| Monday, 22nd July 2024, 1:31 pm

സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നുള്ള ബൈഡന്റെ പിന്മാറ്റം; പ്രതികരണവുമായി ലോക നേതാക്കള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: 2024 അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് ജോ ബൈഡന്‍ പിന്മാറിയതില്‍ പ്രതികരണവുമായി ലോക നേതാക്കള്‍. ഇസ്രഈല്‍, കാനഡ, ബ്രിട്ടന്‍, ഉക്രൈന്‍, റഷ്യ തുടങ്ങിയ രാജ്യങ്ങളുടെ തലവന്മാരാണ് പ്രതികരിച്ചിരിക്കുന്നത്. ജോ ബൈഡന്റെ പ്രായാധിക്യം, ശാരീരിക ക്ഷമത എന്നീ വിഷയങ്ങളില്‍ ഡെമോക്രാറ്റിക് നേതാക്കള്‍ ഉള്‍പ്പെടെ ആശങ്ക പ്രകടിപ്പിച്ചതിന് പിന്നാലെയാണ് സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് അദ്ദേഹം പിന്മാറിയത്.

ഇസ്രഈല്‍ ജനതയ്ക്ക് നല്‍കിയ പിന്തുണയില്‍ ജോ ബൈഡനോട് ഇസ്രഈലി പ്രസിഡന്റ് ഐസക് ഹെര്‍സോഗ് നന്ദി അറിയിച്ചു.

‘യുദ്ധകാലത്ത് ഇസ്രഈല്‍ സന്ദര്‍ശിക്കുന്ന ആദ്യത്തെ അമേരിക്കന്‍ പ്രസിഡന്റ് എന്ന നിലയിലും, ഇസ്രഈല്‍ പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഓണര്‍ എന്ന നിലയിലും, ജൂത ജനതയുടെ യഥാര്‍ത്ഥ സഖ്യകക്ഷി എന്ന നിലയിലും ബൈഡന്‍ അഭേദ്യമായ ബന്ധമാണ് ഇസ്രഈലിനോട് പുലര്‍ത്തിയിരുന്നത്,’ എന്ന് ഐസക് ഹെര്‍സോഗ് പ്രതികരിച്ചു.

ഉക്രൈന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയും ബൈഡന്റെ പിന്മാറ്റത്തില്‍ പ്രതികരിക്കുകയുണ്ടായി. ബൈഡന്റെ തീരുമാനത്തെ ഉക്രൈന്‍ ബഹുമാനിക്കുന്നുവെന്നായിരുന്നു സെലന്‍സ്‌കിയുടെ പ്രതികരണം. റഷ്യയുടെ അധിനിവേശത്തെ ചെറുക്കാന്‍ മുന്‍നിരയില്‍ നിന്ന ബൈഡന്റെ പിന്തുണയില്‍ നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘ചരിത്രത്തിലെ ഏറ്റവും നാടകീയമായ നിമിഷത്തില്‍ അദ്ദേഹം ഉക്രൈനിനെ പിന്തുണച്ചു. നമ്മുടെ രാജ്യത്തെ പിടിച്ചെടുക്കുന്നതില്‍ നിന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനെ തടയാന്‍ അദ്ദേഹം സഹായിച്ചു. ആ പിന്തുണ ഇപ്പോഴും ഇദ്ദേഹം തുടരുകയാണ്,’ എന്നാണ് സെലന്‍സ്‌കി പ്രതികരിച്ചത്. എക്സില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് ബൈഡന് അദ്ദേഹം പിന്തുണയറിയിച്ചത്.

സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നുള്ള പിന്മാറ്റത്തില്‍, കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ജോ ബൈഡനെ ‘മഹത്തായ മനുഷ്യന്‍’ എന്ന വിശേഷിപ്പിച്ചു. തന്റെ രാജ്യത്തോടുള്ള സ്‌നേഹമായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളിലെല്ലാം ഉണ്ടായിരുന്നതെന്ന് ട്രൂഡോ എക്സില്‍ കുറിച്ചു. പ്രസിഡന്റ് ബൈഡന്‍ കാനഡയുടെ യഥാര്‍ത്ഥ സുഹൃത്താണെന്നും അദ്ദേഹം വ്യക്തമാക്കി.

‘ബൈഡന്റെ തീരുമാനത്തെ ഞാന്‍ മാനിക്കുന്നു. ശേഷിക്കുന്ന പ്രസിഡന്‍ഷ്യല്‍ കാലയളവില്‍ ബൈഡനോടപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു. തന്റെ തീരുമാനം അമേരിക്കന്‍ ജനതയ്ക്ക് ഏറ്റവും ഉചിതമെന്ന വിലയിരുത്തലിലാണ് അദ്ദേഹത്തിന്റെ പിന്മാറാനുള്ള തീരുമാനം,’ ബ്രിട്ടന്‍ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ പറഞ്ഞു.

അതേസമയം യു.എസ് തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നുള്ള ബൈഡന്റെ പിന്മാറ്റത്തെക്കാള്‍ തങ്ങള്‍ മുന്‍ഗണന നല്‍കുന്നത് ഉക്രൈനെതിരായ സൈനിക നടപടിയിലാണെന്ന് റഷ്യന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു. എന്നാല്‍ ബൈഡന്റെ നേതൃത്വത്തിന് ഓസ്ട്രേലിയ, ജര്‍മനി, സ്‌പെയിന്‍, പോളണ്ട് തുടങ്ങിയ രാജ്യങ്ങള്‍ നന്ദിയറിക്കുകയായിരുന്നു.

81 കാരനായ ബൈഡന് മത്സരിക്കാന്‍ മതിയായ യോഗ്യതയില്ലെന്നായിരുന്നു മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രധാന ആരോപണം. എന്നാല്‍ ബൈഡനെ മാത്രം കേന്ദ്രീകരിച്ച് തെരെഞ്ഞെടുപ്പ് പ്രചരണത്തില്‍ ഏര്‍പ്പെട്ടിരുന്ന ട്രംപിന്റെ റിപബ്ലിക്കന്‍ പാര്‍ട്ടിക്ക് ഇത് കനത്ത തിരിച്ചടി നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറിയ ശേഷം സ്ഥാനാര്‍ത്ഥി കമലാ ഹാരിസിന് അദ്ദേഹം പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

Content Highlight: World leaders react to Joe Biden’s withdrawal from the 2024 US presidential election

We use cookies to give you the best possible experience. Learn more