| Thursday, 16th November 2023, 12:17 pm

നെതന്യാഹുവിനെ അന്താരാഷ്ട്ര നീതിന്യായ കോടതിയിലേക്ക് റഫര്‍ ചെയ്യുകയാണ്, ഈ രാജ്യങ്ങള്‍ വിചാരിച്ചാലേ ഇനി യുദ്ധം അവസാനിപ്പിക്കാനാകൂ: ദക്ഷിണാഫ്രിക്കന്‍ വിദേശകാര്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാപ്പ്‌ടൗൺ : ഫലസ്തീനില്‍ ഇസ്രഈല്‍ നടത്തുന്ന ആക്രമണം അവസാനിപ്പിക്കാന്‍ ലോക രാഷ്ട്രങ്ങള്‍ തങ്ങളുടെ സ്വാധീനം ഉപയോഗിക്കേണ്ട സമയമാണിതെന്ന് ദക്ഷിണാഫ്രിക്കന്‍ വിദേശകാര്യ മന്ത്രി നലേദി പണ്ടോര്‍. മനുഷ്യരാശിക്ക് മേല്‍ നടത്തുന്ന ഇസ്രഈലിന്റെ കടന്നുകയറ്റം യഥാര്‍ത്ഥമായ യുദ്ധക്കുറ്റമാണെന്നും നലേദി പണ്ടോര്‍ പറഞ്ഞു.

ഗസക്കെതിരായ ആക്രണം തുടരുന്നതിനാല്‍ ഇസ്രഈല്‍ ഭരണകൂടത്തെയും നെതന്യാഹുവിനെയും അന്താരാഷ്ട്ര നീതിന്യായ കോടതിയിലേക്ക് റഫര്‍ ചെയ്യുമെന്നും നലേദി പണ്ടോര്‍ വ്യക്തമാക്കി. തുടര്‍ച്ചയായി ഫലസ്തീനില്‍ ഇസ്രഈല്‍ സൈന്യം നടത്തുന്ന ആക്രമണത്തെ തുടര്‍ന്ന് ഇസ്രഈലുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ച രാജ്യം കൂടിയാണ് ദക്ഷിണാഫ്രിക്ക.

വികസിക്കുന്നതും വഷളായിക്കൊണ്ടിരിക്കുന്നതുമായ ഫലസ്തീന്‍ ദുരന്തം തങ്ങളെ പരിഭ്രാന്തരാക്കുന്നുവെന്ന് ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.

ഈ ദുരന്തം അവസാനിപ്പിക്കുന്നതിന് ലോകത്തിലെ പ്രബലരും ശക്തരുമായ ആളുകള്‍ ഇടപെടേണ്ട സമയം അതിക്രമിച്ചുവെന്ന് വിദേശകാര്യ മന്ത്രി നലേദി പണ്ടോര്‍ പറഞ്ഞു. ഇസ്രഈലിന് മേല്‍ സ്വാധീനം ഉള്ള ശക്തികള്‍ക്ക് മാത്രമേ യുദ്ധം അവസാനിപ്പിക്കുന്നതുമായ കാര്യങ്ങളില്‍ ഇടപെടാന്‍ സാധിക്കുകയുള്ളുവെന്ന് നലേദി പണ്ടോര്‍ ചൂണ്ടിക്കാട്ടി.

ദക്ഷിണാഫ്രിക്കയിലെ വര്‍ണ്ണവിവേചനപരമായ പ്രശ്‌നങ്ങളോട് സമാനമായ അവസ്ഥയാണ് ഫലസ്തീന്‍ ജനത അനുഭവിക്കുന്നതെന്നും പണ്ടോര്‍ കൂട്ടിച്ചേര്‍ത്തു.

‘ഫലസ്തീനില്‍ ആളുകള്‍ക്ക് സ്വത്ത് കൈവശം വെക്കാന്‍ കഴിയില്ലെന്ന് ഞങ്ങള്‍ക്കറിയാം. നഷ്ടപരിഹാരം കൂടാതെ സ്വത്ത് പിടിച്ചെടുക്കാന്‍ ഇസ്രഈലിന് കഴിയും. അത് തന്നെയാണ് ഞങ്ങളുടെ സ്വന്തം രാജ്യത്ത് ഞങ്ങള്‍ അനുഭവിച്ചത്. പൗരത്വത്തേക്കാള്‍ വംശീയത പ്രതിഫലിപ്പിക്കുന്ന തിരിച്ചറിയല്‍ രേഖകള്‍ കയ്യില്‍ വെക്കേണ്ട അവസ്ഥയാണ് ജനങ്ങള്‍ക്ക് ഉള്ളത്. ഇതെല്ലാം വര്‍ണ്ണവിവേചനത്തിന്റെ ഭാഗമാണ്,’ പാണ്ടര്‍ അല്‍ജസീറയോട് പറഞ്ഞു.

ഫലസ്തീനിലെ ജനങ്ങള്‍ക്കെതിരായ ഇസ്രഈല്‍ ഭരണകൂടത്തിന്റെ പെരുമാറ്റം വര്‍ണ്ണവിവേചനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ രണ്ടും വളരെ സാമ്യമുള്ളതാണെന്നും അത് നിഷേധിക്കാനാവില്ലെന്നും പാണ്ടര്‍ കൂട്ടിച്ചേര്‍ത്തു.

ഗസ മുനമ്പില്‍ ആക്രമണം ആരംഭിച്ചതിനുശേഷം 11,200ലധികം ആളുകള്‍ കൊല്ലപ്പെട്ടതായി ഫലസ്തീന്‍ അധികൃതര്‍ പറഞ്ഞു. അതില്‍ മൂന്നിലൊന്ന് കുട്ടികളുമാണെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Content Highlight: World nations must put pressure on Israel to end war: South African Foreign Minister Naledi Pandor

We use cookies to give you the best possible experience. Learn more