ഖത്തര്‍, ലോകകപ്പിന് വേണ്ടി തുടക്കം മുതല്‍ തന്നെ ചെലവഴിച്ചത് വമ്പിച്ച തുകയാണ്. ലോകകപ്പ് ചരിത്രത്തില്‍ മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത വിധം ഭീമമായ ഒരു സംഖ്യ.
12 വര്‍ഷങ്ങള്‍ക്ക് മുമ്പ്, 2022ല്‍ ഫുട്‌ബോള്‍ ലോകകപ്പിന്റെ ആതിഥേയത്വം ഖത്തറിന് ലഭിച്ചത് മുതല്‍ ഗ്യാസ് പോലുള്ള പെട്രോളിയം ഉല്‍പന്നങ്ങളാല്‍ സമൃദ്ധമായ ഈ കൊച്ചു രാജ്യം ചെലവഴിച്ചത് 220 ബില്യണ്‍ ഡോളറാണ്.
ഇതില്‍ കൂടുതലും ചെലവഴിച്ചിരിക്കുന്നത് പുതിയ മെട്രോ സംവിധാനം, റോഡുകള്‍, എയര്‍പോര്‍ട്ട്, അയല്‍പക്കങ്ങള്‍, പുതിയ നഗരങ്ങള്‍ തുടങ്ങിയവയുടെ നിര്‍മ്മാണത്തിനു വേണ്ടിയാണ്.
ലോകകപ്പ് ചരിത്രത്തില്‍ത്തന്നെ ഏറ്റവും ശ്രദ്ധേയമായ ഒരു ഫൈനല്‍ മത്സരത്തോടെ ഒരു മാസം നീണ്ടു നിന്ന ടൂര്‍ണമെന്റിന് സമാപനം കുറിച്ചപ്പോള്‍ ഈ ധൂര്‍ത്ത് ശരിക്കും മൂല്യവത്താണോ എന്ന ചോദ്യം ഉയരുന്നുണ്ട്.
ലോസെന്നെ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ പറയുന്നത് 1964 നും 2018 നും ഇടയില്‍ നടന്ന 36 വലിയ കായിക മത്സര പരിപാടികളില്‍ 31 എണ്ണവും, ഭീമമായ നഷ്ടങ്ങളാണ് ഉണ്ടാക്കി വെച്ചത് എന്നാണ്.
അവയില്‍ ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍, സമ്മര്‍ ഒളിംപിക്‌സ്, ശീതകാല ഒളിംപിക്‌സ് മത്സരങ്ങള്‍ തുടങ്ങിയവയെല്ലാം ഉള്‍പ്പെടും. സ്മിത്ത് കോളേജിലെ സാമ്പത്തിക ശാസ്ത്ര പ്രൊഫസറും ‘Circus Maximus: The Economic gambling behind hosting the Olympics and World Cup’ എന്ന പുസ്തകത്തിന്റെ രചയിതാവുമായ ആന്‍ഡ്രൂ സിംബലിസ്റ്റ് പറഞ്ഞത് ശ്രദ്ധേയമാണ്.
സിംബലിസ്റ്റ് പറയുന്നത് ‘യഥാര്‍ത്ഥത്തില്‍ ഖത്തര്‍ എത്ര ചെലവഴിച്ചുഎന്നതില്‍ വ്യക്തതയില്ലെങ്കിലും ഒരു മെഗാ കായികമേളക്ക് വേണ്ടി ഇക്കാലം വരെ ചെലവഴിച്ചതില്‍ വെച്ചേറ്റവും വലിയ തുകയാണിത്’ എന്നാണ്.
