ദോഹ: തങ്ങള്‍ക്കൊപ്പം ലോകകപ്പ് വേദിക്ക് ശ്രമിച്ച രാജ്യങ്ങള്‍ക്കെതിരെ പണം മുടക്കി ദുഷ്പ്രചാരണം നടത്തി എന്ന ആരോപണത്തെ തള്ളി ഖത്തര്‍. ബ്രിട്ടീഷ് മാധ്യമമായ സണ്‍ഡേ ടൈംസാണ് ഖത്തറിനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് പൂര്‍ണമായും തള്ളുന്നതായും വേദിക്കായുള്ള ശ്രമങ്ങളുമായി ബന്ധപ്പെട്ട് എല്ലാത്തരം അന്വേഷണവും നടന്നതാണെന്നും ഖത്തര്‍ ഭരണത്തിലെ പ്രതികരണ വിഭാഗം ഉന്നതസമിതി പ്രസ്താവനയില്‍ അറിയിച്ചു.
എല്ലാം സുതാര്യമായിരുന്നുവെന്ന് തെളിഞ്ഞതാണെന്നും വേദി തെരഞ്ഞെടുപ്പില്‍ ഫിഫയുടെ എല്ലാ ചട്ടങ്ങളും ഖത്തര്‍ കൃത്യമായി അനുസരിച്ചിരുന്നെന്നും ആരോപണം തീര്‍ത്തും അടിസ്ഥാനരഹിതമാണെന്നും പ്രസ്താവനയില്‍ പറഞ്ഞു.
അമേരിക്കയിലെ പബ്ലിക് റിലേഷന്‍സ് സ്ഥാപനത്തിനും അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സി.ഐ.എയിലെ മുന്‍ ഉദ്യോഗസ്ഥര്‍ക്കും ഖത്തര്‍ പണം നല്‍കിയെന്നായിരുന്നു ആരോപണം.
വേദി നേടിയെടുക്കാന്‍ പ്രവര്‍ത്തിച്ച ഖത്തര്‍ ദൗത്യസംഘത്തിലെ ഒരംഗത്തില്‍നിന്ന് കിട്ടിയതാണ് അട്ടിമറി വിവരങ്ങളെന്നാണ് സണ്‍ഡേ ടൈംസ് പറയുന്നത്. ലോകകപ്പ് വേദിക്കായുള്ള തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ മറ്റു രാജ്യങ്ങളിലെ മാധ്യമങ്ങളും മറ്റു പ്രചാരണ സംവിധാനങ്ങളും ഖത്തര്‍ ഉപയോഗിച്ചുവെന്നാണ് വാര്‍ത്ത.
വേദിക്കായി ശ്രമിച്ച രാജ്യങ്ങളിലെ മാധ്യമപ്രവര്‍ത്തകരെയും മറ്റുംതെരഞ്ഞുപിടിച്ച് അവരിലൂടെ അതത് രാജ്യത്തിനെതിരെ പ്രചാരണം നടത്തി. ആ രാജ്യത്തിന് ലോകകപ്പ് നടത്താനുള്ള പ്രാപ്തിയില്ലെന്ന് ജനങ്ങള്‍ക്കിടയിലും മറ്റും തോന്നലുണ്ടാക്കുകയായിരുന്നു ലക്ഷ്യം. ലോകകപ്പ് വേദി നിശ്ചയിക്കുമ്പോള്‍ ടൂര്‍ണമെന്റിനോടുള്ള രാജ്യത്തെ ജനങ്ങളുടെ താല്‍പ്പര്യം ഫിഫ കാര്യമായി പരിഗണിക്കും. ആ താല്‍പ്പര്യത്തില്‍ ഇടിവുണ്ടാക്കുകയായിരുന്നു ഖത്തറിന്റെ ലക്ഷ്യമെന്ന് പത്രം ചൂണ്ടിക്കാട്ടുന്നു.
ലേഖനങ്ങളും മറ്റും എഴുതുന്ന അമേരിക്കയിലെ ഒരു പ്രമുഖന് 9000 ഡോളര്‍ കോഴ നല്‍കി, ആ രാജ്യത്ത് ലോകകപ്പ് നടത്തുന്നത് ചെലവേറിയ ഏര്‍പ്പാടാണെന്ന് എഴുതിച്ചുവെന്നതാണ് ഒരു ആരോപണം. അമേരിക്കയിലെയും ഓസ്‌ട്രേലിയയിലെയും പ്രമുഖ മാധ്യമപ്രവര്‍ത്തകരെയും ബ്ലോഗ് എഴുത്തുകാരെയും സ്വാധീനിച്ച് അവരവരുടെ രാജ്യത്തിനെതിരെ എഴുതിച്ചു. അമേരിക്കയിലെ ഒരുകൂട്ടം കായികാധ്യാപകരെ സ്വാധീനിച്ച് അവരിലൂടെ യുഎസ് പാര്‍ലമെന്റ് അംഗങ്ങളെ കൊണ്ട് ലോകകപ്പ് പാഴ്‌ചെലവാണെന്നും ആ തുക സ്‌കൂളില്‍ സ്‌പോര്‍ട്‌സ് വളര്‍ത്താന്‍ ചെലവഴിക്കണമെന്നും പറയിപ്പിച്ചു. ഓസ്‌ട്രേലിയയിലെ റഗ്ബി വേദികളിലും മറ്റും ലോകകപ്പ് വേദിക്കായുള്ള ശ്രമത്തിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചു. റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം ആരോപണത്തെ കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തുമെന്ന് ഫിഫ വൃത്തങ്ങള്‍ അറിയിച്ചു.
നേരത്തെ ഫിഫയിലെ ഉന്നതര്‍ക്ക് കൈക്കൂലി നല്‍കിയാണ് ഖത്തറും റഷ്യയും ലോകകപ്പിന് വേദി നേടിയതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍, ഫിഫയുടെ അന്വേഷണത്തില്‍ പരാതി അടിസ്ഥാനരഹിതമെന്ന് തെളിയുകയായിരുന്നു. ലോകകപ്പിന് യോഗ്യത നേടിയതു മുതല്‍ ഖത്തറിനും റഷ്യക്കുമെതിരെ അമേരിക്കയും ബ്രിട്ടനും ചേര്‍ന്ന് കുപ്രചാരണങ്ങള്‍ അഴിച്ചുവിട്ടിരുന്നു.
യമനിലെ ഹുതി വിമതര്‍ക്കെതിരെ സൈനിക സഖ്യം രൂപീകരിക്കുന്നതില്‍നിന്നു വിട്ടുനിന്നതോടെ സൗദി അറേബ്യ ഉള്‍പ്പെടെയുള്ള അയല്‍രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ കടുത്ത ഉപരോധം അതിജീവിച്ചാണ് ലോകകപ്പിനായുള്ള ഒരുക്കങ്ങള്‍ ഖത്തര്‍ നടത്തുന്നത്.