| Thursday, 7th January 2021, 8:48 am

ട്രംപിനെതിരെ ഒറ്റക്കെട്ടായി തിരിഞ്ഞ് ലോക നേതാക്കള്‍; അട്ടിമറി ശ്രമത്തില്‍ നാണംകെട്ട് ഡൊണാള്‍ഡ് ട്രംപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: ക്യാപിറ്റോള്‍ മന്ദിരത്തിന് നേരെ നടന്ന ആക്രമണത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിര രൂക്ഷ വിമര്‍ശനവുമായി ലോക നേതാക്കള്‍. ലിബറല്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന അമേരിക്കയില്‍ ഇത്തരമൊരു അട്ടിമറി നീക്കങ്ങള്‍ നടക്കുന്നത് അപലപനീയമാണെന്ന് നേതാക്കള്‍ പറഞ്ഞു.

തികച്ചും അപമാനകരമായ കാര്യങ്ങളാണ് അമേരിക്കയില്‍ നടക്കുന്നതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.
” അമേരിക്ക ജനാധിപത്യത്തിന് പ്രധാന്യം നല്‍കുന്ന രാജ്യമാണ്. ലോകത്തിന് മുന്നിലും അത് അത്തരത്തില്‍ തന്നെയാണ് നിലനില്‍ക്കുന്നത്. അതുകൊണ്ട് സമാധാനപരമായി അധികാരകൈമാറ്റം ഉണ്ടാകേണ്ടതുണ്ട്,” അദ്ദേഹം പറഞ്ഞു.

അമേരിക്കന്‍ സ്ഥാപനത്തിന് നേരെയുള്ള ആക്രമണം ജനാധിപത്യത്തിന് നേരെയുള്ള ആക്രമണമാണ്. അത് അപലപിക്കുന്നു. അമേരിക്കന്‍ ജനങ്ങളുടെ ആഗ്രഹവും വോട്ടും വിലക്കെടുക്കണം,” ഫ്രഞ്ച് വിദേശകാര്യ മന്ത്രി ട്വീറ്റ് ചെയ്തു.

ജനാധിപത്യപരമായി നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം അംഗീകരിക്കണമെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോളന്‍ബെര്‍ഗ് അഭിപ്രായപ്പെട്ടു.

അമേരിക്കയില്‍ നടക്കുന്ന സ്ഥിതിഗതികള്‍ തികച്ചും ഭീതിതമാണെന്ന് സ്‌കോട്ടിഷ് പ്രധാനമന്ത്രി നിക്കോളാ സ്റ്റര്‍ജിയോണ്‍ വ്യക്തമാക്കി.

”അമേരിക്കയിലെ ക്യാപിറ്റോള്‍ മന്ദിരത്തിലെ ആക്രമണവുമായി ബന്ധപ്പെട്ട റിപ്പേര്‍ട്ടുകള്‍ കണ്ടു. അമേരിക്കയുടെ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നു. ഈ സംഘര്‍ഷം നിറഞ്ഞ സാഹചര്യം ജോ ബൈഡന്‍ അതിജീവിക്കും,” സ്‌പെയിന്‍ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പറഞ്ഞു.

പോളണ്ട് വിദേശകാര്യമന്ത്രി റാഡെക് സിക്രോസ്‌കി അമേരിക്കന്‍ ക്യാബിനറ്റ് ഭരണഘടനയുടെ 25ാം ഭേദഗതി പ്രകാരം ഡൊണാള്‍ഡ് ട്രംപിന്റെ അധികാരം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു.

”ജനാധിപത്യം തന്നെ വിജയിക്കും വോട്ട് ചെയ്ത് സമാധാനപരമായി ഭരണകര്‍ത്താവിനെ തെരഞ്ഞെടുത്ത ജനങ്ങളുടെ ശബ്ദത്തിന് വില കൊടുക്കണം, അക്രമാസക്തരായ ആള്‍ക്കൂട്ടത്തിന്റെ ശബ്ദമല്ല കേള്‍ക്കേണ്ടത്,” ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ പറഞ്ഞു.

ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസ് ഒഴിയാന്‍ പതിനാല് ദിവസം മാത്രം ബാക്കി നില്‍ക്കേയാണ് ക്യാപിറ്റോള്‍ മന്ദിരത്തില്‍ അമേരിക്കന്‍ ചരിത്രത്തില്‍ ആദ്യമായി ഇത്രവലിയ ആക്രമണം നടക്കുന്നത്. ക്യാപിറ്റോള്‍ കെട്ടിടത്തില്‍ മുദ്രാവാക്യം വിളിച്ചെത്തിയ ട്രംപ് അനുകൂലികള്‍ സായുധ പൊലീസുമായി ഏറ്റുമുട്ടി. സംഘര്‍ഷത്തിനിടെ ഒരു സ്ത്രീ കൊല്ലപ്പെട്ടു.

വാഷിംഗ്ടണിലേക്ക് മാര്‍ച്ച് നടത്താനും തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാതിരിക്കാനും നേരത്തെ ട്രംപ് ആഹ്വാനം ചെയ്തിരുന്നു. അമേരിക്കന്‍ ചരിത്രത്തിലാധ്യമായാണ് വാഷിംഗ്ടണ്‍ ഡി.സിയില്‍ ഇത്ര ഗൗരവമായ സുരക്ഷാ ലംഘനങ്ങള്‍ നടക്കുന്നത്.

ജോ ബൈഡന്റെ വിജയം സ്ഥിരീകരിക്കുന്നത് തടയാന്‍ അക്രമികള്‍ ഇലക്ട്രല്‍ കോളേജ് വോട്ടെണ്ണുന്നത് തടയുകയാണ്. വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിനേയും മറ്റ് കോണ്‍ഗ്രസ് അംഗങ്ങളേയും സുരക്ഷ കണക്കിലെടുത്ത് സ്ഥലത്തു നിന്ന് മാറ്റി.

ഇത് വിയോജിപ്പിനുള്ള അവകാശമല്ല കലാപം സൃഷ്ടിക്കലാണെന്ന് ക്യാപിറ്റോള്‍ മന്ദിരത്തില്‍ നടന്ന ആക്രമണത്തില്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്‍ പറഞ്ഞു.

അമേരിക്കന്‍ ജനാധിപത്യത്തിന്റെ പ്രതീകമായി കാണുന്ന ക്യാപിറ്റോള്‍ മന്ദിരത്തിനു നേരെയുള്ള അക്രമം ലിബറല്‍ ജനാധിപത്യത്തിന് പേരുകേട്ട അമേരിക്കയുടെ പ്രശസ്തിക്ക് വലിയ പ്രഹരമാണ് ഏല്‍പ്പിച്ചത്.

നേരത്തെ തന്നെ തെരഞ്ഞെടുപ്പ് ഫലം റദ്ദ് ചെയ്യാനുള്ള നീക്കവുമായി ട്രംപ് മുന്നോട്ട് വന്നിരുന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പരാജയം സമ്മതിക്കാന്‍ ട്രംപ് ഇതുവരെ തയ്യാറായിട്ടില്ല.

നേരത്തെ ട്രംപ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലത്തില്‍ അട്ടിമറി നടത്താന്‍ ശ്രമിക്കുന്നതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്തു വന്നിരുന്നു.
ജോര്‍ജിയയിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനുമായി നടത്തിയ സംഭാഷണത്തിന്റെ ഫോണ്‍ റെക്കോര്‍ഡാണ് പുറത്തുവന്നത്.

‘11,780 വോട്ട്, എനിക്ക് അത്രയും മാത്രം മതി.’ എന്ന് ട്രംപ് ആവശ്യപ്പെടുന്നത് ഈ റെക്കോര്‍ഡില്‍ വ്യക്തമായി കേള്‍ക്കാം. ജോര്‍ജിയയുടെ സെക്രട്ടറിയും റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗവുമായ ബ്രാഡ് റാഫന്‍സ്‌പെര്‍ജറോടാണ് ട്രംപ് വോട്ടിനായി സംസാരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: World leaders Criticises Donald Trump and Capitol Attack

We use cookies to give you the best possible experience. Learn more