ഹെല്‍സങ്കി: ലോകസന്തോഷ സൂചികയില്‍ (World Happiness Index) സ്ഥാനം മെച്ചപ്പെടുത്താനാവാതെ ഇന്ത്യ. 146 രാജ്യങ്ങളുടെ പട്ടികയില്‍ 136ാം സ്ഥാനത്താണ് ഇന്ത്യ. യു.എന്നിന്റെ ഹാപ്പിനെസ് റിപ്പോര്‍ട്ട് 2022ന്റെ അടിസ്ഥാനത്തിലാണ് പട്ടിക പുറത്തുവിട്ടത്.
കഴിഞ്ഞ തവണയും അവസാന പത്തിലായിരുന്നു ഇന്ത്യയുടെ സ്ഥാനം. 2021ലെ റിപ്പോര്‍ട്ട് അനുസരിച്ച് 149 രാജ്യങ്ങളുടെ പട്ടികിയില്‍ 139ാം സ്ഥാനമായിരുന്നു ഇന്ത്യയ്ക്കുണ്ടായിരുന്നത്.
പാകിസ്ഥാനും ബംഗ്ലാദേശുമടക്കമുള്ള ഇന്ത്യയുടെ അയല്‍ രാജ്യങ്ങള്‍ സന്തോഷ സൂചികയില്‍ ഇന്ത്യയെക്കാള്‍ മുന്നിലാണ്. 103ാം സ്ഥാനമാണ് പാകിസ്ഥാനുള്ളതെങ്കില്‍ 99ാം സ്ഥാനത്താണ് ബംഗ്ലാദേശ്.
ആറ് പ്രധാന വേരിയബിളുകള്‍ (Variables) ഉപയോഗിച്ചാണ് സന്തോഷ പട്ടിക യു.എന്‍ തയ്യാറാക്കുന്നത്. വരുമാനം, ആയുര്‍ദൈര്‍ഘ്യം, പ്രശ്‌ന സമയങ്ങളിലെ പരാശ്രയം, മഹാമനസ്‌കത, സ്വാതന്ത്ര്യം, വിശ്വാസം, (Income, Healthy life expectancy, Having someone to count on in times of trouble, Generosity, Freedom and Trust) എന്നിവയാണ് ആ വേരിയബിളുകള്‍. ഇതുകൂടാതെ സര്‍ക്കാരിലെ അഴിമതിയില്ലായ്മയെയും ഹാപ്പിനെസ് ഇന്‍ഡെക്‌സ് കണക്കാക്കാന്‍ യു.എന്‍ ഉപയോഗിക്കുന്നു.
ഫിന്‍ലാന്‍ഡാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. തുടര്‍ച്ചയായ അഞ്ചാം തവണയാണ് ഫിന്‍ലാന്‍ഡ് പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നത്. 7.842 പോയിന്റാണ് ഫിന്‍ലാന്‍ഡിനുള്ളത്. അഫ്ഗാനിസ്ഥാനാണ് പട്ടികയിലെ അവസാന സ്ഥാനക്കാര്‍.
ഫിന്‍ലാന്‍ഡ്, ഡെന്‍മാര്‍ക്ക്, ഐസ്‌ലാന്‍ഡ്, സ്വിറ്റ്‌സര്‍ലാന്‍ഡ്, നെതര്‍ലാന്‍ഡ്, ലക്‌സംബര്‍ഗ്, സ്വീഡന്‍, നോര്‍വേ, ഇസ്രഈല്‍, ന്യൂസിലാന്‍ഡ് എന്നിവരാണ് സന്തോഷ സൂചികയിലെ ആദ്യ പത്ത് സ്ഥാനക്കാര്‍.
സാംബിയ (137), മലാവി (138), ടാന്‍സാനിയ (139), സിയേറ ലിയോണ്‍ (140), ലെസോത്തോ (141), ബോട്‌സ്വാന (142), റുവാണ്ട (143), സിംബാബ്‌വേ (144), ലെബനന്‍ (145), അഫ്ഗാനിസ്ഥാന്‍ (146) എന്നീ രാജ്യങ്ങളാണ് പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനങ്ങളില്‍ ഇടംപിടിച്ചിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം താലിബാന്‍ അധികാരത്തിലേറ്റതോടെ അഫ്ഗാനിസ്ഥാന്‍ സന്തോഷ സൂചികാ പട്ടികയില്‍ നിന്നും വീണ്ടും പുറകോട്ട് പോയിരുന്നു.
യു.എന്നിന്റെ ഏജന്‍സിയായ യൂണിസെഫിന്റെ (UNICEF) റിപ്പോര്‍ട്ടില്‍, കൃത്യമായ സഹായം ലഭിച്ചില്ലെങ്കില്‍, വരുന്ന ശൈത്യത്തിന് മുമ്പ്, 5 വയസില്‍ താഴെയുള്ള പത്ത് ലക്ഷത്തിലധികം കുട്ടികള്‍ അഫ്ഗാനില്‍ പട്ടിണി മൂലം മരിക്കുമെന്ന് വ്യക്തമാക്കുന്നു.