| Wednesday, 3rd May 2017, 10:24 am

ലോക മാധ്യമസ്വാതന്ത്ര്യ ദിനത്തിന്റെ പ്രാധാന്യം ഓര്‍മ്മിപ്പിച്ച് 'മാതൃഭൂമി'; മാതൃഭൂമിയുടേത് ഇരട്ടത്താപ്പെന്ന് വിമര്‍ശകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഇന്ന് മാതൃഭൂമി ദിനപത്രം കിട്ടിയവരെല്ലാം ആദ്യം ഒന്ന് ഞെട്ടിയിട്ടുണ്ടാകും. ഒന്നാം പേജിലെ വാര്‍ത്തകളും ചിത്രങ്ങളും പരസ്യങ്ങളുമെല്ലാം കറുത്ത മഷിയാല്‍ മറയ്ക്കപ്പെട്ടിരിക്കുന്നു. അച്ചടിയിലുണ്ടായ പിശകാണെന്ന് ഒറ്റനോട്ടത്തില്‍ തോന്നുമെങ്കിലും ഒന്നാം പേജ് മറിച്ചു നോക്കിയാല്‍ സംഗതി മനസിലാകും.

ഇന്ന് മെയ് മൂന്ന്. ഇരുപത്തി നാലാമത് മാധ്യമസ്വാതന്ത്ര്യ ദിനം. മറ്റ് പത്രങ്ങളൊന്നും ചെയ്യാത്ത കാര്യമാണ് ഈ ദിനത്തിന്റെ പ്രാധാന്യം ഓര്‍മ്മിപ്പിക്കാനായി “മാതൃഭൂമി” ചെയ്തിരിക്കുന്നത്. വിലപ്പെട്ട ആദ്യ രണ്ട് താളുകള്‍ ഇതിനായി നീക്കി വെച്ചിരിക്കുകയാണ് പത്രം. വിലക്കപ്പെടുന്ന മാധ്യമ സ്വാതന്ത്രത്തിന്റെ ലോകത്ത് മാതൃഭൂമിയുടെ വ്യത്യസ്തമായ “ആഘോഷം” പ്രാധാന്യമര്‍ഹിക്കുന്നത് തന്നെ.


Also Read: ഡോക്ടര്‍മാര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ തടയാന്‍ ഗുണ്ടകളെ നിയോഗിക്കുമെന്ന് ഐ.എം.എ; കോഴിക്കോട്ട് ഇന്ന് മെഡിക്കല്‍ ബന്ദ്


മാധ്യമ പ്രവര്‍ത്തകര്‍ കനത്ത വെല്ലുവിളി നേരിടുന്ന സാഹചര്യത്തിലാണ് മാധ്യമ സ്വാതന്ത്ര ദിനം എന്ന് മാതൃഭൂമി വായനക്കാരെ ഓര്‍മ്മിപ്പിക്കുന്നു. സിറിയ, സോമാലിയ, ശ്രീലങ്ക, കൊളംബിയ, അഫ്ഘാനിസ്ഥാന്‍, മെക്സിക്കോ, പാകിസ്ഥാന്‍, റഷ്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളിലാണ് മാധ്യമ പ്രവര്‍ത്തകര്‍ കഷ്ടത അനുഭവിക്കുന്നതെന്നാണ് ആംനെസ്റ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. അമേരിക്കയിലും സ്ഥിതി മറിച്ചല്ല. ഡൊണാള്‍ഡ് ട്രംപിന്റെ സ്ഥാനാരോഹണത്തിന്‍ ശേഷം ഒട്ടേറെ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിരുന്നു.

മാതൃഭൂമിയുടെ ഒന്നാം പേജ്:

ഈ രാജ്യങ്ങള്‍ എപ്രകാരമാണ് മാധ്യമസ്വാതന്ത്ര്യത്തിന്റെ ശ്വാസം മുട്ടിച്ചിരിക്കുന്നതെന്ന് രണ്ടാം താളില്‍ മാതൃഭൂമി വ്യക്തമാക്കുന്നു. മാധ്യമപ്രവര്‍ത്തകരെ കുറ്റക്കാരായും വിസില്‍ ബ്ലോവേഴ്‌സിനെ ചാരന്‍മാരായും കണക്കാക്കുന്ന കരിനിയമം യു.കെയുടെ പരിഗണനയിലുണ്ടെന്ന് മാതൃഭൂമി പറയുന്നു.

