| Tuesday, 20th December 2022, 2:23 pm

ലോകകപ്പ് തോൽവി; ഫ്രഞ്ച് ടീമിലെ ആഫ്രിക്കൻ വംശജരായ താരങ്ങൾക്ക് നേരെ വംശീയ അധിക്ഷേപം

സ്പോര്‍ട്സ് ഡെസ്‌ക്

ആവേശകരമായ ഖത്തർ ലോകകപ്പ് സമാപിച്ചിരിക്കുകയാണ്. കലാശപ്പോരാട്ടത്തിൽ മുൻവർഷത്തെ കിരീടജേതാക്കളായ ഫ്രാൻസിനെ തകർത്തു കൊണ്ട് അർജന്റീന ലോകകപ്പ് കിരീടത്തിൽ മുത്തമിട്ടു.

ഇതോടെ 1978, 1986 എന്നീ വർഷങ്ങൾക്ക് ശേഷം മൂന്നാം ലോകകിരീടം സ്വന്തമാക്കാൻ മെസിക്കും കൂട്ടർക്കുമായിരിക്കുകയാണ്.ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നിശ്ചിതസമയത്തും, അധികസമയത്തും സ്കോർ 3-3 എന്ന നിലയിലായിരുന്നു.ഷൂട്ടൗട്ടിൽ 4-2 എന്ന സ്കോറിനാണ് അർജന്റീന ലോകകിരീടത്തിൽ മുത്തമിട്ടത്.

അതേസമയം, ലോകകപ്പ് ഫൈനൽ മത്സരത്തിൽ ഷൂട്ടൗട്ടിൽ പെനാൽട്ടി നഷ്ടപ്പെടുത്തിയ ആഫ്രിക്കൻ വംശജരായ കളിക്കാർക്ക് നേരെ ഓൺലൈനിൽ വംശീയമായ അധിക്ഷേപങ്ങളും ഭീഷണികളും വ്യാപിക്കുന്നു എന്ന് ബി.ബി.സി സ്‌പോർട് റിപ്പോർട്ട്‌ ചെയ്തു.

ഫ്രഞ്ച് താരവും ബയേൺ മ്യൂണിക്ക് വിങ്ങറുമായ കിങ്സ്‌ലി കോമൻ, ഫ്രഞ്ച് താരവും റയൽ മാഡ്രിഡ് ഡിഫൻസീവ് മിഡ്‌ഫീൽഡറുമായ ടച്ചോമിനായി എന്നീ താരങ്ങൾക്ക് നേരെയാണ് അതിക്ഷേപകരമായ പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.

താരങ്ങൾക്ക് നേരെയുള്ള വംശീയ പരാമർശങ്ങളിൽ ഞെട്ടൽ രേഖപ്പെടുത്തി ബയേൺ മ്യൂണിക്ക് ക്ലബ്ബ് മുന്നോട്ട് വന്നിരുന്നു. കൂടാതെ തങ്ങളുടെ പ്ലെയറായ കോമന് മുഴുവൻ പിന്തുണയും ക്ലബ്ബ് വാഗ്ദാ നം ചെയ്തു.

“ബയേൺ ഫുട്ബോൾ ക്ലബ്ബ് കോമന് എതിരെയുള്ള വംശീയ അധിക്ഷേപങ്ങളിൽ നിരാശ രേഖപ്പെടുത്തുന്നു.ബയേൺ കുടുംബം എപ്പോഴും കോമന് പിന്തുണയുമായി കൂടെയുണ്ടാകും. റേസിസത്തിന് സ്പോർട്സിലോ നമ്മുടെ സമൂഹത്തിലോ സ്ഥാനമില്ല,’ ക്ലബ്ബ് പ്രസ്ഥാവനയിറക്കി.

ഇത് ആദ്യമായല്ല മത്സരം പരാജയപ്പെടുമ്പോൾ ടീമിലെ കറുത്ത വംശജരായ കളിക്കാർക്ക് നേരെ വംശീയ അധിക്ഷേപം ഉണ്ടാകുന്നത്.
മുമ്പ് ഇംഗ്ലണ്ട് ഇറ്റലിയോട് യൂറോ കപ്പ് ഫൈനലിൽ പരാജയപ്പെട്ടപ്പോൾ മാർക്കസ് റാഷ്ഫോർഡ്, ജെയ്ഡൻ സാഞ്ചോ, ബുക്കായോ സാക്ക എന്നീ താരങ്ങൾക്കെതിരെ ഇംഗ്ലീഷ് ഫുട്ബോൾ ആരാധകരിൽ ചിലർ വംശീയ പരാമർശങ്ങൾ നടത്തിയിരുന്നു.

കോമന്റെ ഷോട്ട് ഗോളി എമിലിയാനോ മാർട്ടീനസ് തടുത്തപ്പോൾ, ടച്ചോമിനായിയുടെ ഷോട്ട് പുറത്തേക്ക് പോകുകയായിരുന്നു.
അതേസമയം ലോകകപ്പ് വിജയിക്കാൻ സാധിച്ചതോടെ നീണ്ട 20 വർഷങ്ങൾക്ക് ശേഷം ലോകകിരീടം ലാറ്റിനമേരിക്കയിലേക്ക് എത്തിയിരിക്കുകയാണ്. അവസാനമായി ബ്രസീലാണ് 2002ൽ ലാറ്റിനമേരിക്കയിൽ കിരീടമെത്തിച്ചത്.

Content Highlights:World Cup defeat; Racial abuse against African players in the French team

We use cookies to give you the best possible experience. Learn more