| Tuesday, 17th April 2018, 1:28 pm

സിറിയക്കെതിരായ യു.എസ്-ഫ്രാന്‍സ്-ബ്രിട്ടണ്‍ സംയുക്ത വ്യോമാക്രമണത്തിനെതിരെ പ്രതിഷേധവുമായി ലോകരാഷ്ട്രങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: സിറിയ വിമതര്‍ക്കെതിരെ രാസായുധം പ്രയോഗിച്ചു എന്ന യു.എസ് ആരോപണത്തെ തുടര്‍ന്ന് യു.എസ് നേതൃത്വത്തില്‍ ഫ്രാന്‍സും ബ്രിട്ടണും സംയുക്തമായി സിറിയക്കെതിരെ നടത്തിയ വ്യോമാക്രമണത്തില്‍ പ്രതിഷേധവുമായി ലോകരാഷ്ട്രങ്ങള്‍. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംമ്പിന്റെ തീരുമാനം പ്രകോപനപരവും അസ്വീകാര്യവുമാണെന്ന് രാഷ്ട്രങ്ങള്‍ അപലപിച്ചു.

സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ സഖ്യ ശക്തികളായ റഷ്യയും ഇറാനും യു.എസിനെതിരെ കടുത്ത പ്രതികരണങ്ങളുമായാണ് രംഗത്തെത്തിയിരിക്കുന്നത്.

യു.എസിന്റെ വ്യോമാക്രമണം ആക്രമണ മനോഭാവത്തില്‍ നിന്നും ഉരുത്തിരിഞ്ഞ പ്രവൃത്തിയാണെന്നും സിറിയയിലെ അവസ്ഥയെ കൂടുതല്‍ ദുരിതത്തിലാക്കുന്നതാണെന്നും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ പ്രതികരിച്ചു. വിഷയം ചര്‍ച്ചചെയ്യാന്‍ ഐക്യരാഷ്ട്ര സഭയില്‍ അടിയന്തര യോഗം വിളിച്ചതായും റഷ്യന്‍ നേതാവ് പറഞ്ഞു.

യു.എസ് നേതൃത്വത്തില്‍ ഫ്രാന്‍സും ബ്രിട്ടണും നടത്തിയ ആക്രമണങ്ങള്‍ “സൈനിക കുറ്റകൃത്യ”മാണെന്ന് ഇറാന്‍ ഭരണാധികാരി ആയത്തുല്ലഹ് അലി ഖമേന പ്രഖ്യാപിച്ചു. “സിറിയയ്‌ക്കെതിരെ നടന്ന ആക്രമണം ഒരു കുറ്റകൃത്യമാണ്, അമേരിക്കന്‍ പ്രസിഡന്റും ഫ്രഞ്ച് പ്രസിഡന്റുയും ബ്രിട്ടീഷ് പ്രധാനമന്ത്രിയും കുറ്റവാളികളാണ്”, അദ്ദേഹം പ്രതികരിച്ചു.

യു.എന്‍ സുരക്ഷാ കൗണ്‍സിലിന്റെ തീരുമാനങ്ങളെ മറികടന്നുകൊണ്ടുള്ള ഏതൊരു സൈനിക നടപടിയും അന്താരാഷ്ട്ര നിയമലംഘനമാണെന്ന് ചൈനീസ് വിദേശ മന്ത്രാലയം വ്യക്തമാക്കി. സിറിയന്‍ പ്രശ്‌നത്തിന് രാഷ്ട്രീയ പരിഹാരം മാത്രമാണ് യാഥാര്‍ഥ മാര്‍ഗ്ഗമെന്ന് ചൈന വിശ്വസിക്കുന്നതായും വിദേശകാര്യ മന്ത്രാലയ വക്താവ് ഹുഅ ചുന്യിങ് പ്രസ്താവിച്ചു.

രാസായുധങ്ങള്‍ പ്രയോഗിക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നിരിക്കെ ഏത് ആക്രമണവും എന്ത് ന്യായീകരണത്തിന്റെ പുറത്തായാലും സിറിയന്‍ ജനതയുടെ ജീവിതം ദുരിതത്തിലാക്കുകയാണെന്ന് ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് ആശങ്ക പ്രകടിപ്പിച്ചു. സിറിയന്‍ ജനതയുടെ ജീവിതം കൂടുതല്‍ വഷളാക്കുന്ന ഇത്തരം ആക്രമണങ്ങളില്‍ നിന്നും പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന് എല്ലാ അംഗരാജ്യങ്ങളോടും അഭ്യര്‍ത്ഥിക്കുന്നതായും അദ്ദേഹം പ്രസ്താവിച്ചു.

