മനുഷ്യരിലും മൃഗങ്ങളിലും രോഗമുണ്ടാക്കുന്ന പരസ്പരം ജനിതകബന്ധമുള്ള വിവിധയിനം വൈറസുകള്‍ ഉള്‍ക്കൊള്ളുന്ന വലിയൊരു കുടുംബമാണ് കൊറോണ എന്ന് പൊതുവില്‍ വിളിക്കപ്പെടുന്നത്. മനുഷ്യരില്‍ സാധാ ജലദോഷം മുതല്‍ തീവ്രമായ MERS, SARS വരെയുള്ള ശ്വസനസംബന്ധിയായ വിവിധ രോഗങ്ങള്‍ ഉണ്ടാക്കുന്ന വിരുതന്മാര്‍ ഈ കുടുംബത്തിലെ അംഗങ്ങളാണ്. ഏറ്റവും അടുത്തകാലത്തായി കണ്ടെത്തിയ ഒരു കൊറോണ വൈറസ് ഉണ്ടാക്കിയ സാംക്രമിക രോഗമാണ് കോവിഡ് 19. ചൈനയിലെ വുഹാനില്‍ 2019 ഡിസംബറില്‍ പൊട്ടിപ്പുറപ്പെടുന്നതിന് മുന്‍പ് ഈ വൈറസും രോഗവും അജ്ഞാതമായിരുന്നു.
കോവിഡ്-19ന്റെ സര്‍വ്വസാധാരണമായ ലക്ഷണങ്ങള്‍ പനി, ക്ഷീണം, വരണ്ട ചുമ ഇവയാണ്. ചില രോഗികള്‍ക്ക് ശരീര / മസില്‍ വേദന, മൂക്കടപ്പ്, മൂക്കൊലിപ്പ്, തൊണ്ടവേദന, വയറിളക്കം ഇവയും കണ്ടേക്കാം. ഈ ലക്ഷണങ്ങള്‍ ലഘുവായതും ക്രമേണ ആരംഭിക്കുന്നതുമാണ്. ചില ആളുകളില്‍ വൈറസ് ബാധക്ക് ശേഷവും എന്തെങ്കിലും ലക്ഷണങ്ങളോ അസ്വസ്ഥതകളോ കണ്ടില്ലെന്നും വരാം. കൂടുതല്‍ ആളുകളും (80% വരെ) പ്രത്യേക ചികിത്സ ഒന്നും കൂടാതെ സുഖപ്പെടുന്നു. കോവിഡ്-19 ബാധിക്കുന്ന ആറുപേരില്‍ ഒരാള്‍ എന്ന കണക്കില്‍ ഗുരുതരാവസ്ഥയില്‍ ആകുകയും ശ്വസനം പ്രയാസകരമാകുകയും ചെയ്യും. പ്രായമുള്ളവരും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം, ഹൃദ്രോഗം പോലെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരും ഗുരുതരാവസ്ഥയിലേക്ക് പോകാന്‍ സാധ്യത ഏറെയാണ്. പനി, ചുമ, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് ഇവ അനുഭവപ്പെട്ടാല്‍ വൈദ്യസഹായം തേടണം.
രോഗബാധിതനായ ഒരാള്‍ ചുമയ്ക്കുകയോ തുമ്മുകയോ ഉച്ഛ്വസിക്കുകയോ ചെയ്യുമ്പോള്‍ അയാളുടെ മൂക്കില്‍ നിന്നോ വായില്‍ നിന്നോ തെറിക്കുന്ന ചെറുകണങ്ങളിലൂടെയാണ് രോഗം പകരുന്നത്. രോഗബാധിതന് ചുറ്റുമുള്ള വസ്തുക്കളിലും പ്രതലങ്ങളിലും ആ ചെറുകണങ്ങള്‍ പറ്റിയിരിക്കുകയും മറ്റുളളവര്‍ അവിടെ തൊട്ട കൈകൊണ്ട് സ്വന്തം കണ്ണിലോ മൂക്കിലോ വായിലോ തൊടുമ്പോള്‍ രോഗം അവരിലേക്കെത്തുന്നു. രോഗബാധിതര്‍ ചുമയ്ക്കുകയോ തുമ്മുകയോ ഉച്ഛ്വസിക്കുകയോ വഴി പുറത്തേക്ക് വമിപ്പിക്കുന്ന ചെറുകണങ്ങള്‍ ശ്വസിക്കുക വഴിയും രോഗം പിടിപെടാം. അതുകൊണ്ടാണ് രോഗബാധിതനില്‍ നിന്ന് ചുരുങ്ങിയത് ഒരു മീറ്റര്‍ അകലം പാലിക്കണമെന്ന് പറയുന്നത്. രോഗം പകരുന്ന വഴികളെക്കുറിച്ചുള്ള ഗവേഷണങ്ങള്‍ ഇപ്പോഴും തുടരുകയാണ്.
