|

സംഘാടകരോടുള്ള പ്രതിഷേധം; നവാമി ഒസാക്ക ഫ്രഞ്ച് ഓപ്പണില്‍ നിന്ന് പിന്മാറി

സ്പോര്‍ട്സ് ഡെസ്‌ക്

പാരിസ്: ലോക രണ്ടാം നമ്പര്‍ വനിതാ താരം ജപ്പാന്റെ നവോമി ഒസാക്ക ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസില്‍ നിന്നും പിന്മാറി. രണ്ടാം റൗണ്ടില്‍ റുമേനിയയുടെ അന്ന ബോഗ്ദാനെ ഇന്നു നേരിടാനിരിക്കെയാണു ഒസാക്കയുടെ അപ്രതീക്ഷിത പിന്‍മാറ്റം.

ആദ്യ മത്സരം ജയിച്ച ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കാതിരുന്നതിന് താരത്തിന് പിഴ ചുമത്തിയിരുന്നു. പത്രസമ്മേളനം ബഹിഷ്‌കരിച്ചതിന്റെ പേരില്‍ 15,000 ഡോളറാണ് പിഴയിട്ടത്. ഇതിന് ശേഷമാണ് ഒസാക്ക പിന്മാറ്റം അറിയിച്ചത്.

പത്രസമ്മേളനത്തില്‍നിന്നു താന്‍ മാറിനില്‍ക്കുന്നതു വിവാദമാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മറ്റു താരങ്ങളുടെ ഏകാഗ്രത നശിപ്പിക്കാന്‍ ആഗ്രഹമില്ലെന്നും പിന്‍മാറ്റം ട്വിറ്ററിലൂടെ പ്രഖ്യാപിച്ച് ഒസാക്ക പറഞ്ഞു. 2008 ലെ യു.എസ് ഓപ്പണ്‍ കിരീട നേട്ടത്തിന് ശേഷം വിഷാദ രോഗം ബാധിച്ചതായും, തനിക്ക് പൊതുവേദിയില്‍ സാസാരിക്കാന്‍ കഴിയാറില്ലെന്നും താരം പറയുന്നു. കാലഹരണപ്പെട്ട നിയമമാണിതെന്നും ഒസാക്ക കുറിച്ചു.

ഏറെ പിരിമുറുക്കങ്ങള്‍ ഉള്ളതിനാലാണ് മാധ്യമങ്ങളെ കാണാതിരുന്നതെന്ന് ഒസാക്ക പറഞ്ഞു. തന്റെ മാനസികാരോഗ്യം സംരക്ഷിക്കാന്‍ വേണ്ടിയാണു പത്രസമ്മേളനം ബഹിഷ്‌കരിക്കുന്നതെന്നും
ഒസാക്ക പറഞ്ഞു.

അതേസമയം, മറ്റു പ്രമുഖ താരങ്ങള്‍ പത്രസമ്മേളനത്തില്‍ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ച് ഫ്രഞ്ച് ഓപ്പണ്‍ സംഘാടകര്‍ ഒസാക്കക്കു മറുപടി നല്‍കിയിരുന്നു. ഇതിനെതിരെ
വിമര്‍ശനമുയര്‍ന്നതോടെ സംഘാടകര്‍ ട്വീറ്റ് പിന്‍വലിക്കുകയും ചെയ്തിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTEMT HIGHLIGHS: Naomi Osaka withdraws from French Open