| Saturday, 18th April 2020, 2:43 pm

രോഗം ഭേദമായവരുടെ ആന്റിബോഡികള്‍ കൊവിഡിനെ പ്രതിരോധിക്കുമോ എന്ന് ഉറപ്പു പറയാന്‍ കഴിയില്ലെന്ന് ലോകാരോഗ്യ സംഘടന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജനീവ: കൊവിഡിനെതിരെ പൊരുതാന്‍ രോഗം ഭേദമായവരുടെ ആന്റിബോഡികള്‍ക്ക് കഴിയുമോ എന്ന കാര്യത്തില്‍ ഉറപ്പു പറയാനാവില്ലെന്ന് ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടനയുടെ എമര്‍ജന്‍സി വിദഗ്ദ്ധന്‍ മൈക്ക് റയാന്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

ആന്റിബോഡികള്‍ ഫലപ്രദമാണെങ്കില്‍തന്നെ ഒരു വലിയ ജനസംഖ്യയില്‍ ഇതിന് എത്രത്തോളം മാറ്റമുണ്ടാക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ ഉറപ്പില്ലെന്നും അദ്ദേഹം പറയുന്നു.

‘പ്രാഥമികമായ പല വിവരങ്ങളും ഇതുമായി ബന്ധപ്പെട്ട് ഞങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്. എന്നാല്‍ ജനസംഖ്യയുടെ വളരെ കുറഞ്ഞ ശതമാനത്തില്‍ മാത്രമാണ് ഇത് ഫലപ്രദമായിട്ടുള്ളത്,’ റയാന്‍ പറഞ്ഞു.

കൊവിഡ് ഭേദമായവരില്‍ നിന്നും ആന്റിബോഡി വേര്‍തിരിച്ച് ഗുരുതരാവസ്ഥയിലുള്ള രോഗിക്ക് നല്‍കുന്നതാണ് പ്ലാസ്മ ചികിത്സ. അമേരിക്ക, ചൈന, ഇന്ത്യ തുടങ്ങി വളരെ കുറച്ച് രാജ്യങ്ങളില്‍ മാത്രമാണ് പ്ലാസ്മ തെറാപ്പിയില്‍ പരീക്ഷണം നടക്കുന്നത്.

ഇന്ത്യയില്‍ ഇത് സംബന്ധിച്ച പ്രൊജക്ട് തയ്യാറാക്കി സമര്‍പ്പിച്ചത് ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ആണ്. മെഡിക്കല്‍ സയന്‍സസ് ട്രാന്‍സ്ഫ്യൂഷന്‍സ് മെഡിസിന്‍ വിഭാഗം മേധാവി ഡോ. ദേബാഷിഷ് ഗുപ്തയുടെ നേതൃത്വത്തിലാണ് പ്രൊജക്ട് തയ്യറാക്കിയത്.

കേരളത്തില്‍ ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തില്‍ പരീക്ഷണം നടത്താന്‍ ഐ.സി.എം.ആര്‍ നേരത്തെ അനുമതി നല്‍കിയിരുന്നു. ഗുജറാത്തിലും പ്ലാസ്മ തെറാപ്പി നടത്തുമെന്ന് നേരത്തെ സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more