ഇതുവരെയുള്ള പഠനങ്ങള്‍ സൂചിപ്പിക്കുന്നത് കോവിഡ്-19ന് ഹേതുവായ വൈറസ് പ്രധാനമായും പകരുന്നത് ശ്വസനേന്ദ്രിയങ്ങളില്‍ നിന്ന് വമിക്കുന്ന ചെറുകണങ്ങളില്‍ കൂടിയാണ് എന്നാണ്.
രോഗിയായ ഒരാള്‍ ചുമയ്ക്കുന്നത് വഴി പുറന്തള്ളുന്ന കണങ്ങള്‍ ആണ് പ്രധാനമായും രോഗം പരത്തുന്നത്. യാതൊരു ലക്ഷണങ്ങളും ഇല്ലാത്ത ഒരാളില്‍നിന്ന് പകരാനുള്ള സാധ്യത വളരെ കുറവാണ്. എന്നാല്‍ കോവിഡ്-19 ബാധിച്ച പലര്‍ക്കും തീരെ ലഘുവായ ലക്ഷണങ്ങള്‍ മാത്രമേ അനുഭവപ്പെടുന്നുളളൂ. രോഗത്തിന്റെ പ്രാഥമികഘട്ടത്തില്‍ അങ്ങനെയാണ്. ഉദാഹരണമായി പറഞ്ഞാല്‍, നേരിയ ചുമ മാത്രമുള്ള മറ്റ് യാതൊരു വൈഷമ്യവും ഇല്ലാത്ത ഒരാളില്‍നിന്ന് കോവിഡ്-19 പിടിപെടാനുള്ള സാധ്യത നിലനില്‍ക്കുന്നു. രോഗം പകരുന്ന കാലയളവിനെക്കുറിച്ചുള്ള ഗവേഷണങ്ങള്‍ ഇപ്പോഴും തുടരുകയാണ്.
സാധ്യത കുറവാണ്. രോഗിയുടെ മലത്തില്‍ വൈറസ് ഉണ്ടായേക്കാം എന്ന് ആദ്യ ഗവേഷണങ്ങള്‍ സൂചിപ്പിച്ചിരുന്നെങ്കിലും ആ വഴിക്ക് രോഗം പടര്‍ന്ന് പിടിച്ചിട്ടില്ലെന്ന കണ്ടെത്തലിനാണ് പ്രാമുഖ്യം. ഗവേഷണങ്ങള്‍ ഇപ്പോഴും തുടരുക തന്നെയാണ്. റിസ്‌ക് ഒഴിവാക്കാന്‍ ശുചിമുറിയില്‍ പോയതിന് ശേഷവും ഭക്ഷണത്തിന് മുന്‍പും കൈകള്‍ വൃത്തിയാക്കുക.
ലോകാരോഗ്യസംഘടനയുടെ വെബ്സൈറ്റ്, നിങ്ങളുടെ ദേശീയ, തദ്ദേശീയ ആരോഗ്യവകുപ്പുകള്‍ ഇവ അപ്പപ്പോള്‍ അപ്‌ഡേറ്റ് ചെയ്യുന്ന കോവിഡ്-19 സംബന്ധിച്ച വിവരങ്ങള്‍ യഥാവിധി ഉള്‍ക്കൊള്ളുക. പ്രവചനാതീതമാണ് കാര്യങ്ങള്‍. പുതിയ വൃത്താന്തങ്ങള്‍ക്കായി അപ്പപ്പോള്‍ വാര്‍ത്തകള്‍ പരിശോധിക്കുക. ചില നിസ്സാരമായ കാര്യങ്ങള്‍ വഴി നിങ്ങള്‍ക്ക് സ്വയം സുരക്ഷിതനാകാനും രോഗപ്പകര്‍ച്ച തടയാനും കഴിയും.
