ന്യൂദൽഹി: കഴിഞ്ഞ ഒരു വർഷത്തിനിടെ ഇന്ത്യയിലെ മതന്യൂനപക്ഷങ്ങൾക്കെതിരെയുള്ള വിദ്വേഷ പ്രസംഗങ്ങളിൽ അമ്പരപ്പിക്കുന്ന വർധനവ് ഉണ്ടായെന്ന് റിപ്പോർട്ട്.
വാഷിങ്ടൺ ആസ്ഥാനമായുള്ള ഗവേഷണ ഗ്രൂപ്പായ ഇന്ത്യ ഹേറ്റ് ലാബിന്റേതാണ് റിപ്പോർട്ട്. റിപ്പോർട്ട് അനുസരിച്ച് മുസ്‌ലിം, ക്രിസ്ത്യൻ ഉൾപ്പടെയുള്ള ന്യൂനപക്ഷങ്ങളെ ലക്ഷ്യം വച്ചുള്ള വിദ്വേഷ പ്രസംഗങ്ങളുടെ എണ്ണം 2024 ൽ 1,165 ആയി ഉയർന്നു. മുൻ വർഷത്തിൽ ഇത് വർഷത്തെ 668 ആയിരുന്നു. 74% വർധനവ് ഉണ്ടായി. ഇതിൽ ഭൂരിഭാഗവും, ഏകദേശം 98 ശതമാനവും മുസ്‌ലിങ്ങളെയോ ക്രിസ്ത്യാനികളെയോ ലക്ഷ്യം വെച്ചുള്ളവയാണ്. 2024 മാർച്ച് 16 നും ജൂൺ 1 നും ഇടയിലാണ് വിദ്വേഷ പ്രസംഗ സംഭവങ്ങളുടെ മൂന്നിലൊന്ന് ഭാഗവും സംഭവിച്ചതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ വർഷം ഇന്ത്യയിൽ നടന്ന ദേശീയ തെരഞ്ഞെടുപ്പിൽ ഹിന്ദു ഭൂരിപക്ഷത്തെ അണിനിരത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ ബി.ജെ.പിയും തന്റെ പ്രചാരണ വേളയിൽ മുസ്‌ലിങ്ങൾക്കെതിരെ വലിയ തോതിൽ വിദ്വേഷ പരാമർശങ്ങൾ നടത്തിയതായി വിമർശകരും മനുഷ്യാവകാശ ഗ്രൂപ്പുകളും പറഞ്ഞു.
തന്റെ റാലികളിൽ മോദി മുസ്‌ലിങ്ങളെ നുഴഞ്ഞുകയറ്റക്കാർ എന്ന് വിശേഷിപ്പിച്ചു. പ്രധാന പ്രതിപക്ഷമായ കോൺഗ്രസ് പാർട്ടി വിജയിച്ചാൽ രാജ്യത്തിന്റെ സമ്പത്ത് മുസ്‌ലിങ്ങൾക്ക് വിതരണം ചെയ്യുമെന്ന് അവകാശപ്പെട്ടു.
ന്യൂനപക്ഷ വിഭാഗങ്ങളോട് വിവേചനം കാണിക്കുന്നില്ലെന്ന് മോദിയും അദ്ദേഹത്തിന്റെ ബി.ജെ.പിയും ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. എങ്കിലും ഭരണഘടനാപരമായി മതേതരത്വത്തെ മുറുകെ പിടിക്കുന്ന ഒരു രാഷ്ട്രമായ ഇന്ത്യയെ, ഒരു ഹിന്ദു രാഷ്ട്രമാക്കാൻ മോദിയുടെ ഹിന്ദു ദേശീയവാദ പാർട്ടി ശ്രമിച്ചുവെന്ന് വിമർശകർ പറയുന്നു.
