| Saturday, 11th July 2020, 7:00 pm

'എര്‍ദൊഗാന്റെ ദേശീയത തുര്‍ക്കിയെ ആറു നൂറ്റാണ്ട് പിന്നിലേക്കാക്കി' ഹാഗിയ സോഫിയ മസ്ജിദാക്കിയതില്‍ പ്രതിഷേധിച്ച് ലോകം

ഡൂള്‍ന്യൂസ് ഡെസ്‌ക്

അങ്കാര: തുര്‍ക്കിയിലെ ചരിത്ര സ്മാരകമായ ഹാഗിയ സോഫിയ മുസ്‌ലിം പള്ളിയാക്കി മാറ്റിയതിനു പിന്നാലെ പ്രതിഷേധവുമായി വിവിധ രാജ്യങ്ങള്‍. അമേരിക്ക, റഷ്യ, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും ഉള്‍പ്പെടെയാണ് വിഷയത്തില്‍ വിമര്‍ശനം ഉന്നയിച്ചത്.

എര്‍ദൊഗാന്റെ തീരുമാനം ഖേദകരമെന്നാണ് യൂറോപ്യന്‍ യൂണിയന്‍ വിദേശ നയ ചീഫ് ജോസഫ് ബൊരെല്‍ പ്രതികരിച്ചത്. ഹാഗിയ സോഫിയയെ മസ്ജിദ് ആക്കി മാറ്റിയ തുര്‍ക്കി സര്‍ക്കാര്‍ തീരുമാനത്തില്‍ ഞങ്ങള്‍ നിരാശരാണെന്നാണ് യു.എസ് സ്റ്റേറ്റ് ഡിപാര്‍ട്‌മെന്റ് വക്താവ് മോര്‍ഗന്‍ ഒര്‍ടാഗസ് ഇറക്കിയ പ്രസ്താവനയില്‍ പറഞ്ഞത്. പുരോഗമന ലോകത്തിനു നേരെയുള്ള പ്രകോപനം ആണ് തുര്‍ക്കി നീക്കം എന്നാണ് ഗ്രീസ് പ്രതികരിച്ചത്.

‘ എര്‍ദൊഗാന്‍ ഉയര്‍ത്തുന്ന ദേശീയത അദ്ദേഹത്തിന്റെ രാജ്യത്തെ ആറ് നൂറ്റാണ്ട് പിന്നോട്ടടിപ്പിക്കുന്നു,’ ഗ്രീസ് സാംസ്‌കാരിക മന്ത്രാലയം ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.

സമാനമായി തന്നെ റഷ്യന്‍ വിദേശ കാര്യമന്ത്രാലയവും പ്രതികരിച്ചു. ഇത് ഒരു പള്ളിയായി മാറ്റുന്നത് മുസ് ലിം ലോകത്തിന് ഒന്നും ചെയ്യുന്നില്ല. അത് രാഷ്ട്രങ്ങളെ ഒന്നിപ്പിക്കുന്നില്ല. നേരെ മറിച്ച് അവരെ തമ്മില്‍ അകറ്റുന്നു,’ റഷ്യന്‍ വിദേശ കാര്യ ഡെപ്യൂട്ടി ഹെഡ് വ്‌ളാദിമര്‍ ദസ്‌കബരൊവ് പറഞ്ഞു. വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറാവണമെന്നാണ് തുര്‍ക്കിയോട് യുനസ്‌കോ ആവശ്യപ്പെട്ടിരിക്കുന്നത്.

ഹാഗിയ സോഫിയയെ മുസ്ലിം ആരാധനാലയമാക്കിയതായി വെള്ളിയാഴ്ച തുര്‍ക്കി പ്രസിഡന്റ് റെജപ് തയ്യിപ് എര്‍ദൊഗാന്‍ അറിയിച്ചിരുന്നു. ആധുനിക തുര്‍ക്കി സ്ഥാപകര്‍ ആരാധനാലയത്തെ മ്യൂസിയമാക്കി മാറ്റയത് നിയമ വിരുദ്ധമാണെന്ന് തുര്‍ക്കി കോടതി വിധിച്ചതിനു പിന്നാലെയാണ് എര്‍ദൊഗാന്റെ പ്രഖ്യാപനം. ഇസ്താംബൂളിലെ ഹാഗിയ സോഫിയ എന്ന ചരിത്ര സ്മാരകം പള്ളിയാക്കി മാറ്റുന്നതിനെതിരെ ആഗോള തലത്തില്‍ വിമര്‍ശനം ഉയരുന്നതിനിടെയായിരുന്നു എര്‍ദൊഗാന്റെ തീരുമാനം.

1453 ല്‍ ഓട്ടോമന്‍ പടനായകര്‍ ഇപ്പോഴത്തെ ഇസ്താംബൂള്‍ കീഴടക്കുന്നതിനു മുമ്പ് ഈ പള്ളി ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ വിശ്വാസികളുടെ പ്രധാന ആരാധനായലമായിരുന്നു. ഓട്ടോമന്‍ കാലഘട്ടത്തില്‍ ഈ ആരാധനാലലയം മുസ്ലിം പള്ളി ആക്കുകയായിരുന്നു. പിന്നീട് 1934 ല്‍ ആണ് പള്ളി മ്യൂസിയം ആക്കുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more