തെഹ്റാന്‍: പുതിയ സാഹചര്യത്തില്‍ ആമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി ചര്‍ച്ചയുടെ ആവശ്യമില്ലെന്ന് ഇറാന്റെ പുതിയ പ്രസിഡന്റ് ഇബ്രാഹിം റെയ്സി. എന്നാല്‍ ആണവകരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അനന്തമായി നീട്ടിക്കൊണ്ടുപോകാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്ചത്തെ തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് ശേഷം നടത്തിയ ആദ്യ വാര്‍ത്താ സമ്മേളനത്തിലായിരുന്നു റെയ്സി നിലപാട് വ്യക്തമാക്കിയത്.
കരാര്‍ പുതുക്കാനുള്ള ചര്‍ച്ചകള്‍ സ്വാഗതാര്‍ഹമാണ്. എന്നാല്‍, ദേശീയ താല്‍പ്പര്യം മാനിക്കാന്‍ ലോകരാഷ്ട്രങ്ങള്‍ തയ്യാറാകണം. ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതിയില്‍ ചര്‍ച്ചയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാന്‍ ആണവ കരാര്‍ എന്നറിയപ്പെടുന്ന സംയുക്ത സമഗ്ര കര്‍മ്മപദ്ധതി പുനരുജ്ജീവിപ്പിക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്ന സമയത്താണ് പുതിയ പ്രസിഡന്റിന്റെ നലപാട് പുറത്തുവരുന്നത്. ‘ഇറാനെതിരായ എല്ലാ അടിച്ചമര്‍ത്തല്‍ ഉപരോധങ്ങളും നീക്കാന്‍ യു.എസ്. ബാധ്യയുണ്ടെന്നും റയ്സി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഇറാന്‍ പ്രസിഡന്റ് തെരെഞ്ഞെടുപ്പ് നടപടികളില്‍ വിമര്‍ശനമുയര്‍ത്തി യു.എസ്. ഇറാനില്‍ നടന്നത് സ്വതന്ത്രവും സുതാര്യവുമായ തെരഞ്ഞെടുപ്പല്ലെന്ന് യു.എസ്. നേരത്തെ നിലപാട് എടുത്തതിന് പിന്നാലെയാണ് റെയ്സിയുടെ പ്രതികരണം.
ഇറാന്റെ പുതിയ പ്രസിഡന്റായി ഇബ്രാഹിം റെയ്സി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് യു.എസ്. വക്താവ് വിമര്‍ശനുവുമായി രംഗത്തെത്തിരുന്നത്. സ്വതന്ത്രവും നീതിപൂര്‍വ്വവുമായ ഒരു വോട്ടെടുപ്പ് പ്രക്രിയയിലൂടെ തങ്ങളുടെ നേതാക്കളെ തെരഞ്ഞെടുക്കാനുള്ള ഇറാനിയന്‍ ജനതയുടെ അവകാശമാണ് നിഷേധിക്കപ്പെട്ടതെന്ന് വക്താവ് പ്രതികരിച്ചത്.