| Tuesday, 15th September 2020, 4:33 pm

'കൊവിഡ് വാക്‌സിന്‍ ഉത്പാദനത്തില്‍ ഇന്ത്യയുടെ സഹകരണം അത്യാവശ്യം; വിജയിക്കുന്ന വാക്‌സിന്റെ ഉത്പാദനം ഇന്ത്യയില്‍ നടത്തും': ബില്‍ഗേറ്റ്‌സ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലോകവ്യാപകമായി കൊവിഡ് വാക്‌സിന്‍ ഉത്പാദനത്തില്‍ മുന്‍പന്തിയിലുള്ള രാജ്യമായ ഇന്ത്യയെയാണ് ലോകരാജ്യങ്ങള്‍ ഉറ്റുനോക്കുന്നതെന്ന് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്.

കൊവിഡ് വാക്‌സിന്‍ ഉത്പാദനത്തിനും വന്‍തോതിലുള്ള വിതരണത്തിലും ഇന്ത്യയുടെ സഹകരണം ആവശ്യമാണെന്നും ബില്‍ ഗേറ്റ്‌സ് പറഞ്ഞു. പി.ടി.ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ ഈ പരാമര്‍ശം.

നിലവില്‍ കൊവിഡ് പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ആസ്ട്രസെനെക്ക, ഓക്‌സ്‌ഫോര്‍ഡ്, നോവവാക്‌സ് എന്നിവ പരീക്ഷണത്തിലാണ്. വിജയിക്കുന്ന ഏത് വാക്‌സിന്‍ ആയാലും അവ ഇന്ത്യയില്‍ എത്തിച്ച് ഉത്പാദനം നടത്തും.

അതേസമയം അടുത്തവര്‍ഷത്തോടെ ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളില്‍ വാക്‌സിന്‍ ഉത്പാദനം വര്‍ധിപ്പിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.

ആഗോള തലത്തില്‍ ഭീഷണിയായി തുടരുന്ന കൊവിഡ് വൈറസിനെതിരെ ഫലപ്രദമായ വാക്‌സിന്‍ ഉടന്‍ കണ്ടെത്താനാകുമെന്ന് പ്രതീക്ഷിക്കുന്നു. അടുത്ത വര്‍ഷമാദ്യത്തോടെ നിരവധി കൊവിഡ് വാക്‌സിനുകള്‍ പരീക്ഷണത്തിന്റെ അവസാന ഘട്ടത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തേ കൊവിഡ് വാക്സിന്‍ കുത്തിവെച്ചയാള്‍ക്ക് അജ്ഞാതരോഗം പിടിപ്പെട്ടതിനെത്തുടര്‍ന്ന് ബ്രിട്ടീഷ് ബഹുരാഷ്ട്ര മരുന്ന് കമ്പനിയായ ആസ്ട്രസെനെക്കയുടെ വാക്സിന്‍ പരീക്ഷണം നിര്‍ത്തിവെച്ചിരുന്നു. വാക്സിന് കുത്തിവെച്ച വൊളന്റിയര്‍മാരില്‍ ഒരാള്‍ക്ക് രോഗം പിടിപ്പെട്ടതിനെത്തുടര്‍ന്നായിരുന്നു ഈ നടപടി.

ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയുമായി ചേര്‍ന്നാണ് വാക്സിന്‍ നിര്‍മ്മാണം പുരോഗമിക്കുന്നത്. ഈ വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണമാണ് ഇപ്പോള്‍ നിര്‍ത്തിയിരിക്കുന്നത്.

വാക്സിന്റെ പാര്‍ശ്വഫലമായിട്ടാണ് വൊളന്റിയര്‍ക്ക് രോഗം വന്നതെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. ഇതേക്കുറിച്ച് വ്യക്തമായി പഠിച്ചശേഷം മാത്രമേ വാക്സിന്‍ നിര്‍മ്മാണം മുന്നോട്ട് കൊണ്ടുപോകുകയുള്ളു.

അതേസമയം വാക്സിന്‍ ട്രയല്‍ പരീക്ഷണം നിര്‍ത്തിവെച്ചതില്‍ ആശങ്കപ്പെടേണ്ടെന്ന് ആസ്ട്രസെനെക്ക അറിയിച്ചു. വാക്സിന്‍ നിര്‍മ്മാണത്തിനിടെ ഇത് പതിവാണെന്നും കമ്പനിയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

പരീക്ഷണങ്ങള്‍ക്ക് തയ്യാറായി മുന്നോട്ട് വന്ന മനുഷ്യരുടെ ജീവന്‍ പ്രധാനമാണ്. അതുകൊണ്ടാണ് ട്രയല്‍ നിര്‍ത്തിവെച്ചതെന്നും കമ്പനി അധികൃതര്‍ പറയുന്നു.

കൊവിഡ് വാക്സിന്‍ പരീക്ഷണത്തിനിടെ ഇത്തരമൊരു സംഭവം ഇതാദ്യമാണ്. വാക്സിനായുള്ള പോരാട്ടത്തില്‍ അവസാന ഘട്ടത്തിലുള്ള 9 കമ്പനികളില്‍ ഒന്നാണ് ആസ്ട്രസെനെക്ക. ഇന്ത്യയിലെ പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അടക്കം വിവിധ രാജ്യങ്ങളിലെ സ്ഥാപനങ്ങള്‍ പരീക്ഷണത്തോട് സഹകരിച്ചിരുന്നതാണ്.

അതേസമയം കൊവിഡിനെതിരെ റഷ്യ വികസിപ്പിച്ച വാക്‌സിനായ സ്പുട്‌നിക് v ന്റെ ആദ്യ ബാച്ച് പുറത്തിറങ്ങിയിട്ടുണ്ട്. എല്ലാ ജനങ്ങളിലേക്കും എത്തുന്ന രീതിയില്‍ വാക്‌സിന്റെ പ്രാദേശിക വില്‍പ്പന ഉടന്‍ തന്നെയുണ്ടാകുമെന്ന് റഷ്യന്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

കുറച്ചുദിവസങ്ങള്‍ക്ക് മുമ്പാണ് വാക്‌സിന്റെ പരീക്ഷണങ്ങള്‍ പൂര്‍ത്തിയായതായി പ്രസിഡന്റ് വ്‌ളാദിമര്‍ പുതിന്‍ പ്രഖ്യാപിച്ചത്. വാക്‌സിന്റെ രജിസ്‌ട്രേഷന്‍ കഴിഞ്ഞതായും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് വാക്‌സിന്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതായി മന്ത്രാലയങ്ങള്‍ അറിയിച്ചത്.

റഷ്യയിലെ ഗമാലയ നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഓഫ് എപ്പിഡെമിയോളജി ആന്റ് മൈക്രോബയോളജിയും ആര്‍.ഡി.എഫും ചേര്‍ന്നാണ് വാക്‌സിന്‍ രൂപപ്പെടുത്തിയിരിക്കുന്നത്.

അതേസമയം ഈ വാക്‌സിന്റെ സുരക്ഷയും ഫലപ്രാപ്തിയും വിശദീകരിച്ച് പ്രസിദ്ധീകരിച്ച ഡാറ്റ ഇന്ത്യക്ക് കൈമാറിയതായി നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ദി ഇന്ത്യന്‍ എക്‌സ്പ്രസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


content highlights:  billgates covid vaccine india

We use cookies to give you the best possible experience. Learn more