുകെട്ടിയിട്ടുണ്ട്.
അടുത്തയാഴ്ച താരം ഡബ്ല്യൂ.ഡബ്ല്യൂ.ഇയില്‍ അരങ്ങേറ്റം കുറിക്കുമെന്നാണ് വിവരം.
‘റിട്ടയര്‍മെന്റിന് ശേഷം ഇനിയെന്ത് എന്ന് ഞാനെപ്പോഴും എന്നോട് തന്നെ ചോദിക്കാറുണ്ടായിരുന്നു. ഓരോ തവണ ചോദിക്കുമ്പോഴും അതൊരു പുതിയ അനുഭവമായിരുന്നു.
ഒരു പ്രൊഫഷന്‍ എന്ന നിലയില്‍ ഇഷ്ടപ്പെടുന്നതെന്തോ അത് നീണ്ട 22 വര്‍ഷക്കാലും ചെയ്യാന്‍ ഭാഗ്യം ലഭിച്ചവനാണ് ഞാന്‍. നിങ്ങള്‍ വിരമിക്കുമ്പോള്‍ അത് പുതിയ അനുഭവമായിരിക്കും, ഒപ്പം സ്വാതന്ത്ര്യവും.
എനിക്ക് റെസ്‌ലിങ് ഒരുപാട് ഇഷ്ടമായിരുന്നു. എനിക്ക് ആന്റണി ഒഗോഗോയെ (ഇംഗ്ലീഷ് പ്രൊഫഷണല്‍ റെസ് ലര്‍) ഒരുപാട് നാളായി അറിയാം. അദ്ദേഹം ബോക്‌സറായിരിക്കുമ്പോള്‍ തന്നെ എനിക്ക് അദ്ദേഹത്തെ അറിയാമായിരുന്നു. നിര്‍ഭാഗ്യവശാല്‍ അവന് ഇനി ബോക്‌സ് ചെയ്യാന്‍ സാധിക്കില്ല.
നിനക്ക് ഒരു കൈ നോക്കിക്കൂടെ എന്ന് അവനാണ് എന്നോട് പറഞ്ഞത്, കാലമേറെ കഴിഞ്ഞിട്ടും റെസ്‌ലിങ്ങിനോടുള്ള എന്റെ ഇഷ്ടം ഒട്ടും കുറഞ്ഞിരുന്നില്ല,’ ഡെയ്‌ലി മെയിലിന് നല്‍കിയ അഭിമുഖത്തില്‍ അകിന്‍ഫെന്‍വ പറഞ്ഞു.
Content highlight: World’s Strongest Footballer Adebayo Akinfenwa switches to wresting