| Wednesday, 1st March 2023, 11:52 am

ഓസ്‌കര്‍ അവാര്‍ഡ് വേദിയില്‍ ആടിതിമിര്‍ക്കാന്‍ 'നാട്ടു നാട്ടു'; ഏറ്റവും വലിയ ആര്‍.ആര്‍.ആര്‍ സ്‌ക്രീനിങ് യു.എസ്.എയിലും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

95ാമത് അക്കാദമി അവാര്‍ഡിന് ഏതാനും ദിവസങ്ങള്‍ ബാക്കി നില്‍ക്കുമ്പോള്‍ എസ്.എസ് രാജമൗലിയുടെ ആര്‍.ആര്‍.ആര്‍ യു.എസ്.എയിലെ തിയേറ്ററുകളില്‍ വീണ്ടും റിലീസ് ചെയ്യുകയാണ്.

ആര്‍.ആര്‍.ആര്‍ നാളെ ലോസ് ആഞ്ചെലെസില്‍ ലോകത്തിലെ ഏറ്റവും വലിയ പ്രദര്‍ശനത്തിന് സാക്ഷ്യം വഹിക്കുകയാണെന്ന് നിര്‍മാതാക്കളാണ് ട്വീറ്റ് ചെയ്തത്. ആര്‍.ആര്‍.ആര്‍ സിനിമയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ നിര്‍മാതാക്കള്‍ ഇക്കാര്യം പ്രഖ്യാപിച്ചു.

”ആര്‍.ആര്‍.ആര്‍ മൂവി നാളെ ലോസ് ആഞ്ചെലെസിലെ ലോകത്തിലെ ഏറ്റവും വലിയ പ്രദര്‍ശനത്തിന് സാക്ഷ്യം വഹിക്കും. 1647 സീറ്റുകളുള്ള ഷോ ഇതിനകം വിറ്റുതീര്‍ന്നു, എസ്.എസ് രാജമൗലി എം.എം കീരവാണിയും രാം ചരണും പങ്കെടുക്കും.

രാം ചരണ്‍, എസ്.എസ്. രാജമൗലി, എം.എം. കീരവാണി എന്നിവര്‍ ഇപ്പോള്‍ ലോസ് ആഞ്ചെലെസിലാണ്. അവിടെ വെച്ച് ക്യൂ ആന്‍ഡ് എ സെഷനിലും ഇവര്‍ പങ്കെടുക്കും. ജൂനിയര്‍ എന്‍.ടി.ആര്‍ ഇപ്പോള്‍ ഇന്ത്യയില്‍ ഒരു പ്രോജക്റ്റിന്റെ ഷൂട്ടിങ്ങുമായി തിരക്കിലായതിനാലാണ് അദ്ദേഹത്തിന് പങ്കെടുക്കാന്‍ കഴിയാത്തത്,” ട്വിറ്ററിലൂടെ അറിയിച്ചു.

കൂടാതെ നാട്ടു നാട്ടു ഗായകരായ രാഹുല്‍ സിപ്ലിഗഞ്ചും കാലഭൈരവയും ഈ വര്‍ഷത്തെ ഓസ്‌കാറില്‍ അക്കാദമി നാമനിര്‍ദ്ദേശം ചെയ്ത നാട്ടു നാട്ടു ഗാനം അവതരിപ്പിക്കും. എസ്.എസ് രാജമൗലിയുടെ ആര്‍.ആര്‍.ആര്‍ എന്ന ചിത്രത്തിലെ നാട്ടു നാട്ടുവും ഈ വര്‍ഷത്തെ ഓസ്‌കാറില്‍ മികച്ച ഒറിജിനല്‍ ഗാന വിഭാഗത്തില്‍ നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. നാട്ടു നാട്ടു ഗായകന്‍ രാഹുല്‍ സിപ്ലിഗഞ്ച്, അക്കാദമിയുടെ ഈ പോസ്റ്റ് പങ്കിട്ടിട്ടുണ്ട്. ‘ഇത് എന്റെ ജീവിതത്തിലെ മറക്കാനാവാത്ത നിമിഷമാണ്’ എന്നാണ് പങ്കുവെച്ച് കൊണ്ട് അദ്ദേഹം കുറിച്ചത്.

ആഗോള ഹിറ്റായ ആര്‍.ആര്‍.ആര്‍ ജപ്പാനിലും യു.എസ്.എയിലും റിലീസ് ചെയ്തിരുന്നു. അവിടെ ചിത്രത്തിന് ആരാധകരില്‍ നിന്നും മികച്ച അഭിപ്രായമാണ്. ഇന്റര്‍നാഷണല്‍ അവാര്‍ഡ് സീസണിലും ചിത്രം ഇടംനേടി. ഈ വര്‍ഷം ലോസ് ഏഞ്ചല്‍സില്‍ നടന്ന ക്രിട്ടിക്സ് ചോയ്സ് അവാര്‍ഡില്‍ ആര്‍. ആര്‍.ആറിന് രണ്ട് അവാര്‍ഡുകള്‍ ലഭിച്ചു. മികച്ച വിദേശ ഭാഷാ ചിത്രമായി ആര്‍.ആര്‍ ആര്‍ തിരഞ്ഞെടുക്കപ്പെടുകയും അതിലെ നാട്ടു നാട്ടു എന്ന ഗാനത്തിന് മികച്ച ഒറിജിനല്‍ ഗാനത്തിനുള്ള അവാര്‍ഡുമാണ് ലഭിച്ചത്. ഈ വര്‍ഷം ലോസ് ഏഞ്ചല്‍സില്‍ വെച്ച് നടന്ന 80ാമത് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡിലും നാട്ടു നാട്ടു തന്നെയായിരുന്നു മികച്ച ഗാനം.

കൂടാതെ, കഴിഞ്ഞ ആഴ്ച ലോസ് ഏഞ്ചല്‍സില്‍ വെച്ച് നടന്ന ഹോളിവുഡ് ക്രിട്ടിക്‌സ് അസോസിയേഷന്‍ അവാര്‍ഡില്‍ മികച്ച ആക്ഷന്‍ ഫിലിം, മികച്ച സ്റ്റണ്ടുകള്‍, മികച്ച ഒറിജിനല്‍ ഗാനം എന്നിവയുള്‍പ്പെടെ 3 വലിയ അവാര്‍ഡുകളും നേടി. ആര്‍.ആര്‍.ആര്‍ മികച്ച അന്താരാഷ്ട്ര ചിത്രമായും തെരഞ്ഞെടുത്തു.

content highlight: World’s Largest RRR Screening to be held in Los Angeles

We use cookies to give you the best possible experience. Learn more