| Sunday, 5th November 2023, 4:20 pm

ഫലസ്തീനില്‍ ആയിരകണക്കിന് ആളുകള്‍ കൊല്ലപ്പെടുമ്പോള്‍ ലോകനേതാക്കള്‍ യുദ്ധത്തിന് പണം നല്‍കുന്നു: പ്രിയങ്കാ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഫലസ്തീനില്‍ ആയിരകണക്കിന് ആളുകളുടെ കൂട്ടക്കൊല നടക്കുമ്പോള്‍ ലോകനേതാക്കള്‍ യുദ്ധത്തിന് പണം നല്‍കുകയാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. അന്താരാഷ്ട്ര സമൂഹം വെടിനിര്‍ത്തലിനായി ഉടനടി ആവശ്യപ്പെടണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ഇസ്രഈലിന്റെയോ ഏതെങ്കിലും ലോക രാജ്യങ്ങളുടെയോ പേര് പ്രത്യേകം പറയാതെയായിരുന്നു പ്രിയങ്കയുടെ പരാമര്‍ശം. ഫലസ്തീനിലെ സ്ഥിതി ഗുരുതരമാണെന്നും ആയിരകണക്കിന് സിവിലിയന്‍മാരുടെ കൂട്ടക്കൊലയാണ് നടക്കുന്നതെന്നും അവര്‍ എക്‌സില്‍ കുറിച്ചു.

‘അയ്യായിരത്തോളം കുട്ടികള്‍ ഉള്‍പ്പടെ പതിനായിരത്തോളം സിവിലിയന്‍മാര്‍ കൂട്ടക്കൊല ചെയ്യപ്പെട്ടു, കുടുംബങ്ങള്‍ ഇല്ലാതാക്കപ്പെട്ടു, ആശുപത്രികളും ആംബുലന്‍സും അഭയാര്‍ത്ഥി ക്യാംമ്പുകളും ബോംബിട്ടു, എന്നിട്ടും സ്വതന്ത്ര ലോക നേതാക്കള്‍ ഫലസ്തീന്‍ കൂട്ടക്കൊലയ്ക്ക് പണവും പിന്തുണയും നല്‍കുന്നത് ലജ്ജാകരവും ഭീകരവുമാണ്.

അന്താരാഷ്ട്ര സമൂഹം ഉടനടി ആവശ്യപ്പെടേണ്ട ഏറ്റവും ചെറിയ നടപടി അടിയന്തര വെടി നിര്‍ത്തലാണ് അല്ലാത്ത പക്ഷം സമൂഹത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം നഷ്ടമാകും

ഞായറാഴ്ച പുലര്‍ച്ചെ ഗസ മുനമ്പിലെ അഭയാര്‍ത്ഥി ക്യാമ്പിന്‍ ഇസ്രഈല്‍ യുദ്ധവിമാനങ്ങള്‍ നടത്തിയ ആക്രമണത്തില്‍ 33 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഫലസ്തീന്‍ ആരോഗ്യ ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു. ഗസയിലെ കരയാക്രമണം ശക്തമാക്കിയ ഇസ്രഈല്‍ ഉടനടി വെടിനിര്‍ത്തില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഒക്ടോബര്‍ ഏഴ് മുതല്‍ ആരംഭിച്ചത് മുതല്‍ 4000ത്തോളം കുട്ടികള്‍ ഗസയില്‍ മരണപ്പെട്ടതായാണ് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചത്.

content  highlight : World leaders pay for war while thousands are killed in Palestine

We use cookies to give you the best possible experience. Learn more