| Tuesday, 12th November 2024, 5:04 pm

ലോകത്തിൽ ഏറ്റവും കൂടുതൽ കാലം തടവിലാക്കപ്പെട്ട മാധ്യമപ്രവർത്തകന് മനുഷ്യാവകാശ പുരസ്‌കാരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

എറിട്രിയ: 23 വർഷമായി വിചാരണ കൂടാതെ എറിട്രിയൻ ജയിലിൽ തടവിലാക്കപ്പെട്ട പത്രപ്രവർത്തകന് സ്വീഡിഷ് മനുഷ്യാവകാശ പുരസ്‌കാരം.

ഇരട്ട എറിട്രിയൻ-സ്വീഡിഷ് പൗരത്വമുള്ള ഡാവിറ്റ് ഐസക്കിന് എഡൽസ്റ്റാം സമ്മാനം ലഭിച്ചുവെന്ന് അവാർഡിന് പിന്നിലെ ഫൗണ്ടേഷൻ പ്രസ്താവനയിൽ പറഞ്ഞു. ഇരട്ട എറിട്രിയൻ-സ്വീഡിഷ് പൗരത്വം ഉള്ള ഡാവിറ്റ്, എറിട്രിയയിലെ ആദ്യത്തെ സ്വതന്ത്ര പത്രമായ സെറ്റിറ്റിൻ്റെ സ്ഥാപകരിൽ ഒരാളായിരുന്നു.

2001ൽ അദ്ദേഹത്തിൻ്റെ പത്രം ജനാധിപത്യ പരിഷ്‌കാരങ്ങൾ ആവശ്യപ്പെട്ടുള്ള കത്തുകൾ പ്രസിദ്ധീകരിച്ചതിനെ തുടർന്ന് അദ്ദേഹത്തെ സർക്കാർ തടങ്കലിലാക്കുകയായിരുന്നു. വർഷങ്ങളായി എറിട്രിയൻ ഗവൺമെൻ്റ് അദ്ദേഹത്തിൻ്റെ വാസസ്ഥലത്തെക്കുറിച്ചോ ആരോഗ്യ സ്ഥിയെക്കുറിച്ചോ ഒരു വിവരവും പുറത്ത് വിട്ടിരുന്നില്ല. കൂടാതെ അദ്ദേഹത്തോടൊപ്പം ജയിലിലടച്ച പലരും മരിച്ചതായി കരുതപ്പെടുന്നു.

മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിലെ അസാധാരണ ധൈര്യത്തിന് നൽകുന്ന എഡൽസ്റ്റാം സമ്മാനം നവംബർ 19 ന് സ്റ്റോക്ക്ഹോമിൽ വെച്ച് അദ്ദേഹത്തിന് സമ്മാനിക്കും. ഡാവിറ്റിൻ്റെ മകൾ ബെറ്റ്‌ലെഹേം ഐസക്ക് അദ്ദേഹത്തിന് വേണ്ടി സമ്മാനം സ്വീകരിക്കും.

എഡൽസ്റ്റാം ഫൗണ്ടേഷൻ ഡാവിറ്റിൻ്റെ മോചനത്തിന് ആഹ്വാനം ചെയ്തു. എറിട്രിയൻ അധികാരികളോട് അദ്ദേഹത്തെ പാർപ്പിച്ചിരിക്കുന്ന സ്ഥലം വെളിപ്പെടുത്താനും ആവശ്യപ്പെട്ടു.

“ദാവിത്ത് ഐസക്ക് ലോകത്തിലെ ഏറ്റവും കൂടുതൽ കാലം തടങ്കലിലായ പത്രപ്രവർത്തകനാണ്. അദ്ദേഹത്തിൻ്റെ ആരോഗ്യത്തെക്കുറിച്ചും അദ്ദേഹം എവിടെയാണെന്ന് അജ്ഞാതമായതിനാലും ഞങ്ങൾക്ക് വളരെ ആശങ്കയുണ്ട്. അദ്ദേഹത്തിനെതിരെ കുറ്റം ചുമത്തിയിട്ടില്ല. കുടുംബവുമായി ബന്ധപ്പെടാനുള്ള അവകാശവും കോൺസുലർ സഹായവും അദ്ദേഹത്തിന് നിഷേധിക്കപ്പെട്ടു,’ എഡൽസ്റ്റാം പ്രൈസ് ജൂറി ചെയർ കരോലിൻ എഡൽസ്റ്റാം പറഞ്ഞു.

Content Highlight: World’s longest detained journalist wins rights prize

We use cookies to give you the best possible experience. Learn more