ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായ പെബിൾസ് മരിച്ചു
World News
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായ പെബിൾസ് മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 6th October 2022, 4:46 pm

വാഷിങ്ടൺ ഡി.സി: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായ എന്ന ഗിന്നസ് വേൾഡ് റെക്കോഡ് നേടിയ പെബിൾസ് മരിച്ചു. 23 വയസ് തികയുന്നതിന് അഞ്ച് മാസം മുമ്പാ‍ണ് മരണം. ടോയ് ഫോക്‌സ് ടെറിയർ ഇനത്തിൽ പെട്ട നായയാണ് പെബിൾസ്.

2000 മാർച്ച് 28 ന് ആയിരുന്നു പെബിൾസിന്റെ ജനനം. പിന്നീട് ബോബി-ജൂലി ഗ്രിഗറി എന്നിവരുടെ വളർത്തുനായയായി മാറി. ലോകത്തെ ഏറ്റവും പ്രായം കൂടിയ നായയാണ് പെബിൾസ്

ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ നായയെന്ന റെക്കോഡ് ടോബികീത്ത് എന്ന നായക്കായിരുന്നു. 21 വയസായിരുന്നു ടോബികീത്തിന്. ഈ റെക്കോഡ് തകർത്താണ് പെബിൾസ് ​ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയത്.

പെബിൾസ് സന്തുഷ്ടവും ദീർഘവുമായ ജീവിതം നയിച്ചുവെന്നും വീട്ടിലെ രാജ്ഞിയായിരുന്നുവെന്നുമാണ് പെബിൾസിന്റെ ഉടമ ​ഗ്രി​ഗറിയുടെ പ്രതികരണം. 32 നായ്ക്കുട്ടികൾക്ക് പെബിൾസ് ജന്മം നൽകിയിട്ടുണ്ട്. ടോയ് ഫോക്‌സ് ടെറിയർ ഇനത്തിൽപ്പെട്ട റോക്കിയായിരുന്നു പെബിൾസിന്റെ ഇണ. 2017ൽ പതിനാറാം വയസിലായിരുന്നു റോക്കി മരിച്ചത്.

പെബിൾസ് തന്റെ ദിവസങ്ങൾ ആസ്വദിച്ചാണ് ജീവിച്ചത്. സംഗീതം അവൾക്ക് ഇഷ്ടമായിരുന്നു. പുതിയ ഭക്ഷണങ്ങൾ പരീക്ഷിക്കുന്നത് ആസ്വദിച്ചു. എല്ലാത്തിനുമുപരിയായി അവൾ എല്ലാവരാലും സ്നേഹിക്കപ്പെട്ടു,” ​ഗ്രി​ഗറി കൂട്ടിച്ചേർത്തു.

നായ്ക്കളുടെ ഭക്ഷണത്തേക്കാൾ കൂടുതൽ മാംസം അടിസ്ഥാനമാക്കിയുള്ള പ്രോട്ടീൻ ഉള്ളതിനാൽ 2012ൽ പെബിൾസിന് ക്യാറ്റ് ഫുഡ് നൽകിയിരുന്നതായി ​ഗ്രി​ഗറി പറയുന്നു. പ്രത്യേക ദിവസങ്ങളിൽ മാത്രമായിരുന്നു ഡോ​ഗ് ഫുഡ് നൽകിയിരുന്നത്. മതിയായ സ്നേഹവും പരിചരണവും നൽകുന്നതാണ് ഇവർക്ക് ദീർഘായുസ് നൽകുന്നതെന്നും ​ഗ്രി​ഗറി അഭിപ്രായപ്പെട്ടു.

Content Highlight: world’s oldest dogs dies at the age of 22