| Monday, 21st November 2022, 7:42 pm

കളിക്കിറങ്ങും മുമ്പേ ഹോളണ്ടിന് പുതുവീര്യം നല്‍കി ജാസി ഗിഫ്റ്റും; ഇതാ വിവാ ഹോളണ്ടിയ

സ്പോര്‍ട്സ് ഡെസ്‌ക്

ഖത്തര്‍ ലോകകപ്പ് ഗ്രൂപ്പ് എയില്‍ തങ്ങളുടെ ആദ്യ മത്സരത്തിനൊരുങ്ങുകയാണ് ഹോളണ്ട്. ആഫ്രിക്കന്‍ കരുത്തരായ സെനഗലിനെയാണ് ഡച്ച് പടക്ക് നേരിടാനുള്ളത്.

തിങ്കളാഴ്ച ഇന്ത്യന്‍ സമയം രാത്രി 9.30നാണ് ഹോളണ്ട് ആഫ്രിക്കന്‍ സിംഹങ്ങളുമായി കൊമ്പുകോര്‍ക്കുന്നത്. 2022 ലോകകപ്പിലെ ആദ്യ മത്സരത്തിനിറങ്ങും മുമ്പ് നെതര്‍ലന്‍ഡ്‌സ് ഫാന്‍സ് കേരള ഒരുക്കിയ ഒരു പാട്ടാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

മലയാളികളുടെ പ്രിയ ഗായകന്‍ ജാസി ഗിഫ്റ്റ് ആലപിച്ച വിവ ഹോളണ്ടിയ എന്ന ഗാനമാണ് സോഷ്യല്‍ മീഡിയയില്‍ കത്തിപ്പടരുന്നത്.

‘അന്നൊരു നാളില്‍ അയാക്‌സിന്റെ പുല്‍ തകിടികളില്‍ പതിഞ്ഞൊരു പാദം, ഇന്നും വാനില്‍ നിറയുന്നു ഓറഞ്ചിന്റെ പൊന്‍ കിരണവുമായ്, അതാണ് ഞങ്ങടെ വീര്യം അതാണ് ഞങ്ങളെ ധൈര്യം,’ തുടങ്ങി ആരാധകരെ ആവേശത്തിലാക്കുന്ന വരികളുമായാണ് ഗാനം ഒരുക്കിയിരിക്കുന്നത്.

നാസര്‍ മാലിക്കാണ് ഗാനത്തിന് വരികളും സംഗീതവും ഒരുക്കിയിരിക്കുന്നത്.

മികച്ച പ്രതികരണമാണ് ആരാധകരില്‍ നിന്നും ഗാനത്തിന് ലഭിക്കുന്നത്.

അതേസമയം, ലോകകപ്പില്‍ ആഫ്രിക്കന്‍ ടീമുകളോട് ഒരിക്കല്‍ പോലും പരാജയമറിയേണ്ടി വന്നിട്ടില്ല എന്ന കരുത്തുമായാണ് ഡച്ച് പട കളത്തിലിറങ്ങുന്നത്. കളിച്ച നാല് മത്സരത്തില്‍ മൂന്നിലും ജയം ഒറഞ്ച് ആര്‍മിക്കൊപ്പമായിരുന്നു.

യൂറോപ്യന്‍ ടീമുകള്‍ക്കെതിരെ സെനഗലിന്റെ ട്രാക്ക് റെക്കോഡും അപാരമാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ ഒരിക്കല്‍ പോലും ഒരു യൂറോപ്യന്‍ ടീമിനും ആഫ്രിക്കന്‍ സിംഹങ്ങളെ മുട്ടുകുത്തിക്കാനായിട്ടില്ല. രണ്ട് ജയവും ഒരു സമനിലയുമാണ് ഗ്രൂപ്പ് ഘട്ടത്തില്‍ യൂറോപ്യന്‍ ടീമുകള്‍ക്കെതിരെ സെനഗലിനുള്ളത്.

എന്നാല്‍ സാദിയോ മാനേയില്ലാതെയാണ് സെനഗല്‍ കളത്തിലിറങ്ങുന്നത് എന്നതാണ് ലോകകപ്പിന്റെ നഷ്ടമായി തന്നെ വിലയിരുത്തപ്പെടുന്നത്. ടീമിന് ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് നേടിക്കൊടുത്ത മാനേയുടെ കാലുകള്‍ സെനഗലിന് കരുത്താകാനില്ലാത്തത് ഫുട്‌ബോള്‍ ആരാധകരെയൊന്നാകെയാണ് സങ്കടത്തിലാഴ്ത്തിയിരിക്കുന്നത്.

മറ്റേത് വര്‍ഷത്തേക്കാളും ഇത്തവണ സെനഗലിന് സാധ്യത കല്‍പിച്ചിരുന്നു. എന്നാല്‍ മാനേയുടെ അഭാവത്തില്‍ സെനഗലിന് ആ കടമ്പ കടക്കാനാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

2010ല്‍ ഫൈനലില്‍ പ്രവേശിച്ചതാണ് നെതര്‍ലന്‍ഡ്‌സിന്റെ അവസാനത്തെ ഏറ്റവും വലിയ നേട്ടം. എക്‌സ്ട്രാ ടൈമില്‍ ഇനിയേസ്റ്റ് നേടിയ ഒറ്റ ഗോളിന്റെ ബലത്തിലാണ് ഹോളണ്ടിനെ തോല്‍പിച്ച് സ്‌പെയ്ന്‍ അന്ന് കിരീടം ചൂടിയത്.

Content highlight: World Cup song of Netherlands Fans Kerala

We use cookies to give you the best possible experience. Learn more