'ഫലസ്തീനെ മോചിപ്പിക്കൂ'; ഒപ്പം വിരാടിനോടുള്ള സ്നേഹവും, പിച്ചിൽ വിരാടിനെ കെട്ടിപ്പിടിച്ച് ഫലസ്തീൻ അനുകൂല ആരാധകൻ
national news
'ഫലസ്തീനെ മോചിപ്പിക്കൂ'; ഒപ്പം വിരാടിനോടുള്ള സ്നേഹവും, പിച്ചിൽ വിരാടിനെ കെട്ടിപ്പിടിച്ച് ഫലസ്തീൻ അനുകൂല ആരാധകൻ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 19th November 2023, 4:13 pm

അഹമ്മദാബാദ്: ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ മത്സരത്തിനിടയിൽ പിച്ചിലിറങ്ങി വിരാട് കോഹ്‌ലിയെ കെട്ടിപ്പിടിച്ച് ‘ഫ്രീ ഫലസ്തീൻ’ (ഫലസ്തീനെ മോചിപ്പിക്കൂ) ടി-ഷർട്ട് ധരിച്ച ആരാധകൻ.

ഇയാൾ ധരിച്ച ടി-ഷർട്ടിന്റെ മുൻവശത്ത് ‘ഫലസ്തീനിൽ ബോംബിടുന്നത് അവസാനിപ്പിക്കൂ’ (Stop bombing Palestine) എന്നും പുറകിൽ ‘ഫലസ്തീനെ മോചിപ്പിക്കൂ’ (Free Palestine) എന്നുമായിരുന്നു എഴുതിയിരുന്നത്. ഫലസ്തീൻ പതാകയുടെ നിറങ്ങളിലുള്ള മാസ്കും ഇയാൾ ധരിച്ചിരുന്നു.

സുരക്ഷാ ലംഘനം നടത്തിയതിന് ഉടൻ തന്നെ ഇയാളെ പിടികൂടി കസ്റ്റഡിയിൽ എടുത്തതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഒക്ടോബർ ഏഴ് മുതൽ ഫലസ്തീനിലെ ഗസയിൽ ഇസ്രഈൽ നടത്തുന്ന ആക്രമണത്തിൽ 12,000ലധികം ആളുകൾ കൊല്ലപ്പെട്ടിരുന്നു. സ്ത്രീകളും കുട്ടികളുമാണ് കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും. ഇസ്രഈൽ ഉപരോധത്തെ തുടർന്ന് ഇന്ധനം, വൈദ്യുതി, ഭക്ഷണം, വെള്ളം എന്നിവയുടെ ലഭ്യത പൂർണമായി നിലച്ചിരിക്കുകയാണ്. ഇതിനെതിരെ ലോകമൊട്ടാകെ പ്രതിഷേധം ഉയരുകയാണ്.

അതേസമയം ലോകകപ്പ് ഫൈനലിൽ ആദ്യ ഇന്നിങ്സിൽ ബാറ്റ് ചെയ്തുകൊണ്ടിരിക്കുന്ന ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ടിരിക്കുകയാണ്. ശുഭ്മൻ ഗിൽ, രോഹിത് ശർമ, ശ്രേയസ് അയ്യർ എന്നിവരെയാണ് ഇന്ത്യക്ക് നഷ്ടമായത്.

മത്സരം തുടങ്ങി 4.2 ഓവറിൽ 30 റൺസ് എത്തിയപ്പോളാണ് ശുഭ്മൻ ഗില്ലിനെ ഇന്ത്യക്ക് നഷ്ടമായത്. ഏഴ് പന്തിൽ നാല് റൺസ് മാത്രമാണ് ഗിൽ നേടിയത്. മിച്ചൽ സ്റ്റാർക്ക് എറിഞ്ഞ പന്തിൽ ആദം സാംപ ഗില്ലിന്റെ ക്യാച്ച് എടുക്കുകയായിരുന്നു.

76 റൺസിൽ ഇന്ത്യ എത്തിയപ്പോൾ മികച്ച പ്രകടനം കാഴ്ചവെച്ച രോഹിത്തിനെയും നഷ്ടമായി. 31 പന്തിൽ 47 റൺസെടുത്താണ് രോഹിത് മടങ്ങിയത്. ട്രാവിസ് ഹെഡിന്റെ ഐതിഹാസികമായ ക്യാച്ചിൽ ഗ്ലെൻ മാക്‌സ്‌വെല്ലിനാണ് വിക്കറ്റ്. പിന്നീട് വന്ന ശ്രേയസ് അയ്യർ മൂന്ന് പന്തിൽ നാല് റൺസിന് പാറ്റ് കമ്മിൻസ് തിരികെ അയച്ചു.

നിലവിൽ ഇന്ത്യയുടെ മുൻ നിര ബാറ്റർമാർ തകർന്ന സാഹചര്യത്തിൽ ടീമിനെ ഉയർന്ന സ്‌കോറിൽ എത്തിക്കാൻ വിരാടും കെ.എൽ രാഹുലും ക്രീസിൽ ഉണ്ട്. സാഹചര്യങ്ങളെ അനുകൂലമാക്കി എടുക്കാൻ അവർ ശ്രമിക്കുകയാണ്.

നിലവിൽ 28 ഓവർ പിന്നിടുമ്പോൾ രാഹുൽ 66 പന്തിൽ 36 റൺസും കോഹ്‌ലി 61 പന്തിൽ 53 റൺസുമാണ് നേടിയത്. ഇന്ത്യ 146 റൺസിന് മൂന്ന് വിക്കറ്റ് നഷ്ടത്തിലുമാണ്.

Content Highlight: World Cup final: Man wearing ‘Free Palestine’ t-shirt invades pitch and hugs Virat Kohli