മോസ്‌കോ: ഫ്രാന്‍സ്-ക്രൊയേഷ്യ ലോകകപ്പ് ഫൈനല്‍ മത്സരത്തിനിടെ ഗ്രൗണ്ടിലേക്ക് ഓടിക്കയറിയ നാലുപേരെ റഷ്യ ജയിലിലടച്ചു. 15 ദിവസത്തേക്കാണ് ഇവരെ ശിക്ഷിച്ചിരിക്കുന്നത്. മൂന്നുവര്‍ഷത്തേക്ക് കായിക മത്സരങ്ങള്‍ കാണാനെത്തുന്നതിനും ഇവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
റഷ്യയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരായ പ്രതിഷേധമെന്ന നിലയ്ക്കാണ് നാലുപേര്‍ ഗ്രൗണ്ടിലേക്ക് കയറിയത്. മത്സരത്തിന്റെ രണ്ടാം പകുതിയിലായിരുന്നു സംഭവം.
റഷ്യയിലെ വിമത കലാസംഘമാണ് “പുസ്സി റയറ്റ്”. പുടിന്‍ സര്‍ക്കാരിനെതിരെ നേരത്തെയും സംഘം വലിയ വേദികളില്‍ പ്രതിഷേധം നടത്തിയിരുന്നു. 2012ല്‍ റഷ്യന്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി മോസ്‌കോ കത്തീഡ്രലില്‍ പുടിന്‍വിരുദ്ധ ഗാനം ആലപിച്ചതിന് സംഘത്തിലെ മൂന്നുപേരെ റഷ്യ ജയിലിലടച്ചിരുന്നു.
നാലുപേരെ അറസ്റ്റ് ചെയ്തതായി ഗ്രൂപ്പ് ട്വീറ്റ് ചെയ്തിട്ടുണ്ട്. ഫൈനല്‍ നടന്ന ലുഷ്‌നികി സ്റ്റേഡിയത്തിലേക്ക് മൂന്നു സ്ത്രീകളും ഒരു പുരുഷനുമാണ് അതിക്രമിച്ചു കയറിയിരുന്നത്. പൊലീസ് മാതൃകയില്‍ വെള്ള ഷര്‍ട്ടും കറുത്ത പാന്റ്‌സുമായിരുന്നു ഇവരുടെ വസ്ത്രം.
പിടിച്ചുകൊണ്ടു പോകുന്നതിന് മുമ്പ് ഇവരിലൊരു സത്രീ ഫ്രഞ്ച് താരം എംബാപ്പെയ്ക്ക് കൈ നല്‍കിയ ചിത്രം വൈറലായിരുന്നു. മറ്റൊരാളെ ക്രൊയേഷ്യന്‍ ഡിഫന്‍ഡര്‍ ദെയാന്‍ ലോവ്‌റെന്‍ പിടിച്ചുവെച്ചിരുന്നു.