* ആല്‍ക്കഹോള്‍ ആധാരമാക്കിയ ഹാന്‍ഡ് റബ് കൊണ്ടോ സോപ്പും വെള്ളവും ഉപയോഗിച്ചോ നിങ്ങളുടെ കൈകള്‍ ഇടയ്ക്കിടെ നന്നായി ശുദ്ധിയാക്കുക. അവ നിങ്ങളുടെ കൈകളിലെ വൈറസിനെ നശിപ്പിക്കും.
* മറ്റൊരാളില്‍നിന്ന് ഒരു മീറ്റര്‍ അകലം പാലിക്കുക. അയാള്‍ ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോള്‍ പുറത്തുവരുന്ന ദ്രവകണങ്ങളില്‍ വൈറസ് ഉണ്ടാകാനും നിങ്ങള്‍ അത് ശ്വസിച്ച് ഉള്ളില്‍ എത്താനുമുള്ള സാധ്യത ഒഴിവാക്കാന്‍ വേണ്ടിയാണ് ഈ അകലപാലനം.
* സ്വയം മുഖം തൊടുന്നത് ഒഴിവാക്കുക. നാം പലയിടത്തും തൊടുന്നത് വഴി കൈകളില്‍ വൈറസ് പറ്റിയിരിക്കാം. കണ്ണ്, മൂക്ക്, വായ എന്നിവയില്‍ക്കൂടി ആ വൈറസ് ഉള്ളില്‍ എത്താതിരിക്കാനാണ് ഈ മുന്‍കരുതല്‍.
* നിങ്ങളും ചുറ്റുമുള്ളവരും ആരോഗ്യകരമായ ശ്വസനരീതികള്‍ പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തുക. അതായത് തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മടക്കിയ കൈമുട്ട് കൊണ്ടോ ടിഷ്യൂ കൊണ്ടോ വായും മൂക്കും മറച്ചുപിടിക്കുക. ആ ടിഷ്യൂ ഉടനെ സുരക്ഷിതമായി നിര്‍മ്മാര്‍ജ്ജനം ചെയ്യുക. ഓര്‍ക്കുക, മൂക്കിലൂടെയും വായിലൂടെയും പുറത്തേക്ക് വമിക്കുന്ന ദ്രവകണങ്ങളിലൂടെയാണ് വൈറസ് പകരുന്നത്.
* അസ്വാസ്ഥ്യം തോന്നുകയാണെങ്കില്‍ വീട്ടില്‍തന്നെ കഴിയുക. ചുമ, പനി, ശ്വാസതടസ്സം ഇവ അനുഭവപ്പെടുകയാണെങ്കില്‍ വൈദ്യസഹായം തേടുക. നിങ്ങള്‍ അടുത്തായി യാത്രകള്‍ നടത്തുകയോ യാത്ര കഴിഞ്ഞ് വന്നവരുമായി ബന്ധപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ആ വിവരം ആരോഗ്യപ്രവര്‍ത്തകരുമായി പങ്ക് വയ്ക്കുക. അവര്‍ക്ക് നിങ്ങളെ ശരിയായി ഗൈഡ് ചെയ്യാനും കോവിഡ് വ്യാപനത്തെ ചെറുക്കാനും കഴിയും.
അത് നിങ്ങള്‍ ഏത് പ്രദേശത്താണ് എന്നതിനെ ആശ്രയിച്ചാണ്. സര്‍ക്കാറുകളും ആരോഗ്യ അധികൃതരും ജാഗ്രതയോടെ നടപടികള്‍ കൈക്കൊള്ളുന്നുണ്ട്. യാത്ര, പൊതുസ്ഥലങ്ങളിലെ വിഹാരം, ജനങ്ങളുടെ ഒത്തുചേരല്‍ എന്നിവയുടെ കാര്യത്തില്‍ നിങ്ങളുടെ നാട്ടില്‍ ഏര്‍പ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളോടും പൂര്‍ണമായി സഹകരിക്കുക. അത് നിങ്ങളെ സുരക്ഷിതരാക്കും. ചൈനയില്‍ സാധ്യമായത് പോലെ നമുക്ക് ഇതിന്റെ വ്യാപനം തടയാനാകും. നിങ്ങളുടെ പ്രദേശത്തെ നില അപ്പപ്പോള്‍ അറിഞ്ഞ് മുന്‍കരുതല്‍ സ്വീകരിക്കുക വളരെ പ്രധാനമാണ്.
