വീട്ടിലെത്താനാകാതെ പാതിവഴിയില്‍ തളര്‍ന്നു വീഴുന്ന മനുഷ്യര്‍, കുടുംബത്തെ നോക്കാന്‍ സാധിക്കുന്നില്ല ഞാന്‍ പോവുകയാണ് എന്നെഴുതിവെച്ച് ആത്മഹത്യ ചെയ്യുന്നവര്‍, പട്ടിണി കൊണ്ട് കരയുന്ന കുഞ്ഞുങ്ങള്‍, മഹാദുരിതങ്ങളിലൂടെ മനുഷ്യര്‍ കടന്നുപോകുമ്പോഴാണ് ഇത്തവണത്തെ ബാലവേലവിരുദ്ധദിനമെത്തുന്നത്. പഠനങ്ങള്‍ പറയുന്നത് തൊഴില്‍ തേടി പാലയനം ചെയ്ത മനുഷ്യരുടെ മടക്കമുള്‍പ്പെടെയുള്ള വിഷയങ്ങള്‍ കുട്ടികളിലെ എല്ലാ അവകാശങ്ങളും എടുത്ത് കളഞ്ഞ് അവരെ തൊഴില്‍ ഇടങ്ങളിലേക്ക് പോകാന്‍ നിര്‍ബന്ധിതമാക്കുന്ന സാഹചര്യത്തിലേക്ക് തള്ളിവിടുമെന്നാണ്.
ലോകമൊട്ടാകെ കടുത്ത സാമ്പത്തിക മാന്ദ്യത്തിലൂടെയും അസംഘടിത മേഖലയില്‍ മുമ്പില്ലെത്താവിധത്തിലുള്ള തൊഴില്‍ നഷ്ടത്തിലൂടെയുമാണ് കടന്നുപോകുന്നത്. സാമ്പത്തിക ശാസ്ത്ര നൊബേല്‍ പുരസ്‌കാര ജേതാവ് അഭിജിത്ത് ബാനര്‍ജി പറഞ്ഞതുപോലെ അതിജീവനത്തിന് പണമിവിടെ വലിയ വിഷയമായി തീരും. ഇത്തരം സാഹചര്യത്തില്‍ കുട്ടികള്‍ വീടുകളില്‍ നിന്ന് ജോലിക്കായി ഇറങ്ങേണ്ടിവരുന്ന സ്ഥിതിയുണ്ടാകുമെന്നാണ് ബാലാവകാശ പ്രവര്‍ത്തകര്‍ പറയുന്നത്. ഇപ്പോള്‍ രൂപപ്പെട്ടിരിക്കുന്ന സാമ്പത്തിക അരക്ഷിതാവസ്ഥയും തൊളില്‍ അസ്ഥിരതയും ദീര്‍ഘകാലത്തേക്ക് കുട്ടികളെ ബാലവേലയിലേക്ക് നയിക്കുമെന്നും ഇവര്‍ ചുണ്ടികാണിക്കുന്നു.
ലോകത്ത് പത്തില്‍ ഒരു കുട്ടി എന്ന നിലയ്ക്ക് ബാലവേലയില്‍ എര്‍പ്പെടുന്നു എന്നാണ് കണക്കുകള്‍ പറയുന്നത്. 2000ത്തിനു ശേഷം ലോകത്ത് 9.4 കോടിയുടെ കുറവ് ബാലവേലയില്‍ വന്നതിനുശേഷമുള്ള കണക്കുകളാണ് ഇത്.
2002ലാണ് ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ ജൂണ്‍ 12 ബാലവേലവിരുദ്ധദിനമായി ആചരിക്കാന്‍ തീരുമാനിക്കുന്നത്. 2025ഓട് കൂടി ലോകത്തെ ബാലവേല ഇല്ലായ്മ ചെയ്യണമെന്നത്് ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസനലഷ്യങ്ങളില്‍ ഒന്നാണ്. എന്നാല്‍ അപ്രതീക്ഷിതമായി കടന്നെത്തിയ കൊവിഡ് 19 ഈ ലക്ഷ്യത്തെ ബഹുദൂരം പിന്നോട്ട് നയിക്കുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
തൊഴില്‍ ഇല്ലായ്മ, ദീര്‍ഘകാലത്തേക്ക് സ്‌കൂള്‍ അടച്ചു പൂട്ടിയ സാഹചര്യം, നിര്‍മ്മാണ മേഖലയിലുള്‍പ്പെടെ ജോലി നോക്കിയിരുന്ന അതിഥി സംസ്ഥാന തൊഴിലാളികള്‍ നാട്ടിലേക്ക് തിരികെയെത്തുന്ന അവസ്ഥ തുടങ്ങിയവ ബാലവേല അനിയന്ത്രിതമായി കൂട്ടുമെന്നാണ് ബാലവകാശ പ്രവര്‍ത്തകനായ കുമാര്‍ നീലേന്ദു അഭിപ്രായപ്പെടുന്നത്. ഇന്ത്യയിലെ നിരവധി കുടുംബങ്ങളുടെ മുന്നില്‍ ഇപ്പോഴുള്ള പ്രധാന വിഷയം അതിജീവനമാണെന്നും ഇത്തരം സാഹചര്യത്തില്‍ കുട്ടികളുള്‍പ്പെടെ പ്രതിസന്ധി അനുഭവിക്കേണ്ടിവരുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
2011ലെ സെന്‍സസ് പ്രകാരം അഞ്ച്് മുതല്‍ പതിനാല് വയസിനിടയല്‍ പ്രായമുള്ള ഒരു കോടിയിലധികം കുട്ടികള്‍ ഇന്ത്യയില്‍ ബാലവേല ചെയ്യുന്നുണ്ട്. ഇതില്‍ 80ശതമാനവും ഗ്രാമീണമേഖലയില്‍ ഉള്ളവരാണ്. യുനെസ്‌കോ പറയുന്നത് സ്‌കൂളുകള്‍ അടച്ചുപൂട്ടിയത് ഉച്ചഭക്ഷണ പരിപാടിയെ ആശ്രയിക്കുന്ന രാജ്യത്തെ 33 കോടി വിദ്യാര്‍ത്ഥികളെ ബാധിച്ചിട്ടുണ്ട് എന്നാണ്.
കൊവിഡ് മൂലം കാര്‍ഷിക മേഖലയിലായിരിക്കും ഇനി കൂടുല്‍ ബാലവേല ഉണ്ടാവുക എന്നും പഠനങ്ങള്‍ പറയുന്നു. നിലവില്‍ തന്നെ കാര്‍ഷിക മേഖലയില്‍ 62 ശതമാനം ബാലവേല നിലനില്‍ക്കുന്നുണ്ട്. ഇതിനെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ വലിയ രീതിയിലുള്ള ഇടപെടലുകള്‍ ആവശ്യമാണെന്നാണ് ഉയരുന്ന അഭിപ്രായങ്ങള്‍. കുട്ടികളുടെ സുരക്ഷയും ഭാവിയും ഭദ്രമാക്കുന്നതിന് വേണ്ടി ബാലവേല കൂടുന്നത് പ്രതിരോധിക്കാനുമുള്ള എല്ലാ നടപടികളുമായി സര്‍ക്കാരുകള്‍ മുന്നോട്ട് പോകണമെന്നും നിലേന്ദ് പറയുന്നു.