ലോകകപ്പ് ഫുട്ബാൾ ഖത്തറിന്റെ മണ്ണിൽ നിന്നും കൊടിയിറങ്ങുമ്പോൾ നീണ്ട 36 വർഷത്തെ കാത്തിരിപ്പിന് ശേഷം തങ്ങളുടെ മൂന്നാം ലോക കിരീടം സ്വന്തമാക്കിയിരിക്കുകയാണ് അർജന്റീന.
ഒരു നീണ്ടകാലത്തെ കിരീട വരൾച്ചക്ക് ശേഷമാണ് കോപ്പാ അമേരിക്ക, ഫൈനലിസിമ, ലോകകപ്പ് കിരീടങ്ങൾ തുടർച്ചയായി അർജന്റീന നേടുന്നത്. കൂടാതെ തുടർച്ചയായി മൂന്ന് ഫൈനലുകളിൽ തോൽവിയറിയാതെ മുന്നേറാനും അർജന്റൈൻ ടീമിനായി.
ലോകകിരീടം കൂടി സ്വന്തമാക്കാൻ സാധിച്ചതോടെ തന്റെ കരിയറിലെ പ്രധാനപ്പെട്ട എല്ലാ ക്ലബ്ബ്, രാജ്യാന്തര മേജർ ടൈറ്റിലുകളും സ്വന്തമാക്കാൻ മെസിക്കായി.
ഇതോടെ കരിയർ സമ്പൂർണമാക്കിയ മെസിയെ സ്നേഹം കൊണ്ട് പൊതിയുകയാണ് ലോകമെമ്പാടുമുള്ള ആരാധകർ. ബ്യൂണസ് ഐറിസിലെ വിക്ടറി പരേഡിൽ വൻ ജനക്കൂട്ടമായിരുന്നു അർജന്റൈൻ ടീമിനെ വരവേൽക്കാനായി തടിച്ചു കൂടിയത്.
എന്നാലിപ്പോൾ റൊസാരിയോ തെരുവിൽ മെസിയുടെ കാറിന് ചുറ്റും കൂടി നിന്ന് ആരാധകർ അദ്ദേഹത്തെ പ്രശംസിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
ബ്യൂണസ് ഐറിസിലെ വിക്ടറി പരേഡിന് ശേഷം മെസി പങ്കെടുത്ത ഏക പൊതുപരിപാടിക്കിടെയുള്ള ഈ ദൃശ്യം ടി.എൻ.ടി സ്പോർട്സ് അർജന്റീനയാണ് പുറത്ത് വീട്ടിരിക്കുന്നത്. ‘ചാമ്പ്യൻ’ എന്ന് വിളിച്ചാണ് ആരാധകർ അദ്ദേഹത്തിന്റെ കാർ വളഞ്ഞത്.
തന്റെ കസിന്റെ വിവാഹത്തിന് പോകുമ്പോഴാണ് ആരാധകർ മെസിയുടെ കാറിന് ചുറ്റും തടിച്ച് കൂടിയത് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
ലോകകപ്പ് വിജയത്തിന് ശേഷം അർജന്റീനയിൽ മെസിയുടെ ജനപ്രീതി വർധിച്ചു എന്ന് ഈയിടെ വാർത്തകൾ പുറത്ത് വന്നിരുന്നു.
അതേസമയം തന്റെ ക്ലബ്ബായ പി.എസ്.ജി ക്യാമ്പിലേക്ക് മെസി ഉടനെ തിരികെയെത്തും എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.
ഒരു ഇടവേളക്ക് ശേഷം സ്ട്രാസ്ബർഗിനെതിരെ നടന്ന മത്സരത്തിൽ മെസി കളിക്കാനിറങ്ങിയിരുന്നില്ല.
Content Highlights: World Cup victory; Fans surround Messi’s car on Rosario Street; The video has gone viral on social media