ലോകകപ്പ് യോഗ്യതാ ക്വാളിഫയറില്‍ വെസ്റ്റ് ഇന്‍ഡീസിന് പിന്നാലെ സിംബാബ്‌വെയെയും കരയിച്ച് സ്‌കോട്‌ലന്‍ഡ് ക്രിക്കറ്റ് ടീം. യോഗ്യതക്ക് ഒരു ജയം മാത്രമകലെ നില്‍ക്കെ കഴിഞ്ഞ രണ്ട് മത്സരങ്ങളും തോറ്റാണ് സിംബാബ്‌വെ ലോകകപ്പില്‍ നിന്ന് പുറത്താകുന്നത്. നാലാം ക്വാളിഫയര്‍ മാച്ചില്‍ 31 റണ്‍സിനാണ് സിംബാബ്‌വെ തോറ്റത്.
235 റണ്‍സിന്റെ വിജയലക്ഷ്യം തേടി ബാറ്റ് വീശിയ സിംബാബ്‌വെ അനായാസം ലക്ഷ്യത്തിലെത്തുമെന്നാണ് ക്രിക്കറ്റ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ മൂന്ന് മുന്നേറ്റ താരങ്ങളെ വീഴ്ത്തിയ ക്രിസ് സോളിന്റെ ഓപ്പണിങ് സ്‌പെല്‍ അവരുടെ പ്രതീക്ഷകളെ പാടെ തകര്‍ത്തു. ക്രിസ് സോള്‍ തന്നെയാണ് മാന്‍ ഓഫ് ദി മാച്ച്.
150 കിലോമീറ്റര്‍ വേഗതയില്‍ പന്തെറിഞ്ഞ ക്രിസ് സോളിന്റെ തീപാറും പന്തുകള്‍ക്ക് മുന്നില്‍ ഓപ്പണര്‍മാരായ ജോയ്‌ലോര്‍ഡ് ഗംബീയും (0), ക്രെയ്ഗ് എര്‍വിനും (2), നാലാമനായെത്തിയ സീന്‍ വില്യംസും (12) മുട്ടുമടക്കി. ബ്രാന്‍ഡന്‍ മക്മല്ലനും മൈക്കല്‍ ലീസ്‌ക്കും രണ്ടു വീതം വിക്കറ്റെടുത്തു.
മധ്യനിരയില്‍ റിയാന്‍ ബേളിന്റെയും (84 പന്തില്‍ 83), സിക്കന്ദര്‍ റാസയുടെയും (40) പോരാട്ട വീര്യത്തിനും സിംബാബ്‌വെയെ അനിവാര്യമായ പതനത്തില്‍ നിന്നും രക്ഷിക്കാനായില്ല. 41.1 ഓവറില്‍ 203 റണ്‍സിന് സിംബാബ്‌വെ ഓള്‍ഔട്ടായി.
ടോസ് നേടി ആദ്യം ബൗളിങ് തെരഞ്ഞെടുത്ത സിംബാബ്‌വെ സ്‌കോട്‌ലന്‍ഡിനെ 234/8 എന്ന സ്‌കോറിലൊതുക്കി മികച്ച ബൗളിങ് പ്രകടനമാണ് പുറത്തെടുത്തത്. സീന്‍ വില്യംസ് മൂന്നും ചതാര രണ്ടും വിക്കറ്റെടുത്തു. 48 റണ്‍സെടുത്ത മൈക്കല്‍ ലീസ്‌ക്കാണ് സ്‌കോട്ടിഷ് നിരയിലെ ടോപ് സ്‌കോറര്‍.
ശ്രീലങ്ക ഇതിനോടകം നാലു മത്സരങ്ങളില്‍ നിന്ന് എട്ടു പോയിന്റുമായി യോഗ്യത ഉറപ്പിച്ചിട്ടുണ്ട്. നാലു മത്സരങ്ങളില്‍ നിന്ന് മൂന്ന് ജയവുമായി ആറ് പോയിന്റോടെ സ്‌കോട്‌ലന്‍ഡ് രണ്ടാം സ്ഥാനത്താണ്.