ന്യൂദല്‍ഹി:1982ല്‍ റിച്ചാര്‍ഡ് ആറ്റന്‍ബറോയുടെ ‘ഗാന്ധി’ എന്ന സിനിമ പുറത്തിറങ്ങുന്നത് വരെ മഹാത്മാ ഗാന്ധിയെ ലോകത്തിന് അറിയില്ലായിരുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാര്‍ത്താ ചാനനലായ എ.ബി.പിക്ക് നല്‍കിയ അഭിമുഖത്തിലാണ് മോദിയുടെ പരമാര്‍ശം.
മഹാത്മാഗാന്ധി ഇന്ത്യയിലെ ഒരു പ്രമുഖ വ്യക്തിയായിരുന്നെങ്കിലും ലോകം അദ്ദേഹത്തെ കുറിച്ച് അറിഞ്ഞിരുന്നില്ലെന്നാണ് മോദി അഭിമുഖത്തില്‍ അവകാശപ്പെട്ടത്. കഴിഞ്ഞ 75 വര്‍ഷത്തിനിടെ ഗാന്ധിക്ക് ആഗോളതലത്തില്‍ അംഗീകാരം നല്‍കേണ്ടത് രാജ്യത്തിന്റെ ഉത്തരവാദിത്തമല്ലേയെന്നും മോദി ചോദിച്ചു.
‘മഹാത്മാഗാന്ധി ലോകത്തിലെ ഒരു മാഹാത്മാവായിരുന്നു. ഈ 75 വര്‍ഷത്തിനിടെ ഗാന്ധിയെ കുറിച്ച് ലോകത്തെ അറിയിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമായിരുന്നില്ലേ. ആരും അദ്ദേഹത്തെ കുറിച്ച് അറിയാതെ പോയി. എന്നോട് ക്ഷമിക്കൂ. എന്നാല്‍ ആദ്യമായി ലോകം അദ്ദേഹത്തെ കുറിച്ച് അറിഞ്ഞത് ‘ഗാന്ധി’ സിനിമ ഇറങ്ങിയതിന് പിന്നാലെയാണ്,’ പ്രധാനമന്ത്രി അവകാശപ്പെട്ടു.
മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിനെയും നെല്‍സണ്‍ മണ്ടേലയെയും പോലെയുള്ള മറ്റ് നേതാക്കളെ കുറിച്ച് ലോകം ബോധവാന്മാരാണെങ്കിലും മഹാത്മഗാന്ധിയെ കുറിച്ച് ലോകം അറിയാതെ പോയെന്നും മോദി കൂട്ടിച്ചേര്‍ത്തു. ലോകമൊട്ടാകെ സഞ്ചരിച്ചതിന് ശേഷമാണ് താനിത് പറയുന്നതെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.
മോദിയുടെ അഭിമുഖത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. 1982ന് മുമ്പ് മഹാത്മാഗാന്ധിയെ ലോകം അംഗീകരിക്കാത്ത കാലത്താണ് സ്ഥാനം ഒഴിയാന്‍ പോകുന്ന പ്രധാനമന്ത്രി ഇപ്പോഴും ജീവിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ് പറഞ്ഞു. വാരണാസിയിലും ദല്‍ഹിയിലും അഹമ്മദാബാദിലും ഗാന്ധിയന്‍ സ്ഥാപനങ്ങള്‍ തകര്‍ത്തത് മോദി സര്‍ക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘മഹാത്മാഗാന്ധിയുടെ ദേശീയത അവര്‍ മനസ്സിലാക്കുന്നില്ല എന്നതാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ മുഖമുദ്ര. അവരുടെ പ്രത്യയശാസ്ത്രം സൃഷ്ടിച്ച അന്തരീക്ഷമാണ് നാഥുറാം ഗോഡ്‌സെയെ ഗാന്ധിയെ കൊലപ്പെടുത്താന്‍ പ്രേരിപ്പിച്ചത്,’ ജയറാം രമേഷ് പറഞ്ഞു. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് മഹാത്മാഗാന്ധിയുടെ ഭക്തരും ഗോഡ്‌സെ ഭക്തരും തമ്മിലുള്ള പോരാട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: ‘World got to know Mahatma Gandhi from movie,’ Modi