കുട്ടികളിലും യുവതീയുവാക്കളിലും കോവിഡ്-19 രോഗബാധ താരതമ്യേന ലഘുവായ പ്രതികരണമാണ് ഉണ്ടാക്കുന്നത്. എങ്കിലും ചിലരില്‍ അത് ഗുരുതരമായേക്കാം. അഞ്ചില്‍ ഒരാള്‍ക്ക് എന്ന തോതില്‍ ആശുപത്രിവാസം അനിവാര്യമായി വന്നു എന്നാണ് ഇതുവരെയുള്ള കണക്കുകള്‍. ആശങ്ക സ്വാഭാവികമാണ്. മുന്‍പ് പറഞ്ഞ ശുചിത്വ-സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുകയും തദ്ദേശീയ ആരോഗ്യ അധികൃതരുടെ നിര്‍ദ്ദേശങ്ങളും നിയന്ത്രണങ്ങളും ശിരസാ വഹിക്കുകയും ചെയ്യുക മാത്രമാണ് പോംവഴി.
ഇക്കാര്യത്തില്‍ ഇപ്പോഴും പഠനങ്ങള്‍ തുടരുകയാണെങ്കിലും നിലവിലെ സൂചനകള്‍ പ്രകാരം പ്രായമായവരിലും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം, ഹൃദ്രോഗം, ക്യാന്‍സര്‍, ശ്വാസകോശ രോഗങ്ങള്‍ ഇവയിലേതെങ്കിലും ഉള്ളവര്‍ക്കും മറ്റുളളവരെ അപേക്ഷിച്ച് രോഗം ഗുരുതരമാകാന്‍ ഇടയുണ്ട്.
അല്ല. ആന്റിബയോട്ടിക്കുകള്‍ വൈറസിന്റെ കാര്യത്തില്‍ നിഷ്ഫലമാണ്. അവ ബാക്ടീരിയ ബാധക്ക് മാത്രമാണ് ഉപകരിക്കുക. കോവിഡ്-19 വൈറസ് മൂലമുള്ള രോഗമാണ്. കോവിഡ്-19നെ ചെറുക്കാനോ ചികില്‍സിക്കാനോ ഒരു കാരണവശാലും ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കരുത്. ബാക്ടീരിയ അണുബാധ ഉണ്ടെങ്കില്‍ മാത്രം അവ ആരോഗ്യവിദഗ്ദ്ധന്റെ നിര്‍ദ്ദേശാനുസരണം ഉപയോഗിക്കാം.
ഇല്ല; വാക്‌സിനോ ആന്റിവൈറല്‍ മരുന്നുകളോ ഇന്നോളം ഇല്ല. ഗുരുതരാവസ്ഥയില്‍ ഉള്ളവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അവര്‍ക്ക് രോഗലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കാനുള്ള സപ്പോര്‍ട്ടീവ് കെയര്‍ നല്‍കുകയാണിപ്പോള്‍ ചെയ്തുവരുന്നത്. പലരും അങ്ങനെ സുഖം പ്രാപിക്കുന്നുണ്ട്. പ്രതിരോധത്തിനോ രോഗം മാറാനോ എന്നോണം ചിലര്‍ സ്വമേധയാ ആന്റിബയോട്ടിക്കുകള്‍ ഉള്‍പ്പെടെയുള്ള മരുന്നുപയോഗിച്ചു നടത്തുന്ന സ്വയം ചികിത്സയെ ഞങ്ങള്‍ നിരുത്സാഹപ്പെടുത്തുന്നു. വാക്‌സിനുകള്‍, മരുന്നുകള്‍ കണ്ടെത്താനുള്ള പഠനങ്ങള്‍ തുടങ്ങിയവ പലയിടത്തും നടക്കുന്നുണ്ട്. പലതും പരീക്ഷണഘട്ടത്തിലാണ്. മരുന്നും വാക്‌സിനും കണ്ടെത്താനുള്ള ഉദ്യമങ്ങള്‍ ഏകോപിപ്പിക്കുകയാണ് ഞങ്ങള്‍.
അല്ല. രണ്ടും ഉണ്ടാക്കുന്നത് ജനിതകസാമ്യമുള്ള വൈറസുകളാണ് എന്ന് മാത്രം. സാര്‍സിന് കൂടുതല്‍ പ്രഹരശേഷിയുണ്ട്. പക്ഷെ പകര്‍ച്ചാ നിരക്ക് കുറവായിരുന്നു.
