| Friday, 7th August 2020, 9:31 am

'വാക്‌സിന്‍ ദേശീയത'യ്ക്ക് കൊവിഡിനെ തോല്‍പ്പിക്കാനാവില്ല; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജനീവ: ‘വാക്‌സിന്‍ ദേശീയത’ക്കെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ദരിദ്ര രാഷ്ട്രങ്ങളിലെ സ്ഥിതി തുടര്‍ന്ന് കൊണ്ട് സമ്പന്ന രാഷ്ട്രങ്ങള്‍ കൊവിഡ് വാക്‌സിന്‍ കണ്ടു പിടിച്ച് മുക്തി നേടിയത് കൊണ്ട് കാര്യമില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

‘വാക്‌സിന്‍ ദേശീയത നല്ലതല്ല, അത് ഒരിക്കലും നമ്മെ സഹായിക്കില്ല,’ ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അഥനം ഗബ്രിയേസസ് പറഞ്ഞു.

‘വേഗം രോഗത്തില്‍ നിന്നും മുക്തി നേടാന്‍, ലോകത്ത് ഒരുമിച്ച് രോഗമുക്തി സംഭവിക്കേണ്ടതുണ്ട്. കാരണം ഇത് ആഗോളവത്കരിക്കപ്പെട്ട ലോകമാണ്:ഇവിടെ സമ്പദ് വ്യവസ്ഥ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.അത് കൊണ്ട് തന്നെ ലോകത്തിന്റെ ഒരു ഭാഗത്തിന് മാത്രമോ, കുറച്ച് രാജ്യങ്ങള്‍ക്ക് മാത്രമായോ കൊവിഡില്‍ നിന്ന് സുരക്ഷിതരായിരിക്കാന്‍ സാധിക്കില്ല,’ അദ്ദേഹം പറഞ്ഞു.

കൊവിഡിന്റെ നിലനില്‍പ്പ് എല്ലായിടത്തും ജീവിതത്തെയും ഉപജീവനത്തെയും അപകടത്തിലാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡിനെ പ്രതിരോധിക്കുന്നതിനായി കണ്ടു പിടിക്കപ്പെടുന്ന വാക്‌സിന്‍ ആഗോളതലത്തില്‍ എല്ലായിടത്തേക്കും പങ്കുവെക്കപ്പെടുന്നുവെന്ന് സമ്പന്ന രാഷ്ട്രങ്ങള്‍ ഉറപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘സമ്പന്നരാജ്യങ്ങള്‍ ഇതിനായി പ്രതിജ്ഞാബദ്ധരാകുമ്പോള്‍ കൊവിഡ് മൂലമുള്ള പ്രതിസന്ധികള്‍ കുറയ്ക്കാന്‍ സാധിക്കും. അവര്‍ മറ്റുള്ളവര്‍ക്കായി ദാനം ചെയ്യുകയല്ല, മറിച്ച് അവരിത് ചെയ്യേണ്ടത് അവര്‍ക്ക് വേണ്ടിതന്നെയാണ്. ലോകത്തിന്റെ എല്ലാ ഭാഗങ്ങളും സുഖം പ്രാപിക്കുമ്പോള്‍ നേട്ടമുണ്ടാവുന്നത് അവര്‍ക്ക് കൂടിയാണ്.

കൊവിഡിനെ നേരിടാന്‍ വിവിധ വാക്‌സിനുകള്‍ വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. 26ഓളം വാക്‌സിനുകള്‍ മനുഷ്യരില്‍ പരീക്ഷിച്ച് വരികയാണ്. അതില്‍ ആറ് വാക്‌സിനുകള്‍ മൂന്നാംഘട്ട പരീക്ഷണത്തിലാണ്.

അതേസമയം മൂന്നാം ഘട്ട പരീക്ഷണമെന്നാല്‍ അടുത്തെത്തി എന്നല്ല അര്‍ത്ഥമെന്നും വാക്‌സിന്‍ ജനങ്ങളിലേക്കെത്തിയാല്‍ എത്രകണ്ട് അതിന് പ്രതിരോധിക്കാന്‍ കഴിയുമെന്ന് നിരീക്ഷിക്കേണ്ടതുണ്ടെന്നും ലോകാരോഗ്യ സംഘടനയുടെ എമര്‍ജന്‍സി ഡയറക്ടര്‍ മൈക്കിള്‍ റയാന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: world-health-organization-warns-that-vaccine-nationalism-cannot-beat-covid-19

Latest Stories

We use cookies to give you the best possible experience. Learn more