| Friday, 13th October 2023, 7:59 am

'ഗസയില്‍ 50,000 ഗര്‍ഭിണികള്‍ കുടിവെള്ളം പോലുമില്ലാതെ നരകിക്കുന്നു, വൈദ്യുതിയില്ലെങ്കില്‍ ആശുപത്രികള്‍ മോര്‍ച്ചറിയാകുമെന്ന് മുന്നറിയിപ്പ്'

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജെറുസലേം: ഇസ്രഈല്‍ സൈന്യം ഗസയില്‍ നടത്തിയ അക്രമണത്തില്‍ 34 ഓളം ആരോഗ്യ കേന്ദ്രങ്ങള്‍ നശിപ്പിച്ചതായി ലോകാരോഗ്യ സംഘടന. ഇതുവരെ ഫലസ്തീനില്‍ 11 ആരോഗ്യപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായും ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

50,000 ഗര്‍ഭിണികള്‍ക്ക് കുടിവെള്ളം പോലുമില്ലാതെ ഗസയില്‍ നരകിക്കുകയാണെന്നാണ് യു.എന്‍ ഭക്ഷ്യ സംഘടന പറയുന്നത്. ഗാസയില്‍ വൈദ്യുതിയും ഇല്ലാത്തത് ആശുപത്രികളില്‍ ഗുരതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് യു.എന്‍ എജന്‍സി ആശങ്കരേഖപ്പെടുത്തുന്നു. വൈദ്യുതി ഇല്ലെങ്കില്‍ ഗസയിലെ ആശുപത്രികള്‍ മോര്‍ച്ചറികളാകുമെന്ന് അന്താരാഷ്ട്ര സന്നദ്ധ സംഘടനയായ റെഡ്‌ക്രോസ് മുന്നറിയിപ്പ് നല്‍കി.

ഗാസയിലെ ആശുപത്രികളില് മതിയായ ചികിത്സകളില്ലാതെ നിരവധിപേരാണ് മരിച്ചുവീഴുന്നത്. ഇതുവരെ 1,537 പേര് ഇസ്രഈല് സൈന്യം നടത്തിയ വ്യോമാക്രമണത്തില് കൊല്ലപ്പെട്ടു. ഇതില് 450ല് അധികം കുട്ടികളും 250ല് അധികം സ്ത്രീകളുമാണെന്നാന്ന് റിപ്പോര്ട്ടുകള്. 3.3ലക്ഷം ഫലസ്തീനികള് വീടുവിട്ടിറങ്ങയിരിക്കുകയാണ്. ഇതില് 2.2 ലക്ഷം ആളുകള് യു.എന് ക്യാമ്പുകളില് കഴിയുകയാണ്.

അതേസമയം, ഇസ്രഈലില്‍ ഹമാസ് നടത്തിയ അക്രണത്തില്‍ 1,300 പേരാണ് മരിച്ചത്. 97 ഇസ്രഈലിയര്‍ ഹമാസിന്റെ ബന്ദികളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനിടെ, ഗസ മുനമ്പില്‍ ഒരു മാനുഷിക പരിഗണനയും ഉണ്ടാകില്ലെന്നാണ് ഇസ്രഈലിന്റെ മുന്നറിയിപ്പ്. ആരും ധാര്‍മികത പ്രസംഗിക്കേണ്ടെന്നും പരിഗണനയുമുണ്ടാകില്ലെന്നും ഇസ്രഈല്‍ വക്താവ് പറഞ്ഞു.

ഹമാസ് ബന്ദികളാക്കിയ ഇസ്രഈലുകാരെ മോചിപ്പിക്കാതെ മേഖലയിലേക്ക് വെള്ളവും വൈദ്യുതിയും ഇന്ധനവും അനുവദിക്കില്ല. ഒരു വൈദ്യുതി സ്വിച്ചും ടാപ്പും പ്രവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കുമെന്നും കാട്സ് പറഞ്ഞു.

ഹമാസിനെ ഐ.എസിനെയെന്നപോലെ നേരിടുമെന്നായിരുന്നു ഇസ്രഈല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ പ്രതികരണം.

Content Highlight:  World Health Organization has said that 34 health centers were destroyed in the attack by the Israeli army in Gaza

We use cookies to give you the best possible experience. Learn more