2014 ല്‍ റഷ്യന്‍ ഗവണ്‍മെന്റ് സോചിയില്‍ വെച്ച് നടന്ന ശീതകാല ഒളിംപിക്‌സിന് വേണ്ടി ചെലവഴിച്ച 50 ബില്യണ്‍ ഡോളറാണ് മുന്‍ കാല റെക്കോര്‍ഡ് എന്നും അതിന്റെ മൂന്നിലൊന്ന് ഭാഗം അഴിമതിയില്‍ അപ്രത്യക്ഷമായി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഖത്തര്‍ ലോകകപ്പിന്റെ ശരിക്കുള്ള ചെലവുകളെക്കുറിച്ച് കണക്കുകൂട്ടുമ്പോള്‍ അത് ഏഴ് സ്റ്റേഡിയങ്ങള്‍ നിര്‍മ്മിക്കാന്‍ വേണ്ടി ചെലവഴിച്ചു എന്ന് അധികൃതര്‍ അവകാശപ്പെടുന്ന 6.5 ബില്യണ്‍ ഡോളറില്‍ മാത്രം ഒതുങ്ങുന്നതല്ല. മറിച്ച് ഗതാഗതം, ടെലികമ്മ്യൂണിക്കേഷന്‍, സുരക്ഷ തുടങ്ങിയ മേഖലകളിലെ വിപുലമായ അടിസ്ഥാന സൗകര്യ വികസനത്തിനു വേണ്ടി ചെലവാക്കിയതും ആതിഥ്യം, ഹോട്ടലുകള്‍ എന്നീ വകയില്‍ ചെലവഴിച്ചതും എല്ലാം ഇതില്‍ ഉള്‍പെടുത്തണം.
‘ലോകകപ്പ് മാമാങ്കത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഖത്തറിന് അതിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തേണ്ടിയിരുന്നു’ എന്നാണ് സിംബലിസ്റ്റ് പറയുന്നത്.
സ്റ്റേഡിയങ്ങള്‍ പൊളിച്ച് മാറ്റുമ്പോള്‍
ടൂര്‍ണമെന്റിന്റെ നടത്തിപ്പിനുള്ള എല്ലാ ചെലവുകളും ഫിഫ വഹിക്കുന്നുണ്ട്. അത് ഏകദേശം 1.7 ബില്യണ്‍ ഡോളറായാണ് അവര്‍ കണക്കാക്കുന്നത്. എന്നാല്‍ ടൂര്‍ണമെന്റ് അവസാനിച്ചതിന് ശേഷം വരുന്ന ചെലവുകള്‍ വഹിക്കേണ്ട ബാധ്യത ഖത്തറിനാണ്. അതില്‍ കൂടുതലും സ്റ്റേഡിയങ്ങള്‍ പൊളിച്ചു മാറ്റാനുള്ള ചെലവുകളുമായി ബന്ധപ്പെട്ടിരിക്കുന്നു.
ലോകകപ്പ് വേദികള്‍ പൊളിച്ച് മാറ്റുന്നതിനും അതിന്റെ ഭാഗങ്ങള്‍ അയല്‍ രാജ്യങ്ങള്‍ക്ക് അവരുടെ കായിക മേഖലകളുടെ വികസനത്തിനായി സംഭാവന ചെയ്യാനുമായി ഖത്തര്‍ അധികൃതര്‍ ഒരു പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ട്. അതായത് മൊത്തം 170000 സീറ്റുകള്‍ പൊളിച്ചു മാറ്റുകയും മറ്റെങ്ങോട്ടെങ്കിലും അയക്കുകയും വേണം.
ഇതില്‍ ‘സ്റ്റേഡിയം 974’ എന്ന പേരിട്ട് വിളിക്കുന്ന സ്റ്റേഡിയം ഒരു ലോകകപ്പ് മത്സരത്തില്‍ ഉപയോഗിക്കപ്പെടുന്ന ആദ്യത്തെ താല്‍ക്കാലിക സ്റ്റേഡിയമാണ്. ഇത് 974 ഷിപ്പിംഗ് കണ്ടെയിനറുകള്‍ റിസൈക്കിള്‍ ചെയ്തു നിര്‍മ്മിച്ചതാണ്. അത് മുഴുവനായും പൊളിച്ചു മാറ്റി അതിന്റെ ഭാഗങ്ങള്‍ മറ്റു രാജ്യങ്ങളിലേക്കെത്തിക്കേണ്ടതുണ്ട്.