അപ്രിയ സത്യങ്ങള്‍ വിളിച്ച് പറയുന്ന മാധ്യമപ്രവര്‍ത്തകര്‍ അക്രമിക്കപ്പെടുന്നത് ആഫ്രിക്കയില്‍ ഇന്ന് സാധാരണ സംഭവം മാത്രമാണ്. അക്രമങ്ങളില്‍ ഭൂരിഭാഗവും നടക്കുന്നത് രാഷ്ട്രീയ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയാണത്രെ.


Don”t Miss: ട്രാഫിക് ബ്ലോക്ക് ഒഴിവാക്കാന്‍ ഇതാ ഒരു മിസോറാം മതൃക; വീഡിയോ കാണാം


സെല്‍ഫ് സെന്‍സറിംഗ് നടത്തു അല്ലെങ്കില്‍ രാജ്യം വിടുക. ജീവന്‍ വേണമെങ്കില്‍ മെക്‌സിക്കോയിലെ മാധ്യമപ്രവര്‍ത്തകര്‍ ശ്രദ്ധിക്കണ്ട കാര്യങ്ങളാണ് ഇവ. രാഷ്ട്രീയക്കാരില്‍ നിന്നും കൊള്ള സംഘങ്ങളില്‍ നിന്നും മയക്കുമരുന്ന് മാഫിയയില്‍ നിന്നും മെക്‌സിക്കന്‍ മാധ്യമപ്രവര്‍ത്തകര്‍ ഭീഷണി നേരിടുന്നു.

അമേരിക്കയും റഷ്യയുമെല്ലാം മാധ്യമസ്വാതന്ത്ര്യം ഹനിക്കുന്ന കാര്യത്തില്‍ മോശക്കാരല്ല. ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങിനിടെ നടന്ന പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്തതിന് പത്തോളം മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തത്.

അതേസമയം ഇന്ത്യയില്‍ മാധ്യമപ്രവര്‍ത്തകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മാതൃഭൂമി പരാമര്‍ശിച്ചിട്ടില്ല. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ മാധ്യമ സ്വാതന്ത്ര്യത്തില്‍ ബഹുദൂരം പിന്നിലാണ്. മാധ്യമസ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ ഇന്ത്യയ്ക്ക് 136-ആം സ്ഥാനമാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മൂന്ന് റാങ്ക് പിന്നിലാണ് ഇന്ത്യ ഇപ്പോള്‍. “റിപ്പോര്‍ട്ടേഴ്സ് ബിയോണ്ട് ബോര്‍ഡേഴ്സ്” എന്ന നിരീക്ഷണ സംഘടനയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ മാതൃഭൂമിയ്‌ക്കെതിരെ വിമര്‍ശനങ്ങളും ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്. സ്വന്തം സ്ഥാപനത്തിലെ മാധ്യമപ്രവര്‍ത്തകരെ പ്രതികാര ബുദ്ധിയോടെ രാജ്യത്തെ വിദൂര സ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റിയ സ്ഥാപനം തന്നെ മാധ്യമ സ്വാതന്ത്ര്യത്തിനായി ഒന്നാം പേജ് മാറ്റി വെച്ചതിലെ വൈരുദ്ധ്യമാണ് സമൂഹമാധ്യമങ്ങളിലെ ചര്‍ച്ച.

സ്വന്തം സ്ഥാപനത്തിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ ഈ പ്രതികാര നടപടികള്‍ റിപ്പോര്‍ട്ട് ചെയ്ത ഡൂള്‍ന്യൂസ് ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ മാതൃഭൂമി കേസ് കൊടുത്തിരുന്നു. സുപ്രീം കോടതി എടുത്തുകളഞ്ഞ ഐ.ടി നിയമപ്രകാരമായിരുന്നു കേസ്. മാത്രമല്ല തൊഴില്‍സമരം റിപ്പോര്‍ട്ട് ചെയ്ത ഓണ്‍ലൈന്‍ സൈറ്റുകള്‍ വായിക്കുന്നതിന് മാതൃഭൂമിയുടെ സ്ഥാപനങ്ങളില്‍ അന്ന് ഏര്‍പ്പെടുത്തിയ വിലക്ക് ഇതുവരെയും നീക്കാന്‍ മാതൃഭൂമി തയ്യാറായിട്ടില്ല.

മാതൃഭൂമിയുടെ രണ്ടാം പേജ്:

We use cookies to give you the best possible experience. Learn more