നിങ്ങള്‍ക്ക് കോവിഡ്-19 ലക്ഷണം ഉണ്ടെങ്കില്‍, അഥവാ കോവിഡ് സംശയിക്കുന്ന ഒരാളെ പരിചരിക്കുന്നുണ്ടെങ്കില്‍ മാത്രം മാസ്‌ക് ധരിക്കുക. ഡിസ്‌പോസിബിള്‍ മാസ്‌ക് ഒരിക്കല്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. മാസ്‌കുകളുടെ ദൗര്‍ലഭ്യം പരിഗണിച്ച് ജനങ്ങള്‍ അവ യുക്തിപൂര്‍വ്വം വിനിയോഗിക്കണം എന്നാണ് ഞങ്ങള്‍ക്ക് അഭ്യര്‍ത്ഥിക്കാനുള്ളത്. മുന്‍പ് പറഞ്ഞ സുരക്ഷാ-ശുചിത്വ ഉപാധികള്‍ കൈക്കൊള്ളുക.
ഓര്‍ക്കുക, ആരോഗ്യപ്രവര്‍ത്തകരും രോഗിയെ പരിചരിക്കുന്നവരും പനി, ചുമ തുടങ്ങിയ ശ്വാസകോശ അസുഖങ്ങള്‍ ഉള്ളവരും മാത്രമാണ് മാസ്‌ക് ധരിക്കേണ്ടത്. മാസ്‌ക് തൊടുന്നതിന് മുന്‍പ് കൈകള്‍ യഥാവിധി അണുമുക്തമാണെന്ന് ഉറപ്പ് വരുത്തുക. മാസ്‌കില്‍ കീറലോ ദ്വാരമോ ഇല്ലെന്ന് ഉറപ്പ് വരുത്തുക. മുകള്‍ വശവും പുറം വശവും കൃത്യമായി പാലിച്ച് മൂക്കിന് മുകളിലേക്കും താഴെ വായും താടിയെല്ലും മറച്ചുമാണ് ധരിക്കേണ്ടത്. ചെവിക്ക് മുകളിലുള്ള ഇലാസ്റ്റിക് ലൂപ്പില്‍ പിടിച്ച് വേണം ഊരിമാറ്റാന്‍. മറ്റെവിടെയും തൊടരുത്. ഉടനെ അടഞ്ഞുകിടക്കുന്ന വെയ്സ്റ്റ് ബിന്നിലേക്ക് ഇടുക. കൈകള്‍ വീണ്ടും യഥാവിധി അണുമുക്തമാക്കുക.
വൈറസ് ബാധിക്കുന്നതിനും ലക്ഷങ്ങള്‍ കണ്ടുതുടങ്ങുന്നതിനും ഇടയ്ക്കുള്ള സമയമാണ് ഇന്‍ക്യൂബേഷന്‍ കാലയളവ്. ഒന്ന് മുതല്‍ 14 ദിവസം വരെയാകാം ഇത്. കൂടുതലായി കണ്ടുവരുന്നത് 5 ദിവസമാണ്.
അത്തരം സാധ്യതയെ തള്ളിക്കളയാനാകില്ല. മൃഗങ്ങളില്‍ സാധാരണമായ വലിയൊരു വൈറസ് കുടുംബമാണ് കൊറോണ. ഈ ഗണത്തിലെ വൈറസുകള്‍ പലപ്പോഴും മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് എത്തുകയും പിന്നീട് ഇതര മനുഷ്യരിലേക്ക് വ്യാപിക്കുകയുമാണ്. ഉദാഹരണത്തിന് സാര്‍സ് വെരുകില്‍ നിന്നും മെര്‍സ് ചിലയിനം ഒട്ടകങ്ങളിലുമാണ് ഉടലെടുത്തത്. കോവിഡ്-19ന്റെ സ്രോതസ്സ് എന്തെന്നത് ഇനിയും സ്ഥിരീകരിച്ചിട്ടില്ല. മൃഗങ്ങളുമായും മൃഗങ്ങള്‍ ഇടപഴകിയ പ്രതലങ്ങളുമായും നേരിട്ടുള്ള കോണ്ടാക്റ്റ് ഒഴിവാക്കുക. ഭക്ഷ്യ സുരക്ഷാ ഉപായങ്ങള്‍ പാലിക്കുക. മാംസം, പാല്‍, മൃഗങ്ങളുടെ അവയവങ്ങള്‍ ഇവ സൂക്ഷിച്ച് കൈകാര്യം ചെയ്യുക. ജന്തുജന്യ ഉല്പന്നങ്ങള്‍ പാകം ചെയ്യാതെയോ ശരിയായി വേവിക്കാതെയോ കഴിക്കുന്നത് ഒഴിവാക്കുക. ഹോങ്കോങ്ങില്‍ ഒരു പട്ടിക്ക് പിടിപെട്ട ഒറ്റ സംഭവമാണ് വളര്‍ത്തുമൃഗങ്ങളുടെ കാര്യത്തില്‍ റിപ്പോര്‍ട്ട് ചെയപ്പെട്ടത്. പട്ടിയോ പൂച്ചയോ മറ്റു വളര്‍ത്തുമൃഗങ്ങളോ ഇത് പടര്‍ത്തുന്നതായി തെളിവില്ല.
