| Thursday, 22nd December 2022, 8:17 am

ലോകകപ്പ് കിരീടനേട്ടം; ട്രാൻസ്ഫർ വിൻഡോയിൽ മൂല്യം കുതിച്ചുയർന്ന് അർജന്റൈൻ താരങ്ങൾ

സ്പോര്‍ട്സ് ഡെസ്‌ക്

ഖത്തർ ലോകകപ്പിലെ കലാശപ്പോരാട്ടത്തിൽ മുൻ ലോക ചാമ്പ്യൻമാരായ ഫ്രാൻസിനെ തകർത്ത് ലോകകിരീടം സ്വന്തമാക്കിയിരിക്കുകയാണ് അർജന്റീന.

ഇതോടെ 1986ൽ മറഡോണയുടെ നേതൃത്വത്തിൽ നേടിയ രണ്ടാം ലോകകിരീടത്തിന് ശേഷം മറ്റൊരു ലോകകപ്പ് കൂടി സ്വന്തമാക്കാൻ അർജന്റീനക്കായി.

നീണ്ട 36 കൊല്ലത്തെ ഇടവേളക്ക് ശേഷം സ്വന്തമാക്കിയ ലോകകിരീടനേട്ടം വിപുലമായിതന്നെ ആഘോഷിക്കുകയാണ് അർജന്റൈൻ ടീമും ആരാധകരും.

എന്നാലിപ്പോൾ ലോകകപ്പ് വിജയത്തിന് ശേഷം അർജന്റൈൻ ടീമിലെ താരങ്ങളുടെ മൂല്യം ട്രാൻസ്ഫർ ജാലകത്തിൽ കുതിച്ചുയരുകയാണ് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

ജനുവരി മാസത്തിൽ അടുത്ത ട്രാൻസ്ഫർ വിൻഡോ ആക്റ്റീവ് ആകാനിരിക്കെ വലിയ മൂല്യമാണ് അർജന്റൈൻ താരങ്ങൾക്ക് ഉണ്ടായിരിക്കുന്നത്.

ഇന്റർ മിലാൻ താരമായ ലൗത്താരോ മാർട്ടീനസ് 75 മില്യൺ യൂറോ മൂല്യവുമായി തിളങ്ങുമ്പോൾ, സാക്ഷാൽ മെസിക്ക് 50 മില്യൺ യൂറോ മൂല്യമുണ്ട്.

ടോട്ടൻഹാമിന്റെ സെന്റർ ബാക്ക് ക്രിസ്റ്റിയൻ റൊമേറോക്ക് 55 മില്യൺ യൂറോ മൂല്യമുള്ളപ്പോൾ, മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സൂപ്പർ ഡിഫൻണ്ടർ ലിസാൻഡ്രോ മാർട്ടീനസിന്റെ മൂല്യം 50 മില്യൺ യൂറോയാണ്.

ബെൻഫിക്കയുടെ എൻസോ ഫെർണാണ്ടസിന്റെ മൂല്യമാണ് ഏറ്റവും കൂടുതൽ ഉയർന്നത് ഏകദേശം 35 മില്യൺ യൂറോ മൂല്യം എൻസോക്ക് നിലവിലുണ്ട്. ഡീ പോൾ 35മില്യൺ,ജൂലിയൻ അൽവാരസ് 32 മില്യൺ, മാക് അലിസ്റ്റർ 32 മില്യൺ, ഡിബാല 30 മില്യൺ, ഒറ്റമെൻഡി മൂന്ന് മില്യൺ തുടങ്ങിയ രീതിയിലാണ് മറ്റ് പ്രധാനപ്പെട്ട താരങ്ങളുടെ മൂല്യം.

അതേസമയം ഫ്രാൻസുമായുള്ള അർജന്റീന യുടെ ഫൈനൽ മത്സരത്തിൽ നിശ്ചിതസമയത്തും, അധികസമയത്തും സ്കോർ 3-3 എന്ന നിലയിലായിരുന്നു.

ഷൂട്ടൗട്ടിൽ 4-2 എന്ന സ്കോറിനാണ് അർജന്റീന ലോകകിരീടത്തിൽ മുത്തമിട്ടത്.

മത്സരത്തിൽ സാക്ഷാൽ മെസി രണ്ട് ഗോളുകൾ ഉൾപ്പെടെ സ്വന്തമാക്കി മികച്ച കളിക്കാരനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരം ഏറ്റുവാങ്ങിയപ്പോൾ, ഫ്രഞ്ച് യുവതാരം എംബാപ്പെ മത്സരത്തിൽ ഹാട്രിക്ക് നേടിയിരുന്നു. ഇതോടെ എട്ട് ഗോളുകളുമായി ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ഗോൾ നേട്ടം സ്വന്തമാക്കിയ പ്ലെയർ എന്ന നിലയിൽ ഗോൾഡൻ ബൂട്ട് പുരസ്കാരം എംബാപ്പെ ഏറ്റുവാങ്ങി.

ലോകകപ്പ് വിജയിക്കാൻ സാധിച്ചതോടെ നീണ്ട 20 വർഷങ്ങൾക്ക് ശേഷം ലോകകിരീടം ലാറ്റിനമേരിക്കയിലേക്ക് എത്തിയിരിക്കുകയാണ്. അവസാനമായി ബ്രസീലാണ് 2002ൽ ലാറ്റിനമേരിക്കയിൽ കിരീടമെത്തിച്ചത്.

Content Highlights:World Cup title win; Argentine Playersmarket value increase in transfer window

We use cookies to give you the best possible experience. Learn more