യു.എസ്, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ സിറിയയില്‍ നടത്തിയ വ്യോമാക്രമണങ്ങള്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ മേഖലയില്‍ വളരാന്‍ അവസരമൊരുക്കുമെന്ന് ഇറാഖ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇത്തരം ചെയ്തികള്‍ അപകടകരമാണെന്നും മന്ത്രാലയം പ്രതികരിച്ചു.

വ്യോമാക്രമണത്തിനുള്ള യു.എസ് തീരുമാനത്തെ പിന്തുണച്ച തീരുമാനത്തിനെതിരെ ഫ്രാന്‍സിലും ബ്രിട്ടണിലും പൊതുജനം കടുത്ത എതിര്‍പ്പുകളുമായി രംഗത്തെത്തിയിട്ടുണ്ട്. യു.എസ് പ്രസിഡന്റ് ട്രംപിന്റെ നിര്‍ദേശങ്ങള്‍ക്കായി കാത്തുനില്‍ക്കാതെ സിറിയയില്‍ രാസായുധം പ്രയോഗിച്ചിട്ടുണ്ടെന്ന ആരോപണങ്ങളില്‍ ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ സ്വതന്ത്ര അന്വേഷണത്തിനായി ശ്രമിക്കുകയാണ് ബ്രിട്ടണ്‍ ചെയ്യേണ്ടിയിരുന്നതെന്ന് ബ്രിട്ടിഷ് പ്രതിപക്ഷ നേതാവ് ജെറമി കോര്‍ബിന്‍ പ്രതികരിച്ചു.

അതേസമയം, ജര്‍മനി, കാനഡ, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ വ്യോമാക്രമണത്തെ അനുകൂലിച്ചും രംഗത്തെത്തിയിട്ടുണ്ട്. ഡൗമയില്‍ അമേരിക്കയും സഖ്യകക്ഷികളും നടത്തിയ ആക്രമണം സിറിയക്കും റഷ്യക്കും “ആവശ്യവും ഉചിതവുമായ” മറുപടിയാണ് എന്ന് ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചെല മെര്‍ക്കല്‍ പറഞ്ഞു.

വ്യോമാക്രമണം നടത്താനുള്ള യു.എസ്-ഫ്രാന്‍സ്-ബ്രിട്ടണ്‍ തീരുമാനത്തെ അനുകൂലിക്കുന്നു എങ്കിലും ഈ സൈനിക നടപടിയില്‍ തന്റെ രാജ്യം പങ്കാളിയാകില്ലെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വ്യക്തമാക്കി. വ്യോമാക്രമണത്തിന് യു.എസ് നേതൃത്വത്തെ ഇസ്രാഈല്‍ പ്രശംസിച്ചു. “അമേരിക്കയുടെ നേതൃത്വത്തില്‍ യു.എസ്, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ തങ്ങളുടെ തത്വങ്ങള്‍ വെറും പ്രഖ്യാപനങ്ങള്‍ മാത്രമല്ലെന്ന് തെളിയിച്ചിരിക്കുകയാണ്”, പ്രധാനമന്ത്രി നേതന്യാഹു പ്രതികരിച്ചു.

അതേസമയം, പാശ്ചാത്യര്‍ സൈനിക നടപടികള്‍ കൈക്കൊള്ളുകയാണെങ്കില്‍ സ്വയം പ്രതിരോധിക്കുകയല്ലാതെ മറ്റു വഴികള്‍ തങ്ങള്‍ക്കില്ലെന്ന് സിറിയ ഐക്യരാഷ്ട്ര സഭയെ അറിയിച്ചു. ഐക്യരാഷ്ട്ര സഭയുടെ ചാര്‍ട്ടറിലെ 51 ാം ആര്‍ട്ടിക്കിള്‍ പ്രകാരം ആക്രമണത്തിന് വിധേയമാകുന്ന രാജ്യത്തിന് സ്വയം പ്രതിരോധത്തിന് അവകാശമുണ്ടെന്നും സിറിയന്‍ പ്രതിനിധി ചൂണ്ടിക്കാട്ടി.


Watch DoolNews Video:

We use cookies to give you the best possible experience. Learn more