ഇക്കാര്യത്തില്‍ കൃത്യമായ ഉത്തരമില്ല. പൊതുവെ കൊറോണ വൈറസുകള്‍ (കോവിഡ്-19നെക്കുറിച്ചുള്ള പ്രാഥമിക വിവരങ്ങളും അതുമായി ഒത്തുപോകുന്നു) വ്യത്യസ്ത അവസ്ഥകളില്‍ ഏതാനും മണിക്കൂറുകള്‍ മുതല്‍ ദിവസങ്ങള്‍ വരെ നശിക്കാതെ നിലനില്‍ക്കും എന്നാണ് പഠനങ്ങള്‍. പ്രതലം ഏതാണെന്നതും അന്തരീക്ഷ ഊഷ്മാവ്, ഈര്‍പ്പം ഇവയിലെ വ്യതിയാനവും അനുസരിച്ച് വൈറസിന്റെ അതിജീവന കാലയളവ് മാറിവരും. ഏതെങ്കിലും പ്രതലം അണുബാധ സംശയിക്കുന്നുവെങ്കില്‍ അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കുക. ശേഷം കൈകള്‍ അണുമുക്തമാക്കുക. കണ്ണുകള്‍, മൂക്ക്, വായ എന്നിവ തൊടുന്നത് ഒഴിവാക്കുക.
അതെ. രോഗബാധിതനായ ഒരു വ്യക്തി വാണിജ്യ ഉല്പന്നങ്ങള്‍ മലിനമാക്കുക എന്നത് വിരളമായ സാധ്യതയാണ്. അതുമല്ല അത്തരമൊരു പൊതി വ്യത്യസ്ത സ്ഥലങ്ങളിലൂടെയും ഊഷ്മാവിലൂടെയും സഞ്ചരിച്ച് വൈറസിനെ നിലനിര്‍ത്തും എന്നത് അതിലേറെ അസംഭവ്യവും.
ചിലര്‍ എങ്കിലും പുകവലി, ഒന്നിലേറെ മാസ്‌ക് ധരിക്കല്‍, ആന്റിബയോട്ടിക് കഴിക്കല്‍ ഇവയൊക്കെ കോവിഡ്-19 ചെറുക്കും എന്ന് വിശ്വസിക്കുന്നുണ്ട്. അത്തരം ധാരണകള്‍ തെറ്റാണ് എന്നതിനൊപ്പം അപായകരം കൂടിയാണ്. എന്ത് തന്നെയാകട്ടെ, ചുമ, പനി, ശ്വാസതടസ്സം ഇവ അനുഭവപ്പെട്ടാല്‍ എത്രയും നേരത്തെ വൈദ്യസഹായം തേടുക. അത് കൂടുതല്‍ ഗുരുതരമായ അവസ്ഥയിലെത്തുന്നത് തടഞ്ഞേക്കാം. നിങ്ങള്‍ അടുത്തിടെയായി യാത്രകള്‍ നടത്തിയിട്ടുണ്ടെങ്കില്‍ അക്കാര്യം നിങ്ങളുടെ ആരോഗ്യസേവന ദാതാക്കളുമായി പങ്കുവെക്കുക.
സ്വതന്ത്ര പരിഭാഷ, സംഗ്രഹം: ബച്ചൂ മാഹി
കടപ്പാട്: ലോകാരോഗ്യ സംഘടന (World Health Organization)
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