നവംബര്‍ 15ന് നടക്കുന്ന അര്‍ജന്റീന – പരഗ്വായ് വേള്‍ഡ് കപ്പ് ക്വാളിഫയറിന് മുമ്പ് കടുംവെട്ടുമായി പരഗ്വായ് ഫുട്‌ബോള്‍ അസോസിയേഷന്‍. മത്സരം നടക്കുന്ന എസ്റ്റാഡിയോ ഡിഫന്‍സേഴ്‌സ് ഡെല്‍ ചെക്കോ സ്റ്റേഡിയത്തില്‍ അര്‍ജന്റൈന്‍ ജേഴ്‌സികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയാണ് പരഗ്വായ് പോര്‍മുഖം തുറന്നിരിക്കുന്നത്.
റൈവല്‍ ടീമിന്റെ ജേഴ്‌സി ധരിച്ച ഒരു ആരാധകനെ പോലും സ്‌റ്റേഡിയത്തിലേക്ക് കടത്തി വിടില്ലെന്ന് പരഗ്വായ് ഫുട്‌ബോള്‍ അസോസിയേഷന്‍ വ്യക്തമാക്കി.
പരഗ്വായ് എഫ്.എയുടെ ലൈസന്‍സിങ് മാനേജര്‍ ഫെര്‍ണാണ്ടോ വിയ്യാസ്‌ബോവ ഇ.എഫ്.ഇക്ക് നല്‍കിയ അഭിമുഖത്തെ ഉദ്ധരിച്ച് ഗോളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
‘ഇതിനെ കുറിച്ച് ഞങ്ങള്‍ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയതാണ്. പരഗ്വായില്‍ നിന്നല്ലാത്ത ഒരു ജേഴ്‌സിയും ഞങ്ങള്‍ സ്റ്റേഡിയത്തില്‍ പ്രവേശിപ്പിക്കില്ല. ന്യൂട്രല്‍ ടീമുകള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ഇളവുകള്‍ നല്‍കിയാലും റൈവല്‍ ടീമുകളുടെ ജേഴ്‌സി ഞങ്ങള്‍ ഒരു കാരണവശാലും പ്രവേശിപ്പിക്കില്ല.
റൈവല്‍ ടീമിലെ താരങ്ങളുടെ പേരെഴുതിയ ക്ലബ്ബ് ജേഴ്‌സികള്‍ ധരിക്കുന്നതില്‍ പ്രശ്‌നമില്ല. ഒരു താരത്തോടും ഞങ്ങള്‍ക്ക് ഒരു തരത്തിലുള്ള പ്രശ്‌നമില്ല, ഞങ്ങള്‍ ഓരോ ഫുട്‌ബോളറുടെയും കരിയറിനെ ബഹുമാനിക്കുന്നവരാണ്. ഹോം അഡ്വാന്റേജ് ഞങ്ങള്‍ക്ക് അത്യാവശ്യമാണ് എന്നതിനാലാണ് ഇത്തരത്തിലൊരു തീരുമാനം,’ ലൈസന്‍സിങ് മാനേജര്‍ വ്യക്തമാക്കി.
നവംബര്‍ 15ന് ഇന്ത്യന്‍ സമയം പുലര്‍ച്ച അഞ്ച് മണിക്കാണ് ലോകചാമ്പ്യന്‍മാര്‍ പരഗ്വായുടെ തട്ടകത്തിലേക്കിറങ്ങുന്നത്.
നിലവില്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് അര്‍ജന്റീന. പത്ത് മത്സരത്തില്‍ നിന്നും ഏഴ് ജയവും രണ്ട് തോല്‍വിയും ഒരു സമനിലയുമായി 22 പോയിന്റാണ് അര്‍ജന്റീനക്കുള്ളത്.
ഒടുവില്‍ കളിച്ച അഞ്ച് മത്സരത്തില്‍ മൂന്ന് ജയവും ഓരോന്ന് വീതം സമനിലയും തോല്‍വിയുമാണ് ടീം സ്വന്തമാക്കിയത്.
അതേസമയം, പത്ത് മത്സരത്തില്‍ നിന്നും 13 പോയിന്റുമായി ആറാം സ്ഥാനത്താണ് ഹോം ടീം. മൂന്ന് വീതം ജയവും തോല്‍വിയും ഏറ്റവുവാങ്ങിയ പരഗ്വായ് നാല് മത്സരങ്ങള്‍ സമനിലയിലും അവസാനിപ്പിച്ചു.
Content highlight: World Cup Qualifiers, ARG vs PAR: Argentina’s jersey will not be allowed in the Paraguay FA’s home stadium