| Sunday, 3rd June 2018, 8:31 am

ജര്‍മ്മനിയെ ഞെട്ടിച്ച് ഓസ്ട്രിയ; പോര്‍ച്ചുഗലിന് വീണ്ടും സമനിലകുരുക്ക്

സ്പോര്‍ട്സ് ഡെസ്‌ക്

ക്ലെഗന്‍ഫോര്‍ട്ട്: ലോകകപ്പ് സന്നാഹമത്സരത്തിനിറങ്ങിയ ലോകചാമ്പ്യന്‍മാരായ ജര്‍മ്മനിയെ ഞെട്ടിച്ച് ഓസ്ട്രിയ. നിലവിലെ ചാമ്പ്യന്‍മാരെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഓസ്ട്രിയ തകര്‍ത്തുവിട്ടത്. മറ്റൊരു മത്സരത്തില്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇല്ലാതെയിറങ്ങിയ പോര്‍ച്ചുഗല്‍ ബെല്‍ജിയത്തോട് ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.

തുടക്കത്തില്‍ തന്നെ ഗോള്‍ നേടി മുന്നിട്ടു നിന്നശേഷമാണ് ജര്‍മ്മനി ഓസ്ട്രിയയോട് അടിയറവ് പറഞ്ഞത്. മഴകാരണം നിശ്ചയിച്ചതിലും 45 മിനിറ്റ് വൈകിയാണ് മത്സരം തുടങ്ങിയത്.

കളി തുടങ്ങി 11ാം മിനിറ്റില്‍ മെസ്യൂട് ഓസില്‍ ജര്‍മ്മനിയെ മുന്നിലെത്തിച്ചു. ആദ്യ പകുതി അവസാനിക്കുമ്പോള്‍ ഓസിലിന്റെ ഗോളില്‍ മുന്നിലായിരുന്നു ജര്‍മ്മനി. എന്നാല്‍ രണ്ടാംപകുതിയില്‍ തിരിച്ചടിക്കാനൊരുങ്ങിയ ഓസ്ട്രിയയെയാണ് കണ്ടത്.

53ാം മിനറ്റില്‍ മാര്‍ട്ടിന്‍ ഹിന്റെര്‍ഗറിലൂടെ സമനില ഗോള്‍ നേടിയ ഓസ്ട്രിയ 15 മിനിറ്റിനുശേഷം ഷോഫിലൂടെ വിജയഗോളും നേടി. 32 വര്‍ഷത്തിനിടെ ആദ്യമായാണ് ഓസ്ട്രിയ ജര്‍മനിക്കെതിരെ ജയം സ്വന്തമാക്കുന്നത്.

പരിക്ക് കാരണം ഏറെ നാളത്തെ വിശ്രമത്തിനുശേഷം ജര്‍മ്മനിയുടെ ബയേണ്‍ മ്യൂണിക് ഗോള്‍കീപ്പര്‍ കളിക്കളത്തിലേക്ക് തിരിച്ചുവന്നു.

അതേസമയം പോര്‍ച്ചുഗല്‍ വീണ്ടും സമനില വഴങ്ങി. റൊണാള്‍ഡോ ഇല്ലാതെ കളിക്കാനിറങ്ങിയ പോര്‍ച്ചുഗല്‍ കരുത്തരായ ബല്‍ജിയത്തോടാണ് ഗോള്‍രഹിത സമനില പാലിച്ചത്. ഒരു സന്നാഹമത്സരം കൂടിയാണ് പോര്‍ച്ചുഗലിന് ഇനി ബാക്കിയുള്ളത്. ജൂണ്‍ 8ന് അള്‍ജീരിയക്കെതിരെയാണിത്.

We use cookies to give you the best possible experience. Learn more