| Wednesday, 4th July 2018, 3:30 pm

ഇനിയാണങ്കം; അവസാന എട്ടില്‍ കരുത്തരുടെ പോരാട്ടം: ക്വാര്‍ട്ടര്‍ ലൈനപ്പിങ്ങനെ

സ്പോര്‍ട്സ് ഡെസ്‌ക്

മോസ്‌കോ: ലോകകപ്പ് ഫുട്‌ബോളാരവത്തിന് ജൂണ്‍ 14ന് റഷ്യയില്‍ കിക്കോഫ് ഉയരുമ്പോള്‍ ഫുട്‌ബോള്‍ ആരാധകരുടെ മനസ്സില്‍ ചില കണക്കുകൂട്ടലും പ്രതീക്ഷകളുമുണ്ടായിരുന്നു. എന്നാല്‍ പ്രതീക്ഷകളെയും കണക്കുകൂട്ടലുകളെയും അസ്ഥാനത്താക്കിയാണ് ആദ്യ റൗണ്ടും പ്രീക്വാര്‍ട്ടറും അവസാനിച്ചത്.

നിലവിലെ ചാമ്പ്യന്‍മാരായ ജര്‍മനിയുടെ തോല്‍വിയും ആതിഥേയരായ റഷ്യ സ്‌പെയിനെ അട്ടിമറിച്ചതും റഷ്യന്‍ ലോകകപ്പിലെ അത്ഭുത കാഴ്ചയായി. ഏക ഏഷ്യന്‍ പ്രതീക്ഷയായ ജപ്പാന്റെ മിന്നും പ്രകടനവും ചെറുടീമുകളുടെ മാസ്മരിക പ്രകടനവും പുത്തന്‍ താരോദയവും ആവേശം നിറച്ചെങ്കില്‍ റൊണാള്‍ഡോ, മെസ്സി, ഇനിയേസ്റ്റ തുടങ്ങിയവരുടെ മടക്കം നിരാശയുണ്ടാക്കി.

ഇംഗ്ലണ്ട്-കൊളംബിയും തമ്മിലുള്ള അവസാന പ്രീ ക്വാര്‍ട്ടര്‍ പൂര്‍ത്തിയായതോടെ ഇനി ശേഷിക്കുന്നത് എട്ട് ടീമുകളാണ്. ഫ്രാന്‍സ്, ഉറുഗ്വ, റഷ്യ, ക്രൊയേഷ്യ, ബ്രസീല്‍, ബെല്‍ജിയം, സ്വീഡന്‍, ഇംഗ്ലണ്ട് എന്നീ ടീമുകളാണ് അവസാന എട്ടില്‍ ഇടം നേടിയിരിക്കുന്നത്. യൂറോപ്പിലെയും ലാറ്റിനമേരിക്കയിലേയും കരുത്തര്‍. ഇവരില്‍ നിന്ന് പുതിയൊരു ചാമ്പ്യന്‍ ഉയര്‍ന്നുവരുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

നിസ്നി നോവ്ഗൊരോഡ് സ്റ്റേഡിയത്തില്‍ ജൂലൈ ആറിന് വെള്ളിയാഴ്ച അര്‍ജന്റീനയെ തോല്‍പ്പിച്ചെത്തിയ ഫ്രാന്‍സും പോര്‍ച്ചുഗലിനെ തോല്‍പ്പിച്ചെത്തിയ ഉറുഗ്വയും തമ്മിലുള്ള മത്സരത്തോടെയാണ് ക്വാര്‍ട്ടര്‍ ഫിക്സ്ചര്‍ ആരംഭിക്കുന്നത്. 7.30, 11.30 തന്നെയാണ് മത്സരങ്ങളുടെ സമയം.

ഇതേ ദിവസം 11.30നുള്ള രണ്ടാം മത്സരത്തില്‍ മെക്സിക്കോയെ തോല്‍പ്പിച്ച ബ്രസീലും ലോകകപ്പിലെ ഏറ്റവും മികച്ച തിരിച്ചുവരവുകളിലൊന്നില്‍ ജപ്പാനെ കീഴടക്കിയ ബെല്‍ജിയവും തമ്മില്‍ മാറ്റുരയ്ക്കും. ടൂര്‍ണമെന്റിലെ ഏറ്റവും വാശിയേറിയ മത്സരമാകും എന്നാണ് ആരാധകര്‍ ഇപ്പോള്‍ തന്നെ ഈ മത്സരത്തെ പ്രതീക്ഷിക്കുന്നത്.

ജൂലൈ ഏഴിന് ശനിയാഴ്ചയാണ് രണ്ടാം ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍. ആദ്യ മത്സരത്തില്‍ സ്വിറ്റ്സര്‍ലന്‍ഡിനെതിരേ ജയിച്ച സ്വീഡനും കൊളംബിയയെ തോല്‍പ്പിച്ച ഇംഗ്ലണ്ടും ശക്തി പരീക്ഷിക്കുമ്പോള്‍ അവസാന ക്വാര്‍ട്ടര്‍ ഫൈനലില്‍ ആതിഥേയരായ റഷ്യ ക്രൊയേഷ്യയെ നേരിടും. ഫേവറൈറ്റുകളായ സ്പെയിനെ പെനാല്‍റ്റിയില്‍ തോല്‍പ്പിച്ചാണ് റഷ്യ അവസാന എട്ടില്‍ പോരിനിറങ്ങുന്നത്. അതേസമയം, പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഡെന്‍മാര്‍ക്കിനെ തോല്‍പ്പിച്ചാണ് ക്രൊയേഷ്യ എത്തുന്നത്.

ക്വാര്‍ട്ടര്‍ ഫൈനലില്‍ ജയിക്കുന്നവര്‍ ജൂലൈ പത്തിന് ചൊവ്വാഴ്ചയും 11 ബുധനാഴ്ചയും നടക്കുന്ന സെമി ഫൈനലിലെത്തും. ജൂലൈ 15ന് ലുസ്നിക്ക് സ്റ്റേഡിയത്തിലാണ് പുതിയ ചാമ്പ്യന്മാരെ നിര്‍ണ്ണയിക്കുന്ന കലാശപ്പോരാട്ടം.

We use cookies to give you the best possible experience. Learn more