റൊണാള്‍ഡോയേക്കാള്‍ സമ്പന്നനായ ഫുട്‌ബോളര്‍ പറയുന്നു, 'പോര്‍ച്ചുഗീസ് ക്ലബ്ബില്‍ കളിക്കാനുള്ള തന്റെ തീരുമാനം തെറ്റ്'
Sports News
റൊണാള്‍ഡോയേക്കാള്‍ സമ്പന്നനായ ഫുട്‌ബോളര്‍ പറയുന്നു, 'പോര്‍ച്ചുഗീസ് ക്ലബ്ബില്‍ കളിക്കാനുള്ള തന്റെ തീരുമാനം തെറ്റ്'
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 7th January 2023, 8:04 pm

പോര്‍ച്ചുഗല്‍ ടോപ്പ് ക്ലബ്ബിലേക്ക് കളിത്തട്ടകം മാറ്റിയ തന്റെ തീരുമാനത്തില്‍ ഖേദമുണ്ടെന്ന് ലോകത്തിലെ ഏറ്റവും സമ്പന്നനായ ഫുട്‌ബോളര്‍. ഫായിഖ് ബോള്‍ക്കിയ (Faiq Bolkhia) എന്ന 24കാരനാണ് തന്റെ തീരുമാനത്തെയോര്‍ത്തിപ്പോള്‍ സങ്കടപ്പെടുന്നത്.

20 ബില്യണ്‍ ഡോളറിലധികമാണ് ബ്രൂണേറിയന്‍ രാജകുടുംബാഗംമായ ബോള്‍ക്കിയയുടെ ആസ്ഥി. ലോകത്തിലെ ഏറ്റവും സമ്പന്നനായ ഫുട്‌ബോളറായി ബോള്‍ക്കിയയെ മാറ്റുന്നതും ഇതുതന്നെയാണ്.

താന്‍ ഒരിക്കലും പോര്‍ച്ചുഗലിലേക്ക് വരാന്‍ പാടില്ലായിരുന്നുവെന്നും ഈ തീരുമാനത്തെയോര്‍ത്ത് ഖേദിക്കുന്നുവെന്നുമാണ് ബോള്‍ക്കിയ പറയുന്നത്.

സ്‌കൂള്‍ വിദ്യാഭ്യാസകാലത്താണ് ബോള്‍ക്കിയ ഫുട്‌ബോള്‍ കളിച്ചുതുടങ്ങുന്നത്. ശേഷം ഒരു ലോക്കല്‍ ക്ലബ്ബിലേക്ക് മാറുകയായിരുന്നു. ഫു്‌ടോബളില്‍ ബോള്‍ക്കിയയുടെ ടാലന്റ് താരത്തെ 2009ല്‍ സതാംപ്ടണിന്റെ അക്കാഡമിയില്‍ കൊണ്ടുചെന്നെത്തിച്ചു. ശേഷം ചെല്‍സിയുടെ അണ്ടര്‍ 16 ടീമിന്റെ ഭാഗമാവുകയും ചെയ്തു.

എന്നാല്‍ ചെല്‍സിയില്‍ കളിക്കുക എന്നത് അത്രയെളുപ്പമുള്ള കാര്യമായിരുന്നില്ല, കാരണം അത്രത്തോളം താരങ്ങളായിരുന്നു ടീമില്‍ മികച്ച പ്രകടനവുമായി നിറഞ്ഞുനിന്നത്. ഇത് വ്യക്തമായ ബോള്‍ക്കിയ ലെസ്റ്റര്‍ സിറ്റിയിലേക്ക് മാറുകയായിരുന്നു.

ഒരു കളിക്കാരന്റെ ട്രാന്‍സ്ഫര്‍ എന്നതിനേക്കാള്‍ ലോകത്തിലെ സമ്പന്നനായ ഫുട്‌ബോളറുടെ ട്രാന്‍സ്ഫര്‍ എന്ന നിലയിലാണ് അത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്. എന്നാല്‍ അവിടെയും താരത്തിന് ശോഭിക്കാന്‍ സാധിച്ചില്ല.

രാജകാര്യങ്ങള്‍ ശ്രദ്ധിക്കണമോ അതോ ഫുട്‌ബോളറായി തുടരണമോ എന്ന ചോദ്യത്തിന് മുമ്പില്‍ ഫുട്‌ബോളിനെ തെരഞ്ഞെടുത്ത ബോള്‍ക്കിയ പോര്‍ച്ചുഗലിലെ ടോപ്പ് ക്ലബ്ബായ മാരിറ്റിമോയില്‍ ചേരുകയായിരുന്നു.

എന്നാല്‍ മാരിറ്റിമോയില്‍ ചേര്‍ന്ന തന്റെ തീരുമാനത്തെയോര്‍ത്ത് ഖേദിക്കുകയാണെന്നാണ് ബോള്‍ക്കിയ പറയുന്നത്.

മെയ്ന്‍ സ്റ്റാന്‍ഡിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ബോള്‍ക്കിയ ഇക്കാര്യം പറഞ്ഞത്.

‘നീ ഇവിടെ വരും ടീമിനൊപ്പം കളിക്കും എന്നാണ് മാരിറ്റിമോ എന്നോട് പറഞ്ഞത്. എനിക്കിവിടെ ഒരു വര്‍ഷം നില്‍ക്കണമായിരുന്നു. എന്റെ ഏറ്റവും വലിയ ലക്ഷ്യം കളിക്കുക എന്നത് മാത്രമായിരുന്നു. എന്നാല്‍ അത് സംഭവിച്ചില്ല.

ഇവിടേക്ക് മാറിയതില്‍ ഞാന്‍ തീര്‍ച്ചയായും ഖേദിക്കുന്നു. മാരിറ്റിമോക്ക് എന്നെ ആവശ്യമുള്ളതിന് പിന്നില്‍ പല രാഷ്ട്രീയവുമുണ്ടെന്ന് എനിക്ക് തോന്നുന്നു. അവര്‍ പൂര്‍ണമായും സത്യസന്ധരാണെന്ന് എനിക്ക് തോന്നുന്നില്ല,’ ബോള്‍ക്കിയ പറഞ്ഞു.

‘ഇത് എന്നെ കൂടുതല്‍ ശക്തനാക്കി, ഇനിയും കഠിനാധ്വാനം ചെയ്യാന്‍ പ്രേരിപ്പിച്ചു. ഇവിടം വിടാനുള്ള ശരിയായ തീരുമാനം ഞാന്‍ എടുക്കുകയാണ്. എന്നാല്‍ എനിക്കിവിടെ രണ്ട് വര്‍ഷത്തെ കരാര്‍ കൂടി ബാക്കിയുണ്ട്.

ആ സമയത്താണ് ടീം അവരുടെ പ്രസിഡന്റിനെ മാറ്റുന്നത്. ഞാന്‍ അയാളെ പോയി കണ്ടു, കാര്യങ്ങള്‍ സംസാരിച്ചു. അവര്‍ക്ക് എന്റെ അവസ്ഥ കൃത്യമായി മനസിലായി. ഞാന്‍ അവിടെ തുടരുന്നത് കൊണ്ട് എനിക്കോ ടീമിനോ ഒരു ഗുണവും ഉണ്ടാകാന്‍ പോകുന്നില്ല,’ താരം കൂട്ടിച്ചേര്‍ത്തു.

തായ്‌ലാന്‍ഡ് ക്ലബ്ബായ ചോന്‍ബുരിയിലാണ് ഇനി ബോള്‍ക്കിയ കളിക്കുക.

 

 

Content Highlight: World’s richest footballer regrets on playing in Portuguese club