വാഷിംഗ്ടണ്‍: കറുത്ത വംശജനായ ജോര്‍ജ് ഫ്ളോയ്ഡിനെ കൊന്ന കേസിലെ മുഖ്യപ്രതിയായ മുന്‍ പൊലീസ് ഉദ്യോഗസ്ഥന് ഡെറക് ചൗവിന് 22 വര്‍ഷം തടവുശിക്ഷ കോടതി വിധിയെ അഭിനന്ദിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്. ഉചിതമായ വിധിയെന്നാണ് യു.എസ്. പ്രസിഡന്റ് കോടതി വിധിയില്‍ പ്രതികരിച്ചത്.
‘കോടതി പരിഗണിച്ച എല്ലാ സാഹചര്യങ്ങളും എനിക്കറിയില്ല, പക്ഷേ, മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ഉചിതമായ വിധിയാണുണ്ടായിരുക്കുന്നത്,’ ജോ ബൈഡന് പറഞ്ഞു.
സമീപകാലത്ത് വംശീയതക്കെതിരെ അമേരിക്കയും ലോകവും കണ്ട ഏറ്റവും വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ച സംഭവമായിരുന്നു ജോര്‍ജ് ഫ്ളോയ്ഡിന്റെ മരണം. ജോര്‍ജ് ഫ്ളോയ്ഡിന്റെ മരണവും തുടര്‍ന്നുണ്ടായ ബ്ലാക്ക് ലൈവ്സ് മാറ്ററും 2020ലെ യു.എസ്. തെരഞ്ഞെടുപ്പില്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തോല്‍വിയുടെ കാരണമായി എന്ന വിലയിരുത്തലുകളുണ്ടായിരുന്നു.
ഇതിന് പിന്നാലെയാണ് ജോര്‍ജ് ഫ്ളോയ്ഡിനെ കൊന്ന കേസിലെ മുഖ്യപ്രതിയായ മുന്‍ പൊലീസ് ഉദ്യോഗസ്ഥന് ഡെറക് ചൗവിക്ക് കോടതി വിധിച്ച ശിക്ഷ ഉചിതമായി എന്ന അഭിപ്രായവുമായി യു.എസ്. പ്രസിഡന്റ് രംഗത്തെത്തിയിരിക്കുന്നത്.
ഔദ്യോഗികപദവിയുടെ അധികാരവും വിശ്വാസ്യതയും ദുരുപയോഗം ചെയ്തതിനും ജോര്‍ജ് ഫ്ളോയ്ഡിനോട് ചെയ്ത ക്രൂരതയ്ക്കുമാണ് ഇത്രയും വര്‍ഷത്തെ തടവുശിക്ഷ വിധിക്കുന്നതെന്ന് നേരത്തെ കോടതി അറിയിച്ചിരുന്നു.
സഹതാപത്തിന്റെയോ വികാരങ്ങളുടെയോ അടിസ്ഥാനത്തിലല്ല നിയമത്തില്‍ മാത്രം ഊന്നിക്കൊണ്ടാണ് ഈ വിധി നടത്തുന്നതെന്നും ജഡ്ജ് പീറ്റര്‍ കാഹില്‍ പറഞ്ഞു.
അതേസമയം, വിചാരണക്കിടെ ജോര്‍ജ് ഫ്ളോയ്ഡിന്റെ മരണത്തില്‍ കുടുംബത്തോട് അനുശോചനമറിയിച്ച ഡെറക് മാപ്പ് പറയാന്‍ തയ്യാറായില്ല. നിയമത്തിന്റെ ചില കടമ്പകള്‍ നിലനില്‍ക്കുന്നതിനാല്‍ തനിക്ക് പ്രസ്താവന മുഴുവന്‍ നല്‍കാനായില്ലെന്നുമാണ് ഡെറക് പറഞ്ഞത്.
അമേരിക്കന്‍ നഗരമായ മിനപോളിസില്‍ വെച്ച് 2020 മെയ് 25നാണ് ജോര്‍ജ് ഫ്ളോയിഡ് കൊല്ലപ്പെട്ടത്. വ്യാജ കറന്‍സി കൈയ്യില്‍ വെച്ചെന്നാരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത ഫ്ളോയിഡിനെ വെള്ളക്കാരനായ പൊലീസ് ഉദ്യോഗസ്ഥന് ഡെറക് ചൗവിന് കാല്‍മുട്ടുകൊണ്ട് കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു.
ഡെറക് ചൗവിന് വര്‍ഷങ്ങളുടെ തടവ് വിധിച്ച കോടതി നടപടിയെ നിരവധി പേരാണ് സ്വാഗതം ചെയ്തത്. അമേരിക്കയില്‍ വംശീയത തടയാനായി നടക്കുന്ന പ്രവര്‍ത്തനങ്ങളുടെ ചരിത്രത്തില്‍ നിര്‍ണായകസ്ഥാനമായിരിക്കും ഈ കോടതി വിധിക്കുണ്ടാവുകയെന്നാണ് ഫ്ളോയ്ഡിന് വേണ്ടി ഹാജരായ അഭിഭാഷകന് പ്രതികരിച്ചത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം