2018 fifa world cup
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ കണ്ട ഫുട്‌ബോള്‍ മത്സരം ലോകകപ്പ് ഫൈനല്‍; കേരളത്തിന് രണ്ടാം സ്ഥാനം
സ്പോര്‍ട്സ് ഡെസ്‌ക്
2018 Jul 27, 04:43 am
Friday, 27th July 2018, 10:13 am

ന്യൂദല്‍ഹി: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ കണ്ട അന്താരാഷ്ട്ര ഫുട്‌ബോള്‍ മത്സരമെന്ന റെക്കോര്‍ഡ് ഇക്കഴിഞ്ഞ ലോകകപ്പ് ഫൈനലിന്. സോണി പിക്‌ചേഴ്‌സ് നെറ്റ്‌വര്‍ക്ക്‌സ് ഇന്ത്യ (എസ്.പി.എന്‍) യാണ് കണക്കുകള്‍ പുറത്തുവിട്ടത്. 51.2 മില്ല്യണ്‍ കാണികളാണ് ഫ്രാന്‍സ്-ക്രൊയേഷ്യ മത്സരത്തിനുണ്ടായിരുന്നതെന്ന് കണക്കുകള്‍ പറയുന്നു.

ലോകകപ്പിലെ 64 മത്സരങ്ങള്‍ 110.5 മില്ല്യണ്‍ ജനങ്ങള്‍ ഇന്ത്യയില്‍ ലൈവായി കണ്ടു. സംസ്ഥാനങ്ങളില്‍ ബംഗാളിലാണ് ഏറ്റവും കാഴ്ചക്കാരുണ്ടായത്. 22.2 മില്ല്യണ്‍ ജനങ്ങളാണ് ലോകകപ്പ് കണ്ടത്. രണ്ടാം സ്ഥാനത്തായി കേരളത്തില്‍ നിന്ന് 17.8 മില്ല്യണ്‍ പേര്‍ കളികള്‍ കണ്ടു.

ഹിന്ദി, മലയാളം, ബംഗാളി, തമിഴ്, തെലുങ്ക്, ഭാഷകളില്‍ കമന്ററിയുള്ള കളികാണാന്‍ 70.7 മില്ല്യണ്‍ പേരാണ് ഉണ്ടായിരുന്നത്. ഇത് മൊത്തം കാണികളുടെ 66 ശതമാനം വരും. കാണികളില്‍ 47 ശതമാനം സ്ത്രീകളായിരുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു.

മോസ്‌കോയിലെ ലുഷ്‌നികി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഫ്രാന്‍സ് 4-2നാണ് ക്രൊയേഷ്യയെ പരാജയപ്പെടുത്തിയിരുന്നത്.