മഴ വില്ലനാകുന്നു, ഉപേക്ഷിച്ച് സന്നാഹ മത്സരങ്ങള്‍; ലോകകപ്പിനും കാലാവസ്ഥ ഭീഷണിയാകുമോ?
Cricket news
മഴ വില്ലനാകുന്നു, ഉപേക്ഷിച്ച് സന്നാഹ മത്സരങ്ങള്‍; ലോകകപ്പിനും കാലാവസ്ഥ ഭീഷണിയാകുമോ?
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 30th September 2023, 4:40 pm

മഴ മൂലം ഉപേക്ഷിച്ച് ലോകകപ്പ് സന്നാഹ മത്സരങ്ങള്‍. ഇന്ന് നടക്കേണ്ടിയിരുന്ന ദക്ഷിണാഫ്രിക്കയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള മത്സരവും ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മത്സരവും മഴ കാരണം ഉപേക്ഷിച്ചു.

തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കേണ്ട ഓസ്‌ട്രേലിയ- നെതര്‍ലന്‍ഡ്‌സ് മത്സരവും മഴ കാരണം തടസപ്പെട്ടിരിക്കുകയാണ്. മഴ തുടരുകയാണെങ്കില്‍ ഈ മത്സരവും ഉപേക്ഷിച്ചേക്കും.

 

 

തിരുവനന്തപുരത്ത് ഇന്നലെ നടക്കേണ്ടിയിരുന്ന ദക്ഷിണാഫ്രിക്ക-അഫ്ഗാനിസ്ഥാന്‍ മത്സരവും മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു. ഇതിന്റെ ടിക്കറ്റ് തുക തിരിച്ചുനല്‍കുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെ.സി.എ) പത്രക്കുറിപ്പില്‍ അറിയിച്ചു.

ലോകകപ്പിനു മുമ്പ് രണ്ട് സന്നാഹ മത്സരങ്ങളാണ് ഇന്ത്യ കളിക്കുന്നത്. ഒക്ടോബര്‍ മൂന്നിന് നെതര്‍ലന്‍ഡ്‌സിനെതിരെ തിരുവനന്തപുരത്താണ് ഇന്ത്യയുടെ അടുത്ത മത്സരം.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദത്തിന്റെ ഭാഗമായി വെള്ളിയാഴ്ച മുതല്‍ കേരളത്തില്‍ ശക്തമായ മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്. ഇതാണ് ലോകകപ്പ് സന്നാഹ മത്സരത്തേയും ബാധിച്ചത്.

ഇപ്പോഴുള്ള മഴ ലോകകപ്പിനേയും ബാധിക്കുമോയെന്ന ആശങ്ക ക്രിക്കറ്റ് ആരാധകര്‍ക്കുണ്ട്. ഒക്ടോബര്‍ അഞ്ച് മുതലാണ് ലോകകപ്പ് മത്സരങ്ങള്‍ ഔദ്യോഗികമായി ആരംഭിക്കുക. ഏഷ്യാകപ്പ് കിരീട നേട്ടത്തിന് പിന്നാലെ ഓസ്‌ട്രേലിയക്കെതിരായ പരമ്പരയും ജയിച്ച് ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ സ്വന്തം നാട്ടിലെ ലോകകപ്പിനിറങ്ങുന്നത്.

Content Highlight: World Cup warm-up matches abandoned due to rain