കഴിഞ്ഞ വർഷത്തെ വിദ്വേഷ പ്രസംഗ പരിപാടികളിൽ ഏകദേശം 30% ബി.ജെ.പി സംഘടിപ്പിച്ചതായി കണ്ടെത്തി, ഇത് മുൻ വർഷത്തേക്കാൾ ഏകദേശം ആറ് മടങ്ങ് കൂടുതലാണ്, പാർട്ടി നേതാക്കൾ മാത്രം 452 വിദ്വേഷ പ്രസംഗങ്ങൾ നടത്തി. മുൻ വർഷത്തേക്കാൾ 350% വർധനവ് ആണിത്. പൊതുതെരഞ്ഞെടുപ്പ് പ്രചാരണ വേളയിലാണ് ഭൂരിപക്ഷവും രേഖപ്പെടുത്തിയത്.
ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥാണ് ഏറ്റവും കൂടുതൽ വിദ്വേഷ പ്രസംഗം നടത്തിയിരിക്കുന്നത്. 86 എണ്ണം. തൊട്ട് പിന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് (67) അമിത് ഷായാണ് മൂന്നാമത് (58).
മോദിയുടെ നേതൃത്വത്തിൽ, ഹിന്ദു ദേശീയവാദികളെ പ്രധാന സർക്കാർ സ്ഥാപനങ്ങളിലെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു, ഇത് മുസ്‌ലിങ്ങളെ അന്യായമായി ലക്ഷ്യമിടുന്നുവെന്ന് റിപ്പോർട്ട് പറഞ്ഞു. ഒപ്പം ഇത് നിയമനിർമാണത്തിൽ വലിയ മാറ്റങ്ങൾ വരുത്താൻ അവർക്ക് അധികാരം നൽകുന്നു. ഇന്ത്യയിലെ മുൻ ഇസ്‌ലാമിക ഭരണാധികാരികളുടെ ചരിത്രത്തെ കുറച്ചുകാണാൻ പാഠപുസ്തകങ്ങൾ മാറ്റിയെഴുതി, മുഗൾ കാലഘട്ടത്തിലെ പേരുകളുള്ള നഗരങ്ങളുടെയും തെരുവുകളുടെയും പേര് മാറ്റി, സർക്കാർ ഭൂമിയിൽ അനധികൃതമായി കൈയേറിയെന്നും കലാപം നടത്തിയെന്നുമാരോപിച്ച് മുസ്‌ലിങ്ങളുടെ സ്വത്തുക്കൾ അധികാരികൾ പൊളിച്ചുമാറ്റി.
2019ൽ മോദി, ഇന്ത്യയിലെ ഏക മുസ്‌ലിം ഭൂരിപക്ഷ സംസ്ഥാനമായ ജമ്മു-കശ്മീരിന്റെ പ്രത്യേക സ്വയംഭരണാവകാശം പിൻവലിക്കുകയും അതിനെ കേന്ദ്രത്തിന്റെ നിയന്ത്രണത്തിലാക്കുകയും ചെയ്തു.
2019 ലെ പൗരത്വ നിയമം, കർണാടകയിൽ ബി.ജെ.പി അധികാരത്തിലിരുന്നപ്പോൾ സ്‌കൂളുകിൽ മുസ്‌ലിം പെൺകുട്ടികൾ ഹിജാബ് ധരിക്കുന്നത് നിരോധിച്ചത്, ഇതിനൊപ്പം ബി.ജെ.പിയും ഘടകകക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മുസ്‌ലിം ഉടമസ്ഥതയിലുള്ള വീടടക്കമുള്ള കെട്ടിടങ്ങൾ അനധികൃതമായി പൊളിക്കൽ തുടങ്ങിയവയൊക്കെ വിദ്വേഷപരമായ ഇടപെടലായി വിവിധ മനുഷ്യാവകാശ സാമൂഹിക സംഘടനകൾ ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ത്യയെക്കുറിച്ചുള്ള പക്ഷപാതപരമായ റിപ്പോർട്ടാണ് പുറത്തുവന്നതെന്ന് ബി.ജെ.പി ആരോപിച്ചു.
Content Highlight: World’s most populous nation saw a ‘staggering’ rise in hate speech last year, report says