പച്ചപുതച്ച് കിടക്കുന്ന പന്ത്രണ്ട് പോരാട്ട വേദികള്‍. പ്രതീക്ഷകള്‍ പൂവണിയുകയും പൊലിയുകയും ചെയ്യുന്ന രണഭൂമികകള്‍. ആഗ്രഹങ്ങളും യാഥാര്‍ത്ഥ്യങ്ങളും കൂടിച്ചേരുന്ന, ആക്രോശങ്ങളും വിതുമ്പലും അലിഞ്ഞ് ചേരുന്ന, ആക്രമണവും പ്രത്യാക്രമണവും കൊമ്പ് കോര്‍ക്കുന്ന നവരസസമന്വയ സഞ്ചിത ഭൂമികകള്‍.
ഹ്വാക്ക് ഐ / വിബീഷ് വിക്രം
ലോകം പതുക്കെ ഒരു ദീര്‍ഘ ചതുരത്തിനകത്തേക്ക് ഒതുങ്ങിക്കൊണ്ടിരിക്കുകയാണ്. നാലതിരുകള്‍ ചെറുകൊടികളാല്‍ നിശ്ചയിക്കപ്പെട്ട പെരുങ്കളിയാട്ട ഭൂമികക്കുള്ളിലേക്ക്.
ആരവങ്ങളില്‍ പങ്ക് ചേര്‍ന്നും തിരച്ചടികളില്‍ കണ്ണ് നിറഞ്ഞും മുഴുവനായി അലിഞ്ഞ് ചേരാനിനി വിരലിലെണ്ണാവുന്ന രാപ്പകലുകള്‍ മാത്രം. പന്ത്രണ്ട് പോര്‍ക്കളങ്ങളിലെ പോരാട്ടങ്ങളില്‍ അഭിരമിക്കാനായി വെമ്പിതുടങ്ങി കണ്ണുകളും കാതുകളും.
ജൂണ്‍ പന്ത്രണ്ടാം തീയ്യതി പിറക്കുന്നതോടെ ആ പ്രക്രിയ പൂര്‍ണ്ണമാവും. പിന്നീടങ്ങോട്ടുള്ള കുറച്ച് ദിനരാത്രങ്ങള്‍ വായു നിറച്ച ഒരു തുകല്‍പന്തിന് പിന്നാലെ പ്രദക്ഷിണം വെയ്ക്കാന്‍ തുടങ്ങും. ലോകം തന്നെ ഒരു വലിയ കളിക്കളമായി രൂപാന്തരം പ്രാപിക്കും. അവിടെ ഒരു ഭാഷ, ഒരു സംസ്‌കാരം, ഒരേയൊരു വികാരം… ഫുട്‌ബോള്‍.
ലാറ്റിനമേരിക്കയില്‍ വേനല്‍ ആഗമനമറിയിച്ച് കഴിഞ്ഞു. വേനലിനൊപ്പം ബ്രസീലില്‍ വസന്തവും വന്നെത്തി. ഫുട്‌ബോളിന്റെ മായികസൗന്ദര്യത്താല്‍ ഈ വസന്തകാലം ബ്രസീല്‍ പൂത്തുലയും. വര്‍ണോത്സവങ്ങളായ കാര്‍ണിവലുകളുടെ രാജ്യത്തേക്ക് 64 വര്‍ഷങ്ങളള്‍ക്ക് ശേഷം കളിയുടെ മഹാകാര്‍ണിവല്‍ വീണ്ടും വിരുന്നെത്തിയിരിക്കുന്നു.
രാജ്യാതിര്‍ത്തികള്‍ പുനര്‍നിശ്ചയിക്കപ്പെടുന്നു. അതിരുകള്‍ അലിഞ്ഞില്ലാതാവുന്നു. ഇനി ബ്രസീലാണ് ലോകം. അവിടെ പന്ത്രണ്ട് നഗരഹൃദയങ്ങളിലെ കളിയരങ്ങുകളിലെ നിറക്കാഴ്ചകളിലേക്ക് ഊളിയിട്ടിറങ്ങാം. കാല്‍പന്ത് കളിയുടെ കാല്‍പ്പനിക സൗന്ദര്യത്തിലേക്ക് കണ്‍ മിഴിക്കാം.
പച്ചപുതച്ച് കിടക്കുന്ന പന്ത്രണ്ട് പോരാട്ട വേദികള്‍. പ്രതീക്ഷകള്‍ പൂവണിയുകയും പൊലിയുകയും ചെയ്യുന്ന രണഭൂമികകള്‍. ആഗ്രഹങ്ങളും യാഥാര്‍ത്ഥ്യങ്ങളും കൂടിച്ചേരുന്ന, ആക്രോശങ്ങളും വിതുമ്പലും അലിഞ്ഞ് ചേരുന്ന, ആക്രമണവും പ്രത്യാക്രമണവും കൊമ്പ് കോര്‍ക്കുന്ന നവരസസമന്വയ സഞ്ചിത ഭൂമികകള്‍.
അവിടെ വിജയം മാത്രം മനസ്സില്‍ കണ്ടിറങ്ങുന്ന 32 പടയണികള്‍. 700ലധികം ചാവേറുകള്‍. 64 ഓളം അഗ്‌നിപരീക്ഷകള്‍. ആരുടേതാവാം അവസാന പുഞ്ചിരി. പ്രത്യാശകളും പ്രവചനങ്ങളും പൊടിപൊടിക്കുന്നു. വിജയി ഒളിഞ്ഞിരിക്കുന്നു. ആകാക്ഷയോടെ കാത്തിരിക്കാം, ജൂലൈ 13ന് മാറക്കാനയില്‍ മുഴങ്ങുന്ന വിജയഭേരി ആരുടേതാണെന്നറിയാന്‍.
അലകടലിനക്കരെ മുഴങ്ങുന്ന ഇമ്പമേറിയ വിസില്‍ നാദത്തിനായി ശ്രദ്ധയൂന്നാം. കണ്‍മിഴിക്കാം കളിയരങ്ങുകളിലേക്ക്, കാതോര്‍ക്കാം കളിയാരവങ്ങള്‍ക്ക്…..