മറ്റു സ്റ്റേഡിയങ്ങള്‍ക്കാണെങ്കില്‍ എളുപ്പത്തില്‍ വേര്‍പെടുത്താന്‍ സാധിക്കുന്ന മുകള്‍ നിലയാണുള്ളത്. ഉദാഹരണത്തിന്ല്‍ അല്‍-ബൈത്ത് സ്റ്റേഡിയം അതിന്റെ കപാസിറ്റി 60000 ല്‍ നിന്നും 32000 ആയി കുറക്കുന്നുണ്ട്.
ഇതിന് ആവശ്യമായ ജോലികളെക്കുറിച്ച് പരാമര്‍ശിച്ചപ്പോള്‍ സിംബലിസ്റ്റ് പറഞ്ഞത് ‘ഇതിനെല്ലാം കുറെയധികം പണം വേണം. കൂടാതെ ഉപയോഗമില്ലാതെ കിടക്കാന്‍ പോകുന്ന മറ്റു സ്റ്റേഡിയങ്ങളുമുണ്ട്. ഇവയെല്ലാം വളരെയധികം റിയല്‍ എസ്റ്റേറ്റേറ്റ് മൂല്യമുള്ളവയാണ്. അതു കൊണ്ട് എല്ലാം അതേ രീതിയില്‍ തന്നെ നില നിര്‍ത്തേണ്ടതുമാണ്. അങ്ങനെ വരുമ്പോള്‍ ചിലവുകള്‍ ഇനിയും വര്‍ദ്ധിക്കും.” എന്നാണ്.
ഖത്തറില്‍ ടൂര്‍ണമെന്റിന് ശേഷം 20000 മുതല്‍ 45000 വരെ കപാസിറ്റിയുള്ള ആറ് ലോകകപ്പ് വേദികള്‍ അവശേഷിക്കും. ടൂര്‍ണമെന്റിലെ ഏറ്റവും വലിയ വേദിയും ലോകകപ്പ് ഫൈനല്‍ മത്സരം അരങ്ങേറിയതുമായ ലുസൈല്‍ സ്റ്റേഡിയത്തിന് 80000 ആളെ ഉള്‍ക്കൊള്ളാനുള്ള കഴിവുണ്ട്.ഇത് സ്‌കൂളുകള്‍, കഫെകള്‍, ക്ലിനിക്കുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ഒരു കമ്യൂണിറ്റി സ്‌പേസ് ആക്കി മാറ്റുമെന്നാണ് അധികൃതര്‍ പറയുന്നത്.
വിമാനത്താവളത്തിന്റെ വിപുലീകരണം
സ്റ്റേഡിയങ്ങള്‍ക്ക് പുറമെ 2014 ല്‍ തുറന്ന് കൊടുത്ത ദോഹയിലെ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍ പോര്‍ട്ടിന്റെ വിപുലീകരണം പോലെയുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ ലോകകപ്പിനുമപ്പുറം എക്കാലത്തേക്കുമുള്ള രാജ്യത്തിന്റെ വിലമതിക്കുന്ന ഒരു നിക്ഷേപമാണെന്ന് സിംപലിസ്റ്റ് അംഗീകരിക്കുന്നു.
ലോകകപ്പിന് മുമ്പ് വിപുലീകരിക്കപ്പെട്ട വിമാനത്താവളം ഉദ്ഘാടനം ചെയ്യുമെന്ന് ഖത്തര്‍ എയര്‍വേയ്സ് ഗ്രൂപ്പ് സെപ്റ്റംബറില്‍ അറിയിച്ചിരുന്നു, ഇപ്പോള്‍ വര്‍ഷത്തില്‍ 58 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന വിമാനത്താവളമാണിത്.
ഇതിന്റെ അവസാന ഘട്ട വികസനം 2023 ജനുവരിയില്‍ ആരംഭിക്കാനിരിക്കുകയാണെന്നും 2025 ന്റെ പകുതിയോടെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഖത്തര്‍ എയര്‍വേയ്സ് ഗ്രൂപ്പ് വെളിപ്പെടുത്തുന്നു. അതോടെ വര്‍ഷത്തില്‍ 70 ദശലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വിധത്തില്‍ അതിന്റെ കപ്പാസിറ്റി വര്‍ദ്ധക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.
‘അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നത് കളിയുമായി ബന്ധപ്പെട്ടാണെങ്കിലും അത് വളരെക്കാലത്തേക്ക് പ്രയോജനപ്രദമാണ് ‘,സിംബലിസ്റ്റ് പറയുന്നു.
ഇത്രയധികം പണം മുടക്കി വേള്‍ഡ് കപ്പിന്റെ ആതിഥേയരായത് കൊണ്ട് വാസ്തവത്തില്‍ ഖത്തറിന് നേട്ടം വളരെ നിസ്സാരമാണ് എന്നദ്ദേഹം പറയുന്നു. കളി ഏത് രാജ്യത്ത് നടന്നാലും വേള്‍ഡ് കപ്പുമായി ബന്ധപ്പെട്ട എല്ലാ വരുമാനവും ഫിഫക്കാണ് ലഭിക്കുക എന്നും അദ്ദേഹം സൂചിപ്പിക്കുന്നു.
‘ ടെലിവിഷന്‍, ടിക്കറ്റ്, സ്‌പോണ്‍സര്‍ഷിപ്പ് തുടങ്ങിയവക്ക് ലഭിക്കുന്ന പണം ഫിഫക്കാണ് ‘ അദ്ദേഹം പറയുന്നു. ഫിഫയുടെ സംപ്രേഷണ വരുമാനം 4.7 ബില്യണ്‍ ഡോളറാണ്. അത് ഖത്തര്‍ ടൂര്‍ണമെന്റില്‍ നിന്നുള്ളതാണ്.
സംപ്രേഷണ നടത്തിപ്പിനുള്ള ചെലവുകള്‍ 1.7 ബില്യണ്‍ ഡോളറാണ് എന്നാണ് കണക്കുകള്‍. ഇതിനര്‍ത്ഥം ‘വേള്‍ഡ് കപ്പില്‍ നിന്ന് 3 ബില്യണ്‍ ഡോളര്‍ വരുമാനമുണ്ടാക്കി ഫിഫ രാജ്യം വിടുമ്പോള്‍ ആതിഥേയ രാജ്യത്തിന് പണം നഷ്ടപ്പെടുന്നു’ എന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
FDI അഥവാ നേരിട്ടുള്ള വിദേശ നിക്ഷേപ സാധ്യതകള്‍
ദീര്‍ഘകാലാടിസ്ഥാനത്തില്‍ സാമ്പത്തിക നേട്ടത്തിനുള്ള സാധ്യതകള്‍ എന്തെങ്കിലും ഉണ്ടോ ? രാജ്യത്തെ നിക്ഷേപ പ്രോത്സാഹന ഏജന്‍സിയായ ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രൊമോഷന്‍ ഏജന്‍സി (IPA) ഫെബ്രുവരിയില്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടില്‍ പറയുന്നത് ലോകകപ്പിനെ തുടര്‍ന്നുള്ള രാജ്യത്തിന്റെ കായിക വ്യവസായ വളര്‍ച്ച ആ മേഖലയില്‍ കൂടുതല്‍ വിദേശ നിക്ഷേപങ്ങള്‍ക്ക് (FDI) വഴിയൊരുക്കും എന്നാണ്.
‘ഇവന്റ് മാനേജ്‌മെന്റ് ആന്‍ഡ് പ്രൊമോഷന്‍’, ‘കായിക മേഖലയുടെ വാണിജ്യ വല്‍ക്കരണം ‘ തുടങ്ങിയ മേഖലകളിലായി 2023 – ഓടെ സ്വകാര്യമേഖലയില്‍ 83 ല്‍ പരം വാണിജ്യ, നിക്ഷേപ അവസരങ്ങള്‍ ഉണ്ടാവും എന്നാണ് ഖത്തറിലെ വാണിജ്യ-വ്യവസായ മന്ത്രാലയം കണക്കാക്കുന്നത് എന്ന വസ്തുതയും പരിഗണിക്കേണ്ടതുണ്ട്.
എന്നിരുന്നാലും ഇന്‍വെസ്റ്റ്‌മെന്റ് മോണിറ്റര്‍ മൊത്തം FDI വിശകലനം ചെയ്തപ്പോള്‍ കഴിഞ്ഞ മൂന്ന് ലോകകപ്പുകള്‍ നടന്ന രാജ്യങ്ങളായ റഷ്യ, ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ ടൂര്‍ണമെന്റിന് ശേഷമുള്ള വര്‍ഷങ്ങളില്‍ വിദേശ നിക്ഷേപം കുറഞ്ഞു വന്നതായിട്ടാണ് കണ്ടെത്തിയത്.
ലോകകപ്പ് ആതിഥേയരായ വര്‍ഷത്തേക്കുള്ള സൂചികയായി 100 എടുത്താല്‍, 2020 ആയപ്പോഴേക്കും ആ സൂചിക ദക്ഷിണാഫ്രിക്കയില്‍ 80.47 ആയും (2010 ല്‍ ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിച്ചു), ബ്രസീലില്‍ (2014) 60 ആയും, റഷ്യയില്‍ (2018) 53.85 ആയും കുറഞ്ഞു.
‘ഒരു മെഗാ ഇവന്റ് ഹോസ്റ്റുചെയ്യുന്നത് നേരിട്ടുള്ള വിദേശ നിക്ഷേപം വര്‍ദ്ധിപ്പിക്കുമെന്നതിന് തെളിവുകളൊന്നുമില്ല,’ സിംബലിസ്റ്റ് പറഞ്ഞു.
ഖത്തറില്‍ ടൂറിസം മേഖലയില്‍ ഒരു വമ്പിച്ച കുതിച്ചു ചാട്ടമുണ്ടാകും എന്ന അഭിപ്രായത്തെയും അദ്ദേഹം സംശയാസ്പദമായിട്ടാണ് സമീപിക്കുന്നത്. 2028 ഓടെ രാജ്യം 6.24 ദശലക്ഷം വിനോദ സഞ്ചാരികളെ വരവേല്‍ക്കും എന്നാണ് ‘ദി ഖത്തര്‍ ചേമ്പര്‍’ അവകാശപ്പെടുന്നത്. അപ്പോഴേക്കും ടൂറിസത്തിന് വേണ്ടി ചെലവഴിക്കുന്ന തുക വര്‍ഷത്തില്‍ ശരാശരി 9.1 ശതമാനമായി വര്‍ദ്ധിച്ച് 28 ബില്യണ്‍ ഡോളറിലെത്തും. പക്ഷേ സിംബലിസ്റ്റ് സൂചിപ്പിക്കുന്നത് മുന്‍കാല ആതിഥേയ രാജ്യങ്ങളിലൊന്നും അത്തരത്തില്‍ സുസ്ഥിരമായ ഒരു കുതിച്ചുചാട്ടം ടൂറിസത്തില്‍ ഉണ്ടായതായി തെളിവുകളില്‍ ഇല്ലെന്നാണ്.
ലോകകപ്പിലൂടെ ഖത്തര്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു
‘ലോകകപ്പിന് ആതിഥേയത്വം വഹിച്ചതിലൂടെ ഖത്തറിന് കാര്യമായ സാമ്പത്തിക നേട്ടമൊന്നും ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല’ എന്ന് നരവംശശാസ്ത്രജ്ഞനും ഇന്‍സൈഡ് ഖത്തര്‍ എന്ന പുസ്തകത്തിന്റെ രചയിതാവുമായ ജോണ്‍ മക്മാനസ് തുറന്ന് പറയുന്നു.
എന്നിരുന്നാലും ഈയിടെ ലോകകപ്പ് ആതിഥേയത്വം വഹിച്ച മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഖത്തറിന് കൂടുതല്‍ പ്രയോജനം ഉണ്ടായിട്ടുണ്ട് എന്നദ്ദേഹം സൂചിപ്പിക്കുന്നു. അതായത് ടൂര്‍ണമെന്റ് നടത്തിപ്പിനുള്ള അവസരം ലഭിക്കുന്നതിന് മുമ്പ് തന്നെ റഷ്യ, ബ്രസീല്‍, ദക്ഷിണാഫ്രിക്ക തുടങ്ങിയവ അറിയപ്പെടുന്ന രാജ്യങ്ങള്‍ ആയിരുന്നു. എന്നാല്‍ ഖത്തര്‍ എന്ന രാജ്യം ഇതിന് മുമ്പ് അത്രക്കൊന്നും അറിയപ്പെട്ടിരുന്നില്ല എന്നാണ് അദ്ദേഹത്തിന്റെ വാദം.
‘ലോകകപ്പ് ഫുട്‌ബോളിന് ആതിഥേയത്വം നല്‍കാനുള്ള അവകാശം ലഭിക്കുന്നത് വരെ ഖത്തറിനെക്കുറിച്ച് ഒരിക്കല്‍ പോലും കേട്ടിട്ടില്ലാത്തവര്‍ ഒരുപാടുണ്ടായിരുന്നു എന്നാണ് ഞാന്‍ കരുതുന്നത് ‘, അദ്ദേഹം പറഞ്ഞു.
‘ഇത് ലോകമെമ്പാടുമുള്ള സ്ഥലങ്ങളില്‍ ധാരാളം ആളുകള്‍ താമസിക്കുന്ന സ്ഥലമാണ്. അതിലുപരിയായി ഈ രാജ്യം എവിടെയാണെന്നും എന്തൊക്കെയാണ് ചെയ്യുന്നത് എന്നും ആത്മവിശ്വാസത്തോടെ പറയാന്‍ അവര്‍ക്ക് സാധിക്കുമായിരുന്നോ എന്നതില്‍ എനിക്ക് സംശയമുണ്ട്. എന്നാല്‍ ലോകകപ്പോടെ ഖത്തര്‍ ഉണ്ടാക്കിയെടുത്ത ദൃശ്യതയുടെ അടിസ്ഥാനത്തില്‍ വിലയിരുത്തുമ്പോള്‍, തീര്‍ച്ചയായും ഒരു രാജ്യമെന്ന നിലയില്‍ തങ്ങളുടെ സ്ഥാനം ഭൂപടത്തില്‍ സ്വയം അടയാളപ്പെടുത്താന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ട് എന്ന് ഞാന്‍ കരുതുന്നു.’
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഖത്തറിനെക്കുറിച്ച് വ്യത്യസ്തമായ കാഴ്ചപ്പാടുകളാണുള്ളത്, മക് മാനസ് അടിവരയിട്ടു പറയുന്നു. ‘പാശ്ചാത്യ നാടുകളിലെ ഖത്തറിന്റെ പ്രതിച്ഛായയെ ഒരിക്കലും ആഗോളതലത്തിലുള്ള പ്രതിച്ഛായയായി കണക്കാക്കരുത്. ‘
പാശ്ചാത്യ രാജ്യങ്ങളില്‍ ലോകകപ്പിന് മുന്നോടിയായി ഖത്തറിലെ മനുഷ്യാവകാശ പ്രശ്‌നങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ പ്രചുര പ്രചാരം നേടിയപ്പോള്‍ ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ ഇത് അത്രക്കൊന്നും പ്രചരിച്ചില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ലോകത്ത് മറ്റെവിടെയും മാധ്യമങ്ങള്‍ ഈ പ്രശ്‌നങ്ങളെ ഇത്രയധികം പ്രാധാന്യത്തോടെ കൈകാര്യം ചെയ്തിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ‘
ഖത്തറിനെക്കുറിച്ച് ഒരു ലാറ്റിനമേരിക്കന്‍ നയതന്ത്രജ്ഞനുമായി താന്‍ അടുത്തിടെ നടത്തിയ സംഭാഷണം സൂചിപ്പിക്കുന്നത് ആ മേഖലയിലുള്ള രാജ്യങ്ങള്‍ക്ക് ഒരു പരിധി വരെ ഖത്തറിലെ മനുഷ്യവകാശ പ്രശ്‌നങ്ങളെക്കുറിച്ച് അറിയാമെങ്കിലും അവിടെ ഇതിനെക്കുറിച്ച് ശക്തമായൊരു അഭിപ്രായം നില നില്‍ക്കുന്നില്ല എന്നാണെന്നും അദ്ദേഹം വെളിപ്പെടുത്തി.
‘മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഖത്തറിന് ഒരു പക്ഷേ ലോകത്തിന്റെ ഇതര ഭാഗങ്ങളില്‍ കൂടുതല്‍ നേട്ടം കൈവരിക്കാന്‍ കഴിയും’, അദ്ദേഹം പറഞ്ഞു.
‘ഖത്തറിനെപ്പറ്റി വളരെയധികം അറിയാവുന്ന പശ്ചിമേഷ്യയില്‍ തീര്‍ച്ചയായും ടൂര്‍ണമെന്റ്‌റിന് ആതിഥേയത്വം വഹിക്കുന്നതിനെക്കുറിച്ചുള്ള ആളുകളുടെ പ്രതികരണങ്ങള്‍ തികച്ചും വ്യത്യസ്തമാണ്.
അതുകൊണ്ട് ലോകകപ്പിന്റെ പൈതൃകത്തെ കുറിച്ചോ അതിന്റെ അനന്തരഫലങ്ങളെക്കുറിച്ചോ സംസാരിക്കുമ്പോള്‍, അത് ആരാണ് പറയുന്നത് അല്ലെങ്കില്‍ ലോകത്തിലെ ഏത് മേഖലയില്‍ നിന്നാണ് എന്ന് കൂടി ചോദിക്കേണ്ടതുണ്ട്. ഏതെങ്കിലുമൊരു പ്രതികരണമെടുത്ത് ആഗോള തലത്തിലുള്ള ഏകപക്ഷീയമായ പ്രതികരണമായി കണക്കാക്കുന്നത് ശരിയല്ല.’
തൊഴിലാളികളുടെ ക്ഷേമം
ടൂര്‍ണമെന്റിന് ശേഷവും തൊഴിലാളികളുടെ ക്ഷേമം തുടങ്ങിയ പ്രശ്‌നങ്ങളില്‍ ഖത്തര്‍ ഗവണ്‍മെന്റ് എത്രത്തോളം ശ്രദ്ധ ചെലുത്തുന്നുണ്ട് എന്ന കാര്യം പരിശോധിക്കേണ്ടതുണ്ട്. ഇത് ഖത്തര്‍ ലോകകപ്പിന്റെ ദീര്‍ഘകാല ഫലങ്ങളില്‍ ഒന്നാണ് എന്ന് മക് മാനസ് അംഗീകരിക്കുന്നു.
‘ഇപ്പോള്‍ നമ്മള്‍ കാണുന്ന ഈ പുരോഗതി നിലനിര്‍ത്താന്‍ സാധിച്ചില്ലെങ്കില്‍, അല്ലെങ്കില്‍ ഇനിയും മുന്നോട്ട് കുതിച്ചില്ലെങ്കില്‍, അത് ശരിക്കും സങ്കടകരമായ ഒരു കാര്യം തന്നെയാണ് എന്ന് ഞാന്‍ കരുതുന്നു’ , അദ്ദേഹം പറഞ്ഞു.
2017 മുതല്‍ ഖത്തര്‍ ഗവണ്‍മെന്റ് കുറെ തൊഴില്‍ നിയമ പരിഷ്‌കരണങ്ങള്‍ നടപ്പിലാക്കി. ഈ പരിഷ്‌കരണങ്ങളില്‍ മിനിമം വേതനം, തൊഴില്‍ സാഹചര്യങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. കൂടാതെ ‘കഫാല സമ്പ്രദായം’ നിര്‍ത്തലാക്കി.
എന്നിരുന്നാലും 2021 ല്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടില്‍ ഹുമന്‍ റൈറ്റ്‌സ് വാച്ച് പറയുന്നത് കുടിയേറ്റ തൊഴിലാളികള്‍ ഇപ്പോഴും കഷ്ടപ്പെടുന്നുണ്ട് എന്നാണ്. ‘ശിക്ഷാര്‍ഹവും നിയമ വിരുദ്ധവുമായ വേതനം വെട്ടിക്കുറക്കല്‍, മാസങ്ങളോളം ശമ്പളം നല്‍കാതിരിക്കല്‍, കൂടാതെ മണിക്കൂറുകളോളമുള്ള കഠിനമായ ജോലി ‘ എന്നിവ റിപ്പോര്‍ട്ട് എടുത്തു പറയുന്നു.
ആംനസ്റ്റി ഇന്റര്‍നാഷണല്‍ പറയുന്നത് കമ്പനികള്‍ ഇപ്പോഴും തൊഴില്‍ ദാതാവിനെ മാറ്റുന്നത് തടയാന്‍ തൊഴിലാളികളുടെമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട് എന്നാണ്. ഇതിനര്‍ത്ഥം നിര്‍ബന്ധിത തൊഴില്‍ ഇപ്പോഴും ഖത്തറില്‍ നില നില്‍ക്കുന്നു എന്നാണെന്നും ആംനസ്റ്റി വാദിക്കുന്നു.
ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ചിന്റെ യു.കെ യിലെ ഡയരക്ടര്‍ യാസ്മിന്‍ അഹമ്മദ് പറഞ്ഞത് ഇപ്പോള്‍ ലോകകപ്പ് അവസാനിച്ചിരിക്കെ അവരുടെ സംഘം കൂടുതല്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരാനും അവ ശക്തമായി നടപ്പാക്കാനും ഖത്തര്‍ ഗവണ്‍മെന്റില്‍ സമ്മര്‍ദ്ദം ചെലുത്തും എന്നാണ്.
‘ഇപ്പോഴും ശമ്പളം ലഭിക്കാത്ത കുടിയേറ്റ തൊഴിലാളികള്‍ ഇവിടെ ഒരുപാടുണ്ട്. അപ്പോള്‍ ലോകകപ്പിന്റെ തിരിയണഞ്ഞാല്‍ പിന്നെ എന്തു സംഭവിക്കുമെന്ന് ആര്‍ക്കും ഊഹിക്കാവുന്നതെയുള്ളു’, അവര്‍ പറഞ്ഞു.
‘അതുകൊണ്ട് ഞങ്ങള്‍ ഖത്തറിന് മേല്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. അവര്‍ പ്രതിബദ്ധതയുള്ളവരാണെന്നും കാര്യങ്ങളെ തമ്മില്‍ കോര്‍ത്തിണക്കി വിഭവ സമ്പത്ത്, രാഷ്ട്രീയ ഇച്ഛാശക്തി എന്നിവ ഉപയോഗിച്ച് പ്രയോഗത്തില്‍ വരുത്തുമെന്നും ഉറപ്പ് വരുത്താനായി ഞങ്ങള്‍ കഠിനമായി പരിശ്രമിക്കുന്നു. അതുവഴി അവര്‍ രൂപം നല്‍കിയ പദ്ധതികളുപയോഗിച്ച് ഏറ്റവും ദരിദ്രരും, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും, ഏറ്റവും കുറഞ്ഞ വേതനം ലഭിക്കുന്നവരുമായ ഒരു വിഭാഗത്തിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിയും. ‘
’90 ശതമാനവും കുടിയേറ്റക്കാരായ ഒരു തൊഴില്‍ ശക്തിക്ക് ഇപ്പോള്‍ എന്തെങ്കിലുമൊക്കെ പുരോഗതി കൈവരിക്കാനും അതുവഴി എന്തെങ്കിലുമൊക്കെ നേടിയെടുക്കാനുമാകും എന്ന് പ്രതീക്ഷിക്കാം.’അവര്‍ പറയുന്നു.
ലേഖനത്തിന്റെ യഥാര്‍ത്ഥ രൂപം ഇവിടെ വായിക്കാം