ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി 118ാം വയസില്‍ അന്തരിച്ചു; കൊവിഡിനെ അതിജീവിച്ചിരുന്നു
World News
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി 118ാം വയസില്‍ അന്തരിച്ചു; കൊവിഡിനെ അതിജീവിച്ചിരുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 18th January 2023, 11:47 pm

പാരീസ്: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യനെന്ന് കരുതപ്പെടുന്ന വ്യക്തി 118ാം വയസില്‍ അന്തരിച്ചു. ഫ്രാന്‍സിലെ കന്യാസ്ത്രീയായ ലുസൈല്‍ റാന്‍ഡറാണ് അന്തരിച്ചത്. ലുസൈല്‍ റാന്‍ഡന്‍ തന്റെ 119ാം ജന്മദിനത്തിന് ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് മരിച്ചതായി ഇവരുടെ നഴ്സിങ് ഹോം വക്താവ് അറിയിച്ചു.

1904 ഫെബ്രുവരി 11ന് തെക്കന്‍ ഫ്രാന്‍സിലെ അലെസ് പട്ടണത്തിലാണ് സിസ്റ്റര്‍ ആന്ദ്രേ എന്നറിയപ്പെടുന്ന ലൂസിലി റാന്‍ഡന്‍ ജനിച്ചത്. കൊവിഡിനെ അതിജീവിച്ച ലോകത്തിലെ ഏറ്റവും പ്രായം കൂടിയവരില്‍ ഒരാളായിരുന്നു ഇവര്‍.

110 വയസോ അതില്‍ കൂടുതലോ പ്രായമുള്ള ആളുകളുടെ വിശദാംശങ്ങള്‍ രേഖപ്പെടുത്തുന്ന ജെറന്റോളജി റിസര്‍ച്ച് ഗ്രൂപ്പാണ് ലുസൈല്‍ റാന്‍ഡന്‍യെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി പട്ടികപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ജപ്പാനില്‍ നിന്നുള്ള 119 വയസ്സുള്ള കെയ്ന്‍ തനാക്കയുടെ മരണശേഷമാണ് റാന്‍ഡന്‍യെ ഏറ്റവും പ്രായമുള്ള വ്യക്തിയായി തെരഞ്ഞെടുത്തിരുന്നത്.

2021 ജനുവരിയില്‍ 117ാം ജന്മദിനത്തിന് തൊട്ടുമുമ്പ് സിസ്റ്റര്‍ ആന്ദ്രെക്ക് കൊവിഡ് പൊസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ രോഗലക്ഷണങ്ങള്‍ കുറവായിരുന്നു. അതുകൊണ്ട് തന്നെ സിസ്റ്റര്‍ ആന്ദ്രെക്ക് കൊവിഡിനെ എളുപ്പം അതിജീവിക്കാനായി.

നിലവില്‍ ജെറന്റോളജി റിസര്‍ച്ച് ഗ്രൂപ്പ് പട്ടികപ്പെടുത്തിയ ലിസ്റ്റില്‍ ഏറ്റവും പ്രായം കൂടിയത് സ്‌പെയിനില്‍ താമസിക്കുന്ന അമേരിക്കന്‍ വംശജയായ മരിയ ബ്രാന്യാസ് മൊറേറയാണ്. 115 വയസാണ് ഇവര്‍ക്കുള്ളത്.