ലണ്ടന്‍: ചരിത്രത്തിലാദ്യമായി ലോകകപ്പ് ഫൈനല്‍ സൂപ്പര്‍ ഓവറിലേക്ക്. ലോകകപ്പിന്റെ ആവേശം മുഴുവന്‍ നിറഞ്ഞുനിന്ന മത്സരത്തിന്റെ അവസാന ഓവറുകള്‍ ശ്വാസം പിടിച്ചിരുന്നു കാണേണ്ട സാഹചര്യമായിരുന്നു ലോകമെങ്ങുമുള്ള ക്രിക്കറ്റ് പ്രേമികള്‍ക്ക്.
ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 242 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ആതിഥേയരായ ഇംഗ്ലണ്ടിന് അവസാന പന്തില്‍ ജയിക്കാന്‍ ആവശ്യമായ രണ്ട് റണ്‍സ് നേടാനായില്ല. മിഡ് ഓണിലേക്ക് പതുക്കെ തട്ടിയിട്ട പന്തില്‍ ബെന്‍ സ്‌റ്റോക്ക്‌സിന് ഒരു റണ്‍ ഓടിയെടുക്കാനേ സാധിച്ചുള്ളൂ. നോണ്‍ സ്‌ട്രൈക്ക് എന്‍ഡിലുള്ള മാര്‍ക്ക് വുഡ്ഡ് റണ്‍ ഔട്ടാവുകയായിരുന്നു. അതോടെ മത്സരം ടൈ ആവുകയും ഏകദിന ക്രിക്കറ്റില്‍ ലോകകപ്പ് ഫൈനലിനു മാത്രമുള്ള സൂപ്പര്‍ ഓവര്‍ നിയമത്തില്‍ മത്സരം അതിലേക്കു നീങ്ങി. ഇംഗ്ലണ്ടാണ് ആദ്യം ബാറ്റ് ചെയ്യുക.
98 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്‌സറും അടക്കം 84 റണ്‍സ് നേടിയ സ്റ്റോക്ക്‌സാണ് തോല്‍വിയിലേക്കു നീങ്ങിയ ഇംഗ്ലണ്ടിനെ തിരികെ മത്സരത്തിലേക്കു കൊണ്ടുവന്നത്. ജോസ് ബട്ട്‌ലര്‍ (59), ജോണി ബെയര്‍സ്‌റ്റോ (36) എന്നിവരും മികച്ച പ്രകടനം കാഴ്ചവെച്ചു.
കിവീസിനു വേണ്ടി ലോക്കി ഫെര്‍ഗൂസണ്‍, ജെയിംസ് നീഷാം എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തേ ടോസ് നേടിയ